സ്വർണം ഇപ്പോള്‍ തന്നെ വാങ്ങിക്കോ? ഒരു വർഷം കഴിഞ്ഞാല്‍ ഒരു ലക്ഷത്തിന് വില്‍ക്കാം, വർധനവ് തുടരും
കൊച്ചി: റെക്കോർഡ് വർധനവിന് ശേഷം ആശ്വാസമായി സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവുണ്ടായിരിക്കുകയാണ്. ഒരു പവന്‍ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്റെ വില 58520 രൂപയിലേക്ക് താഴ്ന്നു. നിക്ഷേപകർ ലാഭം എടുക്കാന്‍ തുടങ്ങിയതോടെയാണ് വിലയില്‍ ചെറിയതോതിലെങ്കിലും ഇടിവുണ്ടായിരിക്കുന്നത്. നിലവില്‍ അല്‍പം കുറഞ്ഞെങ്കിലും വീണ്ടും വില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ സ്വർണ വിലയില്‍ 30 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ലെ ദീപാവലി സമയത്ത് 48200 രൂപയോളമായിരുന്നു ഒരു പവന്‍ സ്വർണത്തിന്റെ വില. ഇന്നത്തെ നിരക്കുമായി താരതമ്യപ്പെടുമ്പോള്‍ ഏകദേശം പതിനായിരത്തോളം രൂപയുടെ കുറവ്. 2024-ൽ മാത്രം ആഭ്യന്തര സ്വർണ വില 23 ശതമാനത്തിലധികം വളർന്നു. സെൻസെക്‌സ് ഈ വർഷം ഏകദേശം 11% മാത്രം നേട്ടം രേഖപ്പെടുത്തിപ്പോഴാണ് ഈ സ്വർണത്തിന്റെ ഈ അത്ഭുതകരമായ വളർച്ച.

ഈ രീതിയില്‍ സ്വർണ വില മുന്നോട്ട് പോകുകയാണെങ്കില്‍ ദീപാവലിയോടെ പവന് 64000 എന്ന നിരക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആഗോള ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. ഇതോടെ വില വീണ്ടും മുന്നോട്ട് കുതിക്കും.
നിലവിലെ സാഹചര്യത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നത് ഗുണകരമാണെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. നിങ്ങളുടെ നിക്ഷേപത്തില്‍ പത്ത് മുതല്‍ 12 ശതമാനം വരെ നിക്ഷേപത്തിലായിരിക്കുന്നത് നല്ലതായിരിക്കും. സ്വർണ്ണ ഇടിഎഫുകളിലോ സോവറിൻ ഗോൾഡ് ബോണ്ടുകളിലോ ഭൗതിക സ്വർണ്ണത്തിലോ, ഡിജിറ്റില്‍ ഗോള്‍ഡിലോ നിക്ഷേപിക്കുന്നത് പരിഗണിക്കാം. ഭൗതിക സ്വർണ്ണം എന്ന് പറയുമ്പോള്‍ ആഭരണങ്ങള്‍ വാങ്ങിക്കുന്നത് മികച്ച തീരുമാനമായിരിക്കില്ല. സ്വർണ കട്ടികളോ, നാണയങ്ങളോ ആയിരിക്കണം വാങ്ങിക്കേണ്ടത്.
നിക്ഷേപകർക്ക് സുരക്ഷിതത്വവും ന്യായമായ വരുമാനവും നൽകാനുള്ള ശേഷി കാരണം ദീർഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തര സ്വർണ വില ഇരട്ടിയായെങ്കില്‍ രണ്ട് പതിറ്റാണ്ടിനിടയിലെ കണക്ക് എടുക്കുകയാണെങ്കില്‍ ഇക്കാലയളവില്‍ പത്ത് ഇരട്ടിയോളമാണ് വിലയിലുണ്ടായിരിക്കുന്ന വർധനവ്.
സ്വർണവിലയിലെ നിലവിലെ വർധനവ് അതേീരിതിയില്‍ തുടരുകയാണെങ്കില്‍ അടുത്ത വർഷത്തെ ദീപാവലിക്ക് രാജ്യത്തെ സ്വർണ വില 10 ഗ്രാമിന് 103000 രൂപയിലെത്തുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. അതായത് പത്ത് ഗ്രാം സ്വർണം ഇപ്പോള്‍ വാങ്ങിയാല്‍ ഒരു കൊല്ലം കഴിയുമ്പോള്‍ ഒരു ലക്ഷത്തിന് വില്‍ക്കാം. കേരള വിപണിയില്‍ പവന് 82400 രൂപയിലേക്ക് എത്തും. ആ സാഹചര്യത്തില്‍ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി എസ് ടിയുമൊക്കെ ചേർത്ത് 88000 രൂപയോളം നല്‍കേണ്ടി വരും.












Click it and Unblock the Notifications