'പണയത്തിലിരിക്കുന്ന സ്വര്‍ണം വില്‍ക്കാനുണ്ട്', തട്ടിപ്പിന്റെ പുതിയ രീതികൾ, വെളിപ്പെടുത്തി ജ്വല്ലറി ഉടമ
സ്വർണത്തിന് ഇന്ന് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഒരു പവൻ സ്വർണത്തിന് തന്നെയുണ്ട് ഒരു ലക്ഷത്തിന് മുകളിൽ വില. അതുകൊണ്ട് തന്നെ സ്വർണത്തിന്റെ പേരിലുളള തട്ടിപ്പുകളും ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്ന് പറയുകയാണ് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ്. ഇതുവരെ കേൾക്കാത്ത രീതിയിലുളള തട്ടിപ്പുകളാണ് ഈ മേഖലയിൽ നടക്കുന്നത്.
''സ്വര്‍ണവില വളരെയധികം വര്‍ധിച്ചിരിക്കുകയും ആളുകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ തട്ടിപ്പുകാര്‍ പുതിയ മേഖലകളിലേക്ക് ചേക്കേറുകയാണ്. പണയത്തിലിരിക്കുന്ന സ്വര്‍ണം വില്‍ക്കാനുണ്ട് എന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരുണ്ട്. നമ്മളൊക്കെ ആ ബിസിനസ്സ് ചെയ്യുന്ന ആള്‍ക്കാരാണ്.
നമ്മളെ വിളിച്ചിട്ട് ഇന്ന ബാങ്കില്‍ ഇത്ര രൂപയ്ക്കുളള സ്വര്‍ണം ഉണ്ട്, പൈസയുമായി വരണം എന്ന് പറയുന്നു. ചിലര്‍ പറയും, ബാങ്കിലെ ആളെ പരിചയമുണ്ട്, നിങ്ങള്‍ പുറത്ത് നിന്നാല്‍ മതി ഞാന്‍ സ്വര്‍ണം എടുത്ത് കൊണ്ട് വരാം എന്ന് പറയുന്നു. എന്നിട്ട് പണവുമായി അകത്തേക്ക് പോകും.

നമ്മള്‍ നോക്കുമ്പോള്‍ ബാങ്കിലെ മാനേജരുമായി സംസാരിക്കുന്നത് കാണാം. പക്ഷേ അവര്‍ ചോദിക്കുന്നത് അവിടെ ഉളള സ്ലിപ്പ് പൂരിപ്പിക്കാനോ മറ്റോ ആയിരിക്കും. എന്നിട്ട് ബാങ്കിലെ മറ്റൊരു വാതിലിലൂടെ പണവുമായി പോകും, ഇങ്ങനെയുളള സാഹചര്യങ്ങളുണ്ട്. സംസാരിച്ച് വശത്താക്കി, വിശ്വാസ്യത ഉണ്ടാക്കിയ ശേഷമാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.
അംഗീകൃതമല്ലാത്ത ചില ചെറുകിട ബാങ്കുകളിലെ ആളുകളുമായി ചേര്‍ന്ന് കൊണ്ട് പോലും തട്ടിപ്പ് നടത്തുന്നുണ്ട്. അവിടെ പണയം വെച്ചതാണെന്ന് പറഞ്ഞ് മുക്കുപണ്ടം എടുത്ത് കൊടുത്ത് പോലും കബളിപ്പിക്കുന്നു. അങ്ങനെ ഒരുപാട് പ്രതിസന്ധികള്‍ ഈ മേഖല നേരിടുന്നുണ്ട്. എന്നാലും ഇതിനെയൊക്കെ അതിജീവിച്ച് കൊണ്ട് സ്വര്‍ണവ്യാപാരികള്‍ ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോവുകയാണ്.
വ്യാപാരികള്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നമുണ്ട്. ഒരുപാട് ആളുകള്‍ സ്വര്‍ണം വില്‍ക്കാനായിട്ട് വരും. 50-60 ശതമാനം ആളുകളും നമുക്ക് ഏതെങ്കിലും തരത്തില്‍ പരിചയം ഉളളവരായിരിക്കും. പരിചയമുണ്ടെന്നോ, ആരെങ്കിലും പറഞ്ഞ് വിട്ടതാണെന്നോ പറഞ്ഞ് വന്നിട്ട് നമ്മളാ സ്വര്‍ണം കൂടിയ വിലയ്ക്ക് എടുക്കുന്നു. ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞ് പോലീസ് വരുമ്പോഴാണ് നമ്മള്‍ മനസ്സിലാക്കുന്നത് അത് കള്ളന്മാരാണ് എന്ന്.
ഈയടുത്ത് ഉണ്ടായ ഒരു സംഭവം, വീട് പണി നടക്കുമ്പോള്‍ മുറ്റത്ത് കല്ല് പാകാനായി വന്ന രണ്ടാളുകള്‍, റേറ്റ് ഓകെ ആകാത്തത് കൊണ്ട് അവര്‍ക്ക് വര്‍ക്ക് കൊടുത്തിരുന്നില്ല, ഒന്നുരണ്ട് തവണ വരികയും സ്വര്‍ണം വില്‍ക്കുകയും ചെയ്തു. അതിന് ശേഷം അവരെയും കൊണ്ട് പോലീസ് വന്നപ്പോഴാണ് മനസ്സിലായത് അവര്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് മദ്യപിച്ചപ്പോള്‍, കൂടെ ഉളള ആളുടെ സ്വര്‍ണം ഊരിയെടുത്ത് ആ മാലയാണ് വില്‍ക്കാന്‍ കൊണ്ട് വന്നത് എന്നാണ്''.


Click it and Unblock the Notifications
