'സ്വര്‍ണവില കുത്തനെ ഇടിയില്ല; 85 ശതമാനം തുക കൈയ്യില്‍ കിട്ടും, പണയം വയ്ക്കുന്നതല്ലേ നല്ലത്'
സ്വര്‍ണം പണയം വെക്കുന്നതാണോ വില്‍ക്കുന്നതാണോ നല്ലത്? മിക്കവര്‍ക്കും ആശയക്കുഴപ്പമുള്ള കാര്യമാണിത്. മുമ്പ് സ്വര്‍ണപ്പണയം നല്‍കുന്ന സ്ഥാപനങ്ങള്‍ കൊടുത്തിരുന്ന പരസ്യം, വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ട് എന്തുകാര്യം പണയം വെച്ച് ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചൂടെ എന്നായിരുന്നു. എന്നാല്‍ സമീപകാലത്ത് സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത് എന്ന പരസ്യമാണ് സജീവമായിട്ടുള്ളത്.
അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വര്‍ണം പണയം വെക്കുന്നതാണ് വില്‍ക്കുന്നതിനേക്കാള്‍ നല്ലത് എന്ന് പിഇ മത്തായി പറയുന്നു. മുത്തൂറ്റ് എംക്രെഡ് സിഇഒ ആയ ഇദ്ദേഹം മനോരമ കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്വര്‍ണം ഈടുവയ്ക്കുമ്പോള്‍ 85 ശതമാനം വരെ തുക കിട്ടുമെന്നും അദ്ദേഹം നേട്ടമായി എടുത്തു പറയുന്നു. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിനാല്‍ സ്വര്‍ണവില കുത്തനെ ഇടിയില്ല എന്നും മത്തായി വ്യക്തമാക്കി.

സ്വര്‍ണം വില്‍ക്കുന്നതും പണയം വെക്കുന്നതും വ്യക്തികളുടെ ആവശ്യം അടിസ്ഥാനമാക്കിയാണ്. രണ്ട് കാര്യത്തിലും നേട്ടവും കോട്ടവും കാണുന്നവരുണ്ട്. വിറ്റുപോയാല്‍ സ്വര്‍ണം നഷ്ടമായില്ലേ തിരിച്ചുകിട്ടുമോ എന്നാണ് പ്രധാന ചോദ്യം. എന്നാല്‍ പണമുണ്ടാകുന്ന വേളയില്‍ സ്വര്‍ണം ഇനിയും വാങ്ങാമെന്ന ആശ്വാസമാണ് ഈ ചോദ്യത്തെ എതിര്‍ക്കുന്നവര്‍ പങ്കുവെക്കുക.
ചെറിയ തുക ആവശ്യമുള്ളവര്‍ പണയം വെക്കുന്നത് പ്രതിസന്ധിയാകില്ല. തിരിച്ചടയ്ക്കാന്‍ വരുമാനമുണ്ട് എന്ന് വായ്പ എടുക്കുന്നവര്‍ക്ക് ഉറപ്പ് വേണം. ചിലര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ പാരമ്പര്യമായി കിട്ടിയതാകും. അത്തരം സ്വര്‍ണത്തോട് വൈകാരിക അടുപ്പമുണ്ടാകും. അവര്‍ക്ക് വായ്പ എടുത്ത തുക തിരിച്ചടയ്ക്കുന്നതോടെ സ്വര്‍ണം വീണ്ടും കൈയ്യിലെത്തുമെന്ന് ആശ്വസിക്കാം.
അതേസമയം, പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കുമ്പോള്‍ പലിശ അടയ്‌ക്കേണ്ടി വരും. കൃത്യമായ തിരിച്ചടവ് നടന്നില്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണം ലേലം ചെയ്യും. തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളവര്‍ മാത്രമേ വായ്പ എടുക്കാവൂ. അല്ലാത്തവര്‍ വില്‍ക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെടുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. വലിയ തുകയാണ് അടിയന്തര ആവശ്യമുള്ളത് എന്നുണ്ടെങ്കിലും വില്‍ക്കുന്നതാണ് നല്ലത്.
സ്വര്‍ണം വില്‍ക്കുന്നതിലൂടെ കടബാധ്യത പൂര്‍ണമായും ഒഴിയാം. തിരിച്ചടവ് ആശങ്കയും ഉണ്ടാകില്ല. എന്നാല്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എല്ലാ സ്വര്‍ണവും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പയ്ക്ക് പണയമായി സ്വീകരിക്കില്ല. 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമാണ് സ്വീകരിക്കുക. 24 കാരറ്റോ 18, 14, 9 കാരറ്റ് സ്വര്‍ണങ്ങളോ ഈടായി സ്വീകരിക്കില്ല എന്നതും പ്രത്യേകം മനസിലാക്കണം.
(Disclaimer: സ്വര്‍ണം വില്‍ക്കാനോ പണയം വെക്കാനോ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമല്ല ഈ ആര്‍ട്ടിക്കിളിന് ഉള്ളത്. പകരം വ്യത്യസ്ത വശങ്ങള്‍ വായനക്കാരെ അറിയിക്കുക മാത്രമാണ്.)


Click it and Unblock the Notifications
