സ്വര്‍ണം റോക്കറ്റ് പോലെ; വെള്ളി വിലയും പറക്കുന്നു, ഈ 4 കാര്യങ്ങള്‍ നടന്നാല്‍ പവന്‍ വില കുറയും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വച്ചടി കയറുകയാണ്. ഓരോ ദിവസവും പവന്‍ വില കുതിക്കുമ്പോള്‍ വിവാഹങ്ങള്‍ നിശ്ചയിച്ച വീട്ടുകാര്‍ക്കാണ് ആധി. സ്വര്‍ണം ഒഴിവാക്കി ഒരു ആഘോഷവും മലയാളിക്കില്ല. എത്ര വില കൂടിയാലും തരിമ്പ് സ്വര്‍ണമെങ്കിലും ഉണ്ടെങ്കിലേ ആഘോഷം പൂര്‍ത്തിയാകൂ എന്നാണ് മലയാളി മസസ്. സ്വര്‍ണം ഒഴിവാക്കിയുള്ള ആഘോഷങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ശക്തമാണ്.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 66480 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8310 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6825 രൂപയുമായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വന്‍കുതിപ്പാണ്. 3052 ഡോളറാണ് പുതിയ വില. ഇനി സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടോ എന്നാണ് മിക്ക ജ്വല്ലറികളിലും ആളുകള്‍ അന്വേഷിക്കുന്നത്. വില കുറയണം എങ്കില്‍ നാല് കാര്യങ്ങള്‍ സംഭവിക്കണം....

ഡോളര്‍ സൂചിക 103.42 എന്ന നിരക്കിലാണ്. ഡോളര്‍ കരുത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. നേരത്തെ 110 വരെ സൂചിക ഉയര്‍ന്നിരുന്നു. മാത്രമല്ല, ഇന്ത്യന്‍ രൂപയും കരുത്ത് കൂട്ടണം. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 86.26 ആണ്. രൂപ പതിയെ ശക്തി തിരിച്ചുപിടിക്കുന്നുണ്ട്. രൂപയും ഡോളറും കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും.
ആഗോള വിപണി സാഹചര്യം മെച്ചപ്പെട്ടാല്‍ സ്വര്‍ണവില കുറയും. യുക്രൈന്‍, പശ്ചിമേഷ്യ യുദ്ധങ്ങള്‍ അവസാനിക്കണം. നിക്ഷേപ സൗഹൃദമായ അന്തരീക്ഷം വരണം. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്‍വാങ്ങി വലിയ ലാഭകരമായ നിക്ഷേപങ്ങളില്‍ പണം മുടക്കും. ഇതോടെ സ്വര്‍ണത്തിന് ആളില്ലാതെ വരികയും വില കുറയുകയും ചെയ്യും.
സ്വര്‍ണവില ഉയര്‍ന്ന് ഒരു പരിധിയില്‍ എത്തിയാല്‍ ലാഭം കൊയ്യല്‍ നടക്കും. വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കാനും ലാഭമെടക്കാനും ആരംഭിച്ചാല്‍ സ്വര്‍ണവില കുറയും. അപ്പോഴും ഭീതിയായി നില്‍ക്കുന്നത് അമേരിക്കയുടെ പുതിയ സാമ്പത്തിക-വ്യാപാര നയങ്ങളാണ്. ട്രംപിന്റെ തീരുമാനങ്ങള്‍ അപ്രതീക്ഷിതമായതിനാല്‍ നാളെ വിപിണിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പ്രയാസമാണ്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ടു തവണ പലിശ നിരക്ക് കുറയ്ക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ബാങ്ക് പലിശ കുറച്ചാല്‍ സ്വര്‍ണവില കൂടും. അതേസമയം, വില കൂടി വരുന്ന സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ആലോചിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം വില്‍ക്കുമ്പോള്‍ നഷ്ടമാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ വിലയില്‍ രണ്ട് ശതമാനം കുറയ്ക്കുകയും ചെയ്യും.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ സ്വര്‍ണത്തിന് പുറമെ മേല്‍പ്പറഞ്ഞ ചെലവുകള്‍ കൂടി വരും. വില്‍ക്കുന്ന വേളയില്‍ സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും കിട്ടില്ല. മാര്‍ക്കറ്റ് വില കിട്ടണം എങ്കില്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങി സൂക്ഷിക്കണം. ആവശ്യമുള്ളപ്പോള്‍ വിറ്റ് പണമാക്കാം. 22 കാരറ്റ് ആഭരണങ്ങളില്‍ വരുന്ന നഷ്ടം 24 കാരറ്റ് തങ്കം വില്‍ക്കുമ്പോള്‍ ഉണ്ടാകില്ല. ഇന്ന് കേരളത്തില്‍ വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയക്ക് 112 രൂപയാണ് പുതിയ വില.












Click it and Unblock the Notifications