സ്വർണം വാങ്ങാനാണോ? ഇക്കാര്യം അറിഞ്ഞിരിക്കാം..എന്നാൽ ദുഃഖിക്കേണ്ടി വരില്ല
സ്വർണ വിലയുടെ കുതിപ്പിന് ഒരു അറുതിയില്ലേ? ചോദ്യം സാധാരണക്കാരുടേതാണ്. എത്ര രൂപ കൊടുത്താലാണ് ഒരു തരി പൊന്നണിയാൻ സാധിക്കുകയെന്ന ആശങ്കയാണ് പലരും പങ്കുവെയ്ക്കുന്നത്. വെള്ളിയാഴ്ച 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 69,960 രൂപയാണ് രേഖപ്പെടുത്തിയത്. എന്നുവെച്ച് ഇത്രയും തുക മാത്രം പോര ഒരു പവൻ കൈയ്യിൽ കിട്ടാൻ. ഈ തുകയ്ക്കൊപ്പം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടി യും ഇതുകൂടാതെ ഹാൾമാർക്ക് തുക കൂടി നൽകണം. 5 ശതമാനം എന്നത് മിനിമം പണിക്കൂലിയാണ്. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് ഈ തുകയിൽ മാറ്റം വരും. അങ്ങനെയെങ്കിൽ ഇന്നത്തെ നിരക്കിൽ 5 പവൻ സ്വർണം വാങ്ങണമെങ്കിൽ എത്ര തുക നൽകേണ്ടി വരും? വിശദമായി തന്നെ അറിയാം
ഒരു പവൻ വാങ്ങാൻ അഞ്ച് ശതമാനമാണ് പണിക്കൂലിയെന്ന് കരുതുക, ഇത് 3498 രൂപ വരും. ജി എസ് ടി 3 ശതമാനമാണ്, 2,203.74 രൂപ. ഹാൾ മാർക്ക് ചാർജ് 45 രൂപയാണ്, ഇതിന്റെ ജി എസ് ടിയും ചേർത്ത് 53.10 രൂപ വരും. അതായത് എല്ലാം ചേർത്ത് 75,706.74 രൂപ.

ഇതേ മിനിമം പണിക്കൂലിയാണെങ്കിൽ 5 പവൻ സ്വർണം 3,78,580 രൂപ നൽകേണ്ടി വരും. ഇനി വിവാഹ ആവശ്യങ്ങൾക്കുള്ള കൂടിയ ഡിസൈനുകളാണ് വാങ്ങുന്നതെങ്കിൽ 20 ശതമാനമാനമെങ്കിലും പണിക്കൂലി നൽകേണ്ടി വരും. അപ്പോൾ പിന്നെ വില വീണ്ടും ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം വരും ദിവസങ്ങളിലും സ്വർണ വില വലിയ തോതിൽ ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് -ചൈന വ്യാപാരയുദ്ധമാണ് ഇപ്പോഴത്തെ വിലക്കുതിപ്പിലേക്ക് നയിച്ച പ്രധാന കാരണം. മറ്റ് രാജ്യങ്ങൾക്ക് മേൽ പകരചുങ്കം ഏർപ്പെടുത്തിയ നടപടി യുഎസ് മരവിപ്പിക്കുകയും ചൈനയ്ക്ക് മേൽ നികുതി ഉയർത്തുകയുമാണ് യുഎസ് ചെയ്തത്. 125 ശതമാനം നികുതിയാണ് യുഎസ് ഏർപ്പെടുത്തിയത്. ഇതോടെ വിപണിയിൽ ആശങ്ക ശക്തമാകുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്തതാണ് വില ഉയർന്നത്. അതേസമയം യു എസിന് അതേനാണയത്തിൽ ഇന്ന് ചൈന മറുപടി നൽകിയിട്ടുണ്ട്. ഏപ്രിൽ 12 മുതൽ 125 ശതമാനം ഇറക്കുമതി തീരുവ യുഎസ് നിന്നും ഈടാക്കുമെന്നാണ് ചൈന വ്യക്തമാക്കിയത്. വ്യാപാര യുദ്ധം ആളികത്തുന്നതോടെ സ്വർണത്തിന് ഇനിയും വില ഉയർന്നേക്കും. അങ്ങനെയെങ്കിൽ സ്വർണ വില കേരളത്തിൽ പവന് 80,000 തൊട്ടാലും അത്ഭുതപ്പെടാനില്ല.












Click it and Unblock the Notifications