സ്വര്‍ണവില കുത്തനെ കുറയും, ഇക്കാര്യം സംഭവിച്ചാല്‍ മാത്രം; മുമ്പ് 2 തവണ സ്വര്‍ണം വന്‍ വീഴ്ച നേരിട്ടു
സ്വര്‍ണവില ഒരു ലക്ഷം കടന്നിരിക്കെ, ജ്വല്ലറി വ്യാപാരികള്‍ നേരിടുന്ന പ്രധാന ചോദ്യമാണ് സ്വര്‍ണവില കുറയുമോ എന്നത്. നിക്ഷേപകരെ സംബന്ധിച്ച് സ്വര്‍ണവില കൂടുന്നതാണ് ഇഷ്ടമെങ്കിലും ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വില കുറയണം എന്നതാണ് ആഗ്രഹം. ഈ വേളയിലാണ് അടിക്കടി വില കൂടി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയില്ല.
സ്വര്‍ണവില ഉയരാനുള്ള പല കാരണങ്ങളും വിപണിയില്‍ പ്രകടമാണ്. എന്നാല്‍ വില കുറയാനുള്ള സാധ്യതകള്‍ വളരെ വിരളവുമാണ്. എങ്കിലും മുമ്പ് വലിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില മൂക്കുകുത്തി വീണ ചരിത്രമുണ്ട്. ഒന്നല്ല, രണ്ടുതവണ. അതുകൊണ്ടുതന്നെ വില കൂടി ലക്ഷങ്ങള്‍ കടന്നുപോകുമെന്ന് കരുതാന്‍ വയ്യ. വീഴാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ വില കുത്തനെ കുറയണം എങ്കില്‍ ഒരു പ്രധാന മാറ്റം സംഭവിക്കണം. അതാണെങ്കില്‍ അത്ര എളുപ്പവുമല്ല.

20 വര്‍ഷത്തിനിടെ വലിയ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിച്ചിരിക്കുന്നത്. 2005ല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 5000 രൂപയായിരുന്നു വില. 2026 തുടങ്ങിയപ്പോള്‍ 102000 രൂപയും. ഏകദേശം 97000 രൂപയില്‍ അധികമാണ് രണ്ട് പതിറ്റാണ്ടിനിടെ ഉയര്‍ന്നത്. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില തീരുമാനിക്കുക.
ഓരോ രാജ്യങ്ങളും ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ധനമായി കാണാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണവില വന്‍തോതില്‍ കുതിച്ചത്. കേന്ദ്ര ബാങ്കുകള്‍ മുഖേന എല്ലാ രാജ്യങ്ങളും സ്വര്‍ണം ശേഖരിക്കുന്നുണ്ട്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നതോടെ ഇനിയും വില കൂടും. വലിയ തോതിലാണ് ഓരോ രാജ്യങ്ങളും വാങ്ങിക്കൂട്ടുന്നത്. എന്നാല്‍ വില കൂടി എത്ര വരെ പോകുമെന്ന് പ്രവചിക്കാന്‍ വയ്യ.
സ്വര്‍ണവില കുറയുമോ എന്ന് ചോദിച്ചാല്‍...
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കാന്‍ വയ്യ എന്ന് നിക്ഷേപ രംഗത്തെ വിദഗ്ധ ഉത്തര രാമകൃഷ്ണന്‍ പറയുന്നു. വ്യക്തികള്‍ക്ക് മൊത്തം നിക്ഷേപത്തില്‍ പരമാവധി 20 ശതമാനം വരെ സ്വര്‍ണത്തിലേക്ക് മാറ്റിവയ്ക്കാമെന്നാണ് അവരുടെ അഭിപ്രായം. സ്വര്‍ണവില ഏറിക്കുറഞ്ഞ് ഉയരാന്‍ തന്നെയാണ് സാധ്യത എന്നും അവര്‍ പറയുന്നു.
രാജ്യാന്തര തലത്തില്‍ സ്വര്‍ണവില മൂക്കുകുത്തി വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1980കളില്‍ 800 ഡോളറില്‍ നിന്ന് 250ലേക്ക് ഇടിഞ്ഞിരുന്നു. അന്ന് വലിയ തകര്‍ച്ചയാണ് സ്വര്‍ണം നേരിട്ടത്. 2011ലും സമാനമായ ഇടിവ് സ്വര്‍ണം നേരിട്ടു. 1900 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം 1100ലേക്ക് ഇടിയുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യമായ മാറ്റം പ്രതിഫലിച്ചില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് അതിന് കാരണം.
2000ത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 43 രൂപയായിരുന്നു. ഇപ്പോള്‍ 91 ആയിട്ടുണ്ട്. വലിയ ഇടിവാണ് ഇക്കാലയളവില്‍ രൂപ നേരിട്ടത്. രൂപ കുതിച്ചുകയറിയാല്‍ സ്വര്‍ണവില മൂക്കുകുത്തി വീഴും. അത് ഇന്ത്യയില്‍ സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് വലിയ നേട്ടമാകുകയും ചെയ്യും. എന്നാല്‍ രൂപയുടെ മൂല്യം ഉയരുക എന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളി നിറഞ്ഞതാണ്. രൂപ കുതിച്ചാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയാല്‍ പോലും ഇന്ത്യയില്‍ വില കുറയുന്ന സാഹചര്യമാകുമെന്ന് ഉത്തര രാമകൃഷ്ണന്‍ പറയുന്നു.












Click it and Unblock the Notifications