സ്വര്‍ണവില 2000 രൂപ കുറഞ്ഞു; വേഗം ജ്വല്ലറിയിലേക്ക് വിട്ടോ... ഇനിയും നിരക്ക് മാറുമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുറവ്. ഇന്ന് രണ്ടാം തവണയാണ് വില കുറഞ്ഞിരിക്കുന്നത്. രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറച്ചിരിക്കുകയാണ് വ്യാപാരികള്‍. ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചുകൊണ്ട് പ്രഖ്യാപനം വന്ന പിന്നാലെയാണ് കേരള വിപണിയിലും വില കുറഞ്ഞിരിക്കുന്നത്.
വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറഞ്ഞേക്കും. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം. വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങള്‍ എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല ദിനമാണ് ഇനി വരുന്നത് എന്ന് പറയാം. ഇന്ന് തന്നെ സ്വര്‍ണം വാങ്ങുന്നതാകും നല്ലത്. ആഗോള വില നിലവാരത്തിന് അനുസരിച്ച് വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വന്നേക്കും. പുതിയ സ്വര്‍ണവില സംബന്ധിച്ച് വിശദീകരിക്കാം....

എല്ലാ ദിവസവും രാവിലെയാണ് സ്വര്‍ണ വ്യാപാരികള്‍ വില തീരുമാനിക്കുക. അന്താരാഷ്ട്ര വിപണിയിലെ വില ഉള്‍പ്പെടെ പരിഗണിച്ചാണ് ഇക്കാര്യത്തില്‍ വ്യാപാരികള്‍ പട്ടിക തയ്യാറാക്കുക. ലണ്ടന്‍ വിപണിയിലെ ഔണ്‍സ് വില, രൂപയുടെ മൂല്യം, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവയാണ് പ്രതിദിന വില നിര്‍ണയിക്കുമ്പോള്‍ വ്യാപാരികള്‍ പരിഗണിക്കുന്നത്. ഇതുപ്രകാരം ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു.
പവന് 53960 രൂപ, ഗ്രാമിന് 6745 രൂപ എന്നിങ്ങനെയായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയും പവന് 51960 രൂപയുമാണ് ഏറ്റവും പുതിയ വില. പവന് 2000 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയിട്ടുള്ളത്.
ബജറ്റ് നിര്‍ദേശത്തിന്റെ സമ്പൂര്‍ണ വിവരം ലഭിക്കുന്ന മുറയ്ക്ക് ഇനിയും വിലയില്‍ മാറ്റം വരും. നിലവില്‍ 250 രൂപയാണ് ഗ്രാമിന് കുറച്ചിരിക്കുന്നതെന്നും വൈകീട്ട് വില നിര്‍ണയ സമിതി വീണ്ടും യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുമെന്നും ജ്വല്ലറി വ്യാപാര സംഘടന അറിയിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണം എന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം പരിഗണിച്ചാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇതോടെ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പേര്‍ ആഭരണ വിപണിയിലേക്ക് എത്തും. അതാകട്ടെ, രാജ്യത്തെ ജ്വല്ലറി വ്യാപാര മേഖല ശക്തിപ്പെടാന്‍ സഹായിക്കും. ജ്വല്ലറി ആഭരണങ്ങളുടെ കയറ്റുമതി വര്‍ധിക്കാനും ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
എക്‌സൈസ് നികുതി, സെസ് എന്നിവ ഉള്‍പ്പെടെ 15 ശമതാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ് ഇതുവരെ സ്വര്‍ണത്തിന് ഈടാക്കിയിരുന്നത്. ജിഎസ്ടിയില്‍ മാറ്റം വന്നിട്ടില്ല. അതേസമയം, അടിസ്ഥാന എക്‌സൈസ് നികുതി 10ല്‍ നിന്ന് 5 ശതമാനമായും സെസ് 5ല്‍ നിന്ന് ഒരു ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ആറ് ശതമാനം എക്‌സൈസ് നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ് സ്വര്‍ണത്തിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications