സ്വർണത്തിന് കടുത്ത നിയന്ത്രണങ്ങൾ വരുമോ? നിർണായക നീക്കവുമായി ധന മന്ത്രാലയം, ബാങ്കുകളോട് വിവരങ്ങൾ തേടി
ബാങ്കുകളോട് സ്വർണ വായ്പകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ തേടി ധനമന്ത്രാലയം. 2023 മുതൽ നൽകിയ ഗോൾഡ് മെറ്റൽ ലോണുകളുടെയും സ്വർണം ഈട് നൽകിയെടുത്ത വായ്പകളുടെയും വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതിന് പിന്നാലെയുള്ള ധനമന്ത്രാലയത്തിൻ്റെ ഈ നീക്കം കൂടുതൽ കടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുമോയെന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ധനകാര്യ സേവന വകുപ്പ് സ്വർണ ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. വായ്പയുടെ മൂല്യം, അളവ്, ഉപഭോക്താക്കളുടെ എണ്ണം, അന്താരാഷ്ട്ര സ്വർണ വിതരണക്കാർ, ഈടായി സ്വീകരിച്ച സ്വർണത്തിന്റെ വിവരങ്ങൾ, വായ്പാ പോർട്ട്ഫോളിയോയുടെ വലുപ്പം, വായ്പയെടുത്തവരുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയ്ക്കകം വിവരങ്ങൾ സമർപ്പിക്കണമെന്നാണ് നിർദേശം. ചില ബാങ്കുകൾ മാസം തിരിച്ചുള്ള കണക്കുകളും കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ബിൽ 24 ശതമാനം ഉയർന്ന് 71.9 ബില്യൺ ഡോളർ എന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു. ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ അളവ് മുൻവർഷത്തെ അപേക്ഷിച്ച് 721 ടണ്ണായി കുറഞ്ഞെങ്കിലും ചെലവ് വൻതോതിൽ വർധിച്ചു. ഇതാണ് കേന്ദ്രസർക്കാരിന്റെ ശ്രദ്ധ വീണ്ടും സ്വർണ്ണ ഇറക്കുമതിയിലേക്ക് തിരിയാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ആഭരണ വ്യാപാരികൾക്ക് സ്വർണം ലഭ്യമാക്കുന്നതിൽ ഗോൾഡ് മെറ്റൽ ലോണുകൾക്ക് പ്രധാന പങ്കുണ്ട്. ബാങ്കുകൾ അന്താരാഷ്ട്ര വായ്പാ സ്ഥാപനങ്ങളിൽ നിന്ന് സ്വർണം കടം വാങ്ങുകയോ വിദേശ ബാങ്കുകളിൽ നിന്ന് കൺസൈൻമെന്റ് മോഡലിൽ സ്വർണം സമാഹരിക്കുകയോയാണ് ചെയ്യുക. തുടർന്ന് ഈ സ്വർണം ആഭരണ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും വായ്പയായി നൽകും.
സ്വർണ ഇറക്കുമതി തീരുവ വീണ്ടും 15 ശതമാനമാക്കി ഉയർത്തിയ സാഹചര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകാമെന്ന സൂചനകൾ ബാങ്കിങ് മേഖലയിലുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ സ്വർണ ആവശ്യകത താരതമ്യേന കുറവായതിനാൽ പുതിയ നയങ്ങൾ പരിശോധിക്കാൻ അനുയോജ്യമായ സമയമാണിതെന്നും ബാങ്കിങ് രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.
റിസർവ് ബാങ്കും അടുത്തിടെ ബാങ്കുകളോട് നിലവിലെ സാമ്പത്തിക വർഷത്തെ ഗോൾഡ് മെറ്റൽ ലോൺ എക്സ്പോഷർ കണക്കാക്കാൻ ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിന് മുമ്പാണ് ആർബിഐ ഈ വിവരശേഖരണം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.
1998-ലാണ് ഇന്ത്യയിൽ ഗോൾഡ് മെറ്റൽ ലോൺ സംവിധാനം ആരംഭിച്ചത്. ആദ്യം കയറ്റുമതിക്കാർക്കായി മാത്രമായിരുന്ന ഈ സംവിധാനം പിന്നീട് ആഭരണ നിർമ്മാതാക്കൾക്കും വ്യാപിപ്പിച്ചു. 2013-ൽ ഒരു മാസത്തേക്ക് ഈ വായ്പാ സംവിധാനം താൽക്കാലികമായി നിർത്തിവെച്ച അനുഭവവും രാജ്യത്തിനുണ്ട്.
സ്വർണ ഇറക്കുമതി കുറയ്ക്കാൻ വ്യവസായ രംഗത്തുനിന്നും നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നുവരുന്നത്. വിദേശത്ത് നിന്ന് ശുദ്ധീകരിച്ച സ്വർണക്കട്ടികൾ ഇറക്കുമതി ചെയ്യുന്നതിനുപകരം 'ഡോർ' (Dore) എന്നറിയപ്പെടുന്ന അസംസ്കൃത സ്വർണ്ണം ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ റിഫൈനറികളിൽ ശുദ്ധീകരിക്കണമെന്നാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഇത്തരത്തിൽ ശുദ്ധീകരിച്ച സ്വർണം പിന്നീട് ഗോൾഡ് മെറ്റൽ ലോണുകളായി നൽകാമെന്നും നിർദ്ദേശമുണ്ട്.
ഇപ്പോഴത്തെ വിവരശേഖരണം പതിവ് നിരീക്ഷണത്തിന്റെ ഭാഗമാണോ, അതോ സ്വർണ മേഖലയെ ബാധിക്കുന്ന പുതിയ നിയന്ത്രണങ്ങൾക്ക് മുന്നോടിയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. എന്നിരുന്നാലും, രാജ്യത്തിന്റെ വർധിച്ചുവരുന്ന സ്വർണ്ണ ഇറക്കുമതി ബിലും വിദേശനാണ്യ ചെലവും കണക്കിലെടുക്കുമ്പോൾ സ്വർണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന നയപ്രഖ്യാപനങ്ങൾ വരും മാസങ്ങളിൽ ഉണ്ടാകുമെന്ന വിലയിരുത്തലാണ് സാമ്പത്തിക രംഗത്തുള്ളവരുടേത്.












Click it and Unblock the Notifications