സ്വർണ വില 1 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് ഇടിയാൻ പോകുന്നത് 8000 രൂപ വരെ;പുതിയ പ്രവചനം
2025 ലെ പ്രവചനങ്ങൾ ശരിവെച്ച് കൊണ്ടായിരുന്ന ഈ വർഷം തുടക്കത്തിലെ സ്വർണത്തിൻ്റെ കുതിപ്പ്. ഫെബ്രുവരിയോടെ ചരിത്രത്തിൽ ആദ്യമായി സ്വർണം ഏറ്റവും ഉയർന്ന റെക്കോഡ് തൊട്ടു, ഔണ്‍സിന് 5500 ഡോളറാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു പവന് 1.33 ലക്ഷം രൂപ വരെ ഉയർന്നു. തുടർന്നും സ്വർണം കുതിക്കുമെന്നും ഈ വർഷം അവസാനത്തോടെ വില 2 ലക്ഷം തൊടുമെന്നും ഇതോടെ പ്രവചനങ്ങൾ വന്നു.
എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി സ്വർണം താഴേക്ക് പതിച്ചു. താരിഫ് യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ലോകത്തിൻ്റെ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതും അതുമൂലം ക്രൂഡ് ഓയിൽ വില ഉയർന്നതുമെല്ലാമാണ് സ്വർണ വിലയെ സ്വാധീനിച്ചത്.

എന്തായാലും സ്വർണം ഇനിയും താഴേക്ക് തന്നെ പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇനിയൊരു കുതിപ്പിന് മുൻപ് വിലയിൽ 6-8 ശതമാനത്തിൻ്റെ വരെ ഇടിവുണ്ടാകുമെന്നാണ് സ്വർണം കൂടുതൽ ഇടിയുമെന്ന് സാമ്പത്തിക സ്ഥാപനമായ മോത്തിലാലൽ ഒസ്വാൾ പ്രവചിക്കുന്നു.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വല ഔണ്‍സിന് 4100 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇവിടെ വിന്ന് 8 ശതമാനം വരെ വിലയിടിഞ്ഞതിന് ശേഷം( അതായത് ഇപ്പോഴത്തെ നിരക്ക് വെച്ച് കണക്കാക്കുമ്പോൾ 3,841 ഡോളർ വരെ) ഏകദേളം 12-15 മാസം കൊണ്ട് വില കുതിക്കും. ആദ്യം 4800 ഡോളർ വരേയും അതുകഴിഞ്ഞ് 5500 ഡോളറിലേക്കും വില ഉയരും എന്നാണ് മോത്തിലാൽ ഒസ്വാൾ പ്രവചനം.
പശ്ചിമേഷ്യയിൽ സമാധാനം സാധ്യമായില്ലെങ്കിൽ..
ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം ആകുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരേയും സമാധാനപരമായ ചർച്ചകളിലേക്ക് കടന്നിട്ടില്ല. ഇത് നിക്ഷേപകരുടെ ആശങ്ക ഉയർത്തുന്നുണ്ട്. മാത്രമല്ല ഇതിനിടയിൽ ഹൂതികൾ നടത്തുന്ന ആക്രമണവും നിക്ഷേപകരുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
ഹോർമുസ് പൂർണമായും തുറക്കുമെന്നാണ് യു.എസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പാത തുറന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൂർണമായൊരു വെടിനിർത്തൽ കരാറിലേക്ക് പോകാതെയാണ് ഇത്തരമൊരു നീക്കം എന്നത് ശ്രദ്ധേയമാണ്. യു.എസ് നടപടി ഇറാനുമായുള്ള ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഇറാന് കൂടുതൽ അധികാരവും നിയന്ത്രണവും നൽകുന്ന തരത്തിലായിരിക്കും ഇടക്കാല കരാർ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങിനെയൊരു കരാർ സാധ്യമായാൽ സ്വാഭാവികമായും സംഘർഷത്തിന് അയവ് വരും. ഇത് വീണ്ടും ക്രൂഡ് വില ഇടിയുകയും സ്വർണത്തിൻ്റെ കുതിപ്പിന് വഴിയൊരുക്കുകയും ചെയ്യും.
പലിശ നിരക്ക് കൂട്ടിയാൽ സ്വർണത്തിന് തിരിച്ചടി
ഇന്ന് വരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കിലേക്കാണ് ഇനി നിക്ഷേപകരുടെ നോട്ടം. തൊഴിൽ കണക്കുകൾ കുറഞ്ഞാൽ അടുത്ത മാസം യുഎസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാകും. പലിശ നിരക്ക് ഉയർത്തിയാൽ ഡോളറിൻ്റെ മൂല്യം കൂടുന്ന സാഹചര്യം ഉണ്ടാകും. സ്വാഭാവികമായും സർക്കാർ ബോണ്ടുകളിലേക്കും കടപത്രങ്ങളിലേക്കും നിക്ഷേപകർ തിരിയും, പലിശ ലഭിക്കാതെ സ്വർണത്തെ കൈവിടും. ഡിമാൻ്റ് കുറയുന്നതോടെ വില കൂപ്പുകുത്തും.
പവന് എത്രയാകും?
കേരളത്തിൽ നിലവിൽ ഒരു പവൻ സ്വർണത്തിന് 1.06 ലക്ഷം രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 3,841 ഡോളർ വരെ വില ഇടിഞ്ഞാൽ കേരളത്തിലും സ്വർണം താഴേക്ക് പോകും. വില 1 ലക്ഷത്തിന് താഴേക്ക് പോകും. എന്നാൽ 80,000 വരെ വില ഇടിഞ്ഞേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.


Click it and Unblock the Notifications