സ്വര്‍ണം എന്തുകൊണ്ട് പിങ്ക് കടലാസില്‍ പൊതിയുന്നു; രണ്ട് കാരണമുണ്ട്, ആഭരണം ചെറിയ കളിയല്ല
സ്വര്‍ണം വാങ്ങാത്തവര്‍ അപൂര്‍വമാണ്. അല്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് കാണാത്തവര്‍ ഉണ്ടാകില്ല. ജ്വല്ലറിയില്‍ എത്തി സ്വര്‍ണം വാങ്ങിയാല്‍ ലഭിക്കുന്നത് പിങ്ക് നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞാരിക്കും. ഇന്നുവരെ ഈ നിറത്തില്‍ അല്ലാതെ മറ്റൊരു കടലാസില്‍ പൊതിഞ്ഞ് ആഭരണം ആര്‍ക്കും ലഭിച്ചിട്ടില്ല. അതിന് പിന്നില്‍ പ്രധാനപ്പെട്ട രണ്ടു കാരണങ്ങളുണ്ട്.
അതിനിടയില്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം, ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ഒരു പവന് 2000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1.16 ലക്ഷത്തോട് അടുക്കുകയാണ്. വെള്ളിയാഴ്ച വലിയ തോതില്‍ കുറഞ്ഞ ശേഷം ശനിയാഴ്ച്ച കുതിച്ചു കയറുകയായിരുന്നു. ഇനി സ്വര്‍ണാഭരണം പൊതിയുന്ന പിങ്ക് നിറത്തിലുള്ള കടലാസിനെ പറ്റി അറിയാം...

സ്വര്‍ണം ഏറ്റവും തിളക്കമേറിയതായി തോന്നുക പിങ്ക് നിറത്തിലുള്ള കടലാസില്‍ വയ്ക്കുമ്പോഴാണ്. മറ്റു നിറങ്ങളില്‍ സ്വര്‍ണത്തിന് ഇത്രയും തിളക്കം കിട്ടില്ല എന്നതു തന്നെ പ്രധാനപ്പെട്ട കാര്യം. പിങ്ക് പേപ്പറുകളില്‍ ആസിഡിന്റെ അംശം കുറവാണ് എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ സ്വര്‍ണം, വെള്ളി പോലുള്ള ലോഹങ്ങള്‍ ശോഭ മങ്ങാതെ തിളങ്ങി നില്‍ക്കും.
സാധാരണ പേപ്പറുകളില്‍ സള്‍ഫറിന്റെ അംശം ഉണ്ടാകാം. വായു സമ്പര്‍ക്കം വരുമ്പോള്‍ സ്വര്‍ണത്തിന്റെ തിളക്കം കുറയാന്‍ ഇത് കാരണമാകും. ഒരുപക്ഷേ, ഏറെ കാലം ഇരിക്കുമ്പോള്‍ കറുപ്പ് നിറം വര്‍ധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആസിഡിന്റെ അംശമില്ലാത്ത പിങ്ക് കടലാസില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്വര്‍ണാഭരണം തിളക്കത്തോടെ ഉണ്ടാകും.
വിശ്വാസപരമായ കാരണങ്ങളുമുണ്ട്
ആഭരണം ജ്വല്ലറിക്കര്‍ നേരിട്ട് പാക്ക് ചെയ്ത് കൈമാറുന്ന പതിവില്ല. ഏതെങ്കിലും കടലാസില്‍ പൊതിഞ്ഞ ശേഷം പാക്ക് ചെയ്യുകയാണ് രീതി. മറ്റു കടലാസുകളില്‍ സ്വര്‍ണം പൊതിഞ്ഞാല്‍ പിങ്ക് നിറത്തിന്റെ തിളക്കം കിട്ടില്ല. ആഭരണം വിലപ്പെട്ടതായി തോന്നണം എങ്കില്‍ കൂടുതല്‍ തിളക്കം ആവശ്യമാണ്. മൂല്യം എല്ലാ കാലത്തും തോന്നണം എന്ന ഉദ്ദേശവും പിങ്ക് നിറത്തിലുള്ള കടലാസില്‍ പൊതിയുന്നതിന് പിന്നിലുണ്ട്.
സ്വര്‍ണാഭരണം പൊതിയുന്ന പിങ്ക് കടലാസ് വളരെ കനം കുറഞ്ഞ ടിഷ്യു പേപ്പറുകളാണ്. ആഭരണങ്ങള്‍ ഉരസി പോറല്‍ ഏല്‍ക്കുന്നത് തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കൂടാതെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പിങ്ക് കടലാസ്. ഇതിനെല്ലാം പുറമെ ചില വിശ്വാപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്.
പിങ്ക് നിറം ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റെയും പ്രതീകമായി കാണുന്നവരുണ്ട്. സന്തോഷ വേളയില്‍ നെഗറ്റീവ് എനര്‍ജിയെ അകറ്റാന്‍ പിങ്ക് നിറം ഉപയോഗിക്കാമെന്ന് പറയുന്നവരുമുണ്ട്. മറ്റു കടലാസുകളില്‍ സ്വര്‍ണം പൊതിയുന്നത് ദോഷകരമായി കരുതുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ശാസ്ത്രീയവും വിശ്വാസപരവുമായ കാരണങ്ങളാണ് പിങ്ക് കടലാസിന് പിന്നിലുള്ളത്.












Click it and Unblock the Notifications