സ്വർണം വീണു! പ്രവചനത്തിൽ വൻ തിരുത്ത്..വാങ്ങാൻ നിൽക്കുന്നവർ അറിയാൻ!
സ്വർണവിലയിലെ പ്രവചനം തിരുത്തി അനലിസ്റ്റ് ബോബ് ബ്രാക്കറ്റ്. സ്വർണത്തിന് വലിയ കുതിപ്പിന് സാധ്യതയില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതേസമയം വില മുകളിലേക്ക് തന്നെ പോകുമെന്നും ബ്രാക്കറ്റ് ആവർത്തിച്ചു. യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തുന്നത് പോലുള്ള നടപടികൾ സ്വർണവിപണിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷത്തിൻ്റെ തുടക്കത്തിൽ സ്വർണവിലയിൽ വലിയ വർധനവായിരുന്നു രേഖപ്പെടുത്തിയത്. പ്രവചനങ്ങളെല്ലാം ശരിവെച്ച് ഫെബ്രുവരിയിൽ തന്നെ സ്വർണം റെക്കോഡ് ഭേദിച്ചു. ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണവില ഔണ്സിന് 5500 ഡോളർ കടന്നു. ഇതോടെ ഈ വർഷം അവസാനം സ്വർണം 6000 ഡോളർ വളരെ എളുപ്പത്തിൽ മറികടക്കുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ യുഎസ്-ഇറാൻ സംഘർഷത്തോടെ സ്വർണവിലയിലെ പ്രവചനങ്ങൾ പാളി.സ്വർണത്തിൻ്റെ വലിയ ഇടിവിനാണ് വിപണി സാക്ഷ്യം വഹിച്ചത്.

സാധാരണ യുദ്ധ സാഹചര്യങ്ങളിൽ സ്വർണം കുതിക്കുകയാണ് പതിവ്. എന്നാൽ ലോകത്തിലെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുകയറ്റവുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ സ്വർണവിലയിൽ ഏകദേശം 20 ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണം നിലവിൽ ഔണ്സിന് 4300 ഡോളർ പരിസരത്താണ് വ്യാപാരം നടത്തുന്നത്.
പ്രതിസന്ധി കനത്താൽ സ്വർണം ഇനിയും ഇടിഞ്ഞേക്കുമെന്നുള്ള പ്രവചനങ്ങളാണ് ചിലർ നടത്തുന്നത്. അതേസമയം സ്വർണം ഉയരാനുള്ള സാധ്യതയാണ് അനലിസ്റ്റ് ആയ ബോബ് ബ്രായ്ക്കറ്റ് പങ്കുവെയ്ക്കുന്നത്. എന്നിരുന്നാലും വലിയൊരു കുതിപ്പിനുള്ള സാധ്യത അദ്ദേഹം തള്ളി. 2030 ഓടെ സ്വർണം 5600 ഡോളർ തൊടുമെന്നാണ് അദ്ദേഹത്തിൻ്റെ പുതിയ പ്രവചനം. നേരത്തേ 6100 ഡോളറിലേക്ക് വില ഉയരാനുള്ള സാധ്യതയായിരുന്നു അദ്ദേഹം പ്രവചിച്ചത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത സ്വർണക്കുതിപ്പിന് കൂച്ചുവിലങ്ങിടുമെന്നാണ് പ്രവചനം.
ഈ വർഷം വീണ്ടും പലിശ നിരക്ക് കൂട്ടിയേക്കുമെന്ന് ഫെഡ് റിസർവ് സൂചന നൽകുന്നുണ്ട്. ഇതുകൂടാതെ 2027 ലും രണ്ടോ മൂന്നോ നിരക്ക് വർധന സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറുന്നത്. അതേസമയം കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകളും സ്വർണത്തിന് കരുത്തേകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണശേഖരം ഉയർത്തിക്കൊണ്ടിരിക്കുകയാണ് രാജ്യങ്ങൾ. ഡോളറിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട രാജ്യങ്ങൾ ഡോളറിനെ ഉപേക്ഷിച്ച് സ്വർണം കൂടുതൽ ശേഖരിക്കുകയാണ്. ചൈനയൊക്കെ കൂടുതൽ സ്വർണം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും അവരുടെ ശേഖരത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് സ്വർണം. സൌദി ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും വളരെ കുറവ് സ്വർണ ശേഖരമുള്ളവരാണ്.
അതേസമയം കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് കുറക്കുന്നത് മഞ്ഞലോഹത്തിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് പണപ്പെരുപ്പ ഭീതി ശക്തമാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്ന് നിൽക്കുകയാണ്. ഇത് വീണ്ടും നിരക്ക് ഉയർത്താനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനുള്ള പിന്തുണയിൽ വലിയ ഇടിവ് സംഭവിക്കും. ഇത് സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സ്വർണത്തിൻ്റെ പെരുമയ്ക്ക് കോട്ടം തട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണം ഇടിഞ്ഞാൽ കേരളത്തിലെ വിലയിലും ഇത് പ്രതിഫലിക്കും. ഈ വർഷം അവസാനത്തോടെ സ്വർണം 6000 ഡോളർ കടക്കുമെന്ന് പ്രവചിച്ചിടത്താണ് ഇപ്പോൾ നാല് വർഷം കൊണ്ട് 5600 ഡോളർ എന്ന തരത്തിലുള്ള പ്രവചനങ്ങൾ വരുന്നത്. അതായത് സ്വർണം പവന് ഒന്നര ലക്ഷം കടക്കാൻ ഇനിയും ഏറെ നാൾ വേണ്ടിവരുമെന്നാണ് ഇത്തരം പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications
