60000 രൂപയ്ക്ക് ഒരു പവന്‍ കിട്ടും; എങ്കിലും ഈ സ്വര്‍ണം പണിയാകും, കാത്തിരിക്കുന്നത് 4 ചതിക്കുഴികള്‍
കൊച്ചി: സ്വര്‍ണവില കുതിച്ചു കയറുന്ന വേളയില്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. എങ്ങനെ ആഭരണം വാങ്ങുമെന്നാണ് അവരുടെ ചോദ്യം. ഒരു പവന്‍ സ്വര്‍ണത്തിന് 94360 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. കേരളത്തില്‍ ഓരോ ദിവസവും ജ്വല്ലറി വ്യാപാരികള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് 22 കാരറ്റിന്റെ വിലയാണ്.
എന്നാല്‍ വില കൂടി വരുന്നതോടെ വിവാഹ ആവശ്യത്തിന് പോലും താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണം ചോദിച്ച് വരുന്നവരുണ്ട് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അടുത്ത കാലത്താണ് കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയത്. കേരളത്തില്‍ പ്രചാരമുള്ള താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങള്‍ 18, 14, 9 എന്നിവയാണ്. എന്നാല്‍ ഇവ വാങ്ങുന്നവര്‍ അറിയേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്.

ഏത് കാരറ്റിലുള്ള സ്വര്‍ണവും ഹാള്‍മാര്‍ക്കിങ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. കേരളമാണ് ഈ നിബന്ധന ആദ്യമായി പാലിച്ച സംസ്ഥാനം. സ്വര്‍ണത്തിന്റെ ഇടപാടുകള്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ സര്‍ക്കാരിനെ സഹായിക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്. മാത്രമല്ല, സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവുമെല്ലാം അറിയാന്‍ ഉപഭോക്താവിനെയും ഇത് സഹായിക്കും. മൊത്തത്തില്‍ സുതാര്യതയാണ് ലക്ഷ്യം.
താഴ്ന്ന കാരറ്റ് സ്വര്‍ണവില
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 9700 രൂപയാണ്. ഒരു പവന്‍ വാങ്ങുമ്പോള്‍ 77600 രൂപയാകും. 14 കാരറ്റ് ഗ്രാമിന് 7500 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ വാങ്ങുമ്പോള്‍ 60000 രൂപ നല്‍കണം. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4865 രൂപയാണ് ഇന്നത്തെ വില. പവന്‍ വാങ്ങുമ്പോള്‍ 38920 രൂപയാണ് നല്‍കേണ്ടത്. വില കുറയുമെങ്കിലും ഈ സ്വര്‍ണത്തിന് പിന്നില്‍ ചില കെണികളുണ്ട്.
18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം, 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണം. 9 കാരറ്റില്‍ 37 ശതമാനമാണ് സ്വര്‍ണം. ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ ചേര്‍ത്താണ് ഇത്തരം ആഭരണങ്ങള്‍ നിര്‍മിക്കുക. അതായത്, 22 കാരറ്റില്‍ അടങ്ങിയിരിക്കുന്ന അത്രയും സ്വര്‍ണം മറ്റു കാരറ്റുകളില്‍ ഉണ്ടാകില്ല എന്ന് ആദ്യം മനസിലാക്കണം.
ഈ 4 കാര്യങ്ങള്‍ അറിയണം
ഇത്തരം ആഭരണങ്ങള്‍ക്ക് മാറ്റ് കുറയുമെന്നതാണ് പ്രധാന കാര്യം. ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ അംശം കൂടുന്നതിനാല്‍ തിളക്കം കുറയാന്‍ സാധ്യതയുണ്ട്. മാത്രമല്ല, പണിക്കൂലി കൂടുതലാണ് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 22 കാരറ്റിലുള്ള ആഭരണങ്ങളേക്കാള്‍ കൂടുതല്‍ പണിക്കൂലി നല്‍കേണ്ടി വന്നേക്കും. വലിയ അളവിലുള്ള ആഭരണങ്ങള്‍ ലഭിക്കുകയുമില്ല.
ഡെയ്‌ലി വെയര്‍ ആഭരണങ്ങളാണ് കുറഞ്ഞ കാരറ്റില്‍ കൂടുതലുള്ളത്. വലിയ അളവിലുള്ള ആഭരണങ്ങള്‍ ലഭിക്കണം എങ്കില്‍ പ്രത്യേകം പറഞ്ഞ് നിര്‍മിക്കണം. അതിന് ഉയര്‍ന്ന പണിക്കൂലിയും വേണ്ടി വരും. കുറഞ്ഞ കാരറ്റില്‍ ആഭരണം മാത്രമേ ലഭിക്കുകയുള്ളൂ. കോയിന്‍ കിട്ടുകയില്ല. സാമ്പത്തിക പ്രയാസം നേരിടുമ്പോള്‍ വില്‍ക്കുകയല്ലാതെ വഴിയില്ല. പണയം വച്ച് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാന്‍ ഇത്തരം ആഭരണങ്ങള്‍ സ്വീകരിക്കില്ല. അതിന് 22 കാരറ്റിലുള്ള ആഭരണങ്ങളും കോയിനും മാത്രമാണ് ഈടാക്കുക.












Click it and Unblock the Notifications