സ്വര്‍ണം ഊറ്റിയെടുക്കുന്നു; നിലമ്പൂര്‍ വനത്തില്‍ അരിച്ചെടുക്കല്‍, ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കണ്ടത്
മലപ്പുറം: നിലമ്പൂര്‍ വന മേഖലയില്‍ സ്വര്‍ണം ഖനനം നടത്തിയവരെ പോലീസ് പിടികൂടി. ഏഴ് പേരാണ് മണലില്‍ നിന്ന് സ്വര്‍ണം അരിച്ചെടുത്തിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല്‍ അരിച്ചെടുക്കുകയായിരുന്നു ഇവര്‍.
നിലമ്പൂരിലെ പല പ്രദേശത്തും സ്വര്‍ണം ഭൂമിക്കടയിലുണ്ട്. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പണ്ട് മുതലേ സ്വര്‍ണം അരിച്ചെടുക്കുന്ന രീതി ഇവിടെയുള്ളവര്‍ക്കുണ്ട്. ഏറെ നേരം ശ്രമിച്ചാല്‍ മാത്രമാണ് അല്‍പ്പം സ്വര്‍ണം കിട്ടുക. സ്വര്‍ണവില വന്‍തോതില്‍ കൂടിയ സാഹചര്യത്തിലാണ് വീണ്ടും സ്വര്‍ണ ഖനനം സജീവമായത്.

വനംവകുപ്പ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് സ്വര്‍ണം അരിച്ചെടുത്തവരെ പിടിക്കാന്‍ സഹായിച്ചത്. ആയിരവല്ലിക്കാവ് ഭാഗത്തെ ആമക്കയത്തായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. മണല്‍ എടുത്ത് വെള്ളത്തിലിട്ട് ഏറെ സമയം അരിച്ചാലാണ് സ്വര്‍ണത്തിന്റെ അംശങ്ങള്‍ കിട്ടുക. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരത്തില്‍ സ്വര്‍ണം കിട്ടുന്നത്. എന്നാല്‍ മൂല്യം കൂടിയതിനാല്‍ ചെറിയ തരി കിട്ടാന്‍ പോലും പലരും ശ്രമിക്കുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ എത്തിയ വേളയലും ഏഴ് പേര്‍ സ്വര്‍ണം അരിച്ചെടുക്കുന്ന ജോലിയിലായിരുന്നു. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ റസാഖ്, ജാബിര്‍, അലവിക്കുട്ടി, അഷ്‌റഫ്, സക്കീര്‍, ശമീം, സുന്ദരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മേഖലയില്‍ നിയമവിരുദ്ധമാണ് സ്വര്‍ണ ഖനനം. മറ്റു ജോലികള്‍ ഇല്ലാത്തതിനാലാണ് സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ചത് എന്ന് സംഘം പറയുന്നു. ഇവര്‍ക്ക് സ്വര്‍ണം കിട്ടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നിലമ്പൂരിലെ സ്വര്‍ണ ശേഖരത്തെ കുറിച്ച്
ബ്രിട്ടീഷുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ദൗത്യമാണ് നിലമ്പൂരിലെ സ്വര്‍ണ ഖനനം. പ്രതീക്ഷിച്ച പോലെ സ്വര്‍ണം കണ്ടെത്താന്‍ സാധിക്കാത്തതും കാലാവസ്ഥ പ്രതികൂലമായതുമാണ് ബ്രിട്ടീഷുകാരെ പിന്തിരിപ്പിച്ചത്. എങ്കിലും നാട്ടുകാര്‍ സ്വര്‍ണം അരിച്ചെടുത്തിരുന്നു. പ്രളയവും ദുരന്തങ്ങളും ഭൂമിയുടെ ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മേഖലയില്‍ സ്വര്‍ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനര്‍ മിനറല്‍ ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. നേരിട്ട് ഖനനം ചെയ്യാവുന്ന സ്വര്‍ണവും മണ്ണില്‍ അലിഞ്ഞ സ്വര്‍ണവുമാണ് ഇവിടെയുള്ളതത്രെ. മരുത പ്രദേശത്താണ് കൂടുതല്‍. പുഴകളില്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന രീതിയില്‍ സ്വര്‍ണമുണ്ടെന്നും മനസിലാക്കുന്നു.
പുഴയില്‍ നിന്ന് മണ്ണും മണലും കോരിയെടുത്ത് അരിച്ചാണ് സ്വര്‍ണം കണ്ടെത്തിയിരുന്നത്. സ്വര്‍ണ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. കോടികളുടെ നിക്ഷേപം ആവശ്യമായി വരും. നിലമ്പൂരില്‍ ഖനനത്തിലൂടെ സ്വര്‍ണം എടുക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെയാണ് നാട്ടുകാരുടെ അരിച്ചെടുക്കല്‍ സാഹസം.












Click it and Unblock the Notifications