സ്വർണം ഇനി കിട്ടാതാകുമോ? ഇന്നും റെക്കോർഡ് വില വർധനവ്, ഉടന്‍ പവന് 60400 രൂപയിലേക്ക്
ഇടക്ക് ചില ഇടിവുകള്‍ രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടുള്ള കുതിപ്പാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടത്തുന്നത്. സെപ്റ്റംബർ മാസത്തില്‍ പല തവണയായി പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ച സ്വർണ വില ഇന്ന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് വില പുതിയ ഉയരം തൊട്ടത്. പവന് 56880 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 10 രൂപ വർധിച്ച് 7110 രൂപയുമായി. സ്വർണ വിലയിലെ ഈ വർധനവ് സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് കനത്ത തിരിച്ചടി നല്‍കുന്നതാണ്.

മാസത്തിന്റെ തുടക്കത്തില്‍ ആശ്വാസമെന്നോണം ഒരു പവന്‍ സ്വർണത്തിന്റെ വില 240 രൂപയോളം കുറഞ്ഞിരുന്നു. അന്ന് 56400 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. എന്നാല്‍ ഇന്നലെ ഞെട്ടിച്ചുകൊണ്ട് പവന് 400 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെയാണ് വിപണി വില 56800 ലേക്ക് എത്തുന്നത്.
സെപ്തംബർ മാസത്തിന്റെ തുടക്കത്തില്‍ 53560 രൂപ എന്ന നിരക്കിലുണ്ടായിരുന്ന സ്വർണ വിലയാണ് ഒരു മാസം കൊണ്ട് ഈ നിലയിലേക്ക് ഉയർന്നത്. സെപ്തംബർ 3,4,5 തിയതികളിലായി രേഖപ്പെടുത്തിയ പവന് 53360 രൂപ എന്നതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് വലിയ തോതില്‍ സ്വർണ വില ഉയരാന്‍ തുടങ്ങിയത്. സെപ്തംബർ 27 ന് രേഖപ്പെടുത്തിയ 56800 ആയിരുന്നു ആ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.
ഇതുവരേയുള്ള കണക്കുകള്‍ പ്രകാരം ഈ വർഷം ഇതുവരെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനവാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഈ വർഷം അവസാനത്തോടെ സ്വർണവില വീണ്ടും പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കും.
ആഗോള ഏജന്‍സിയായ ഫിച്ചിന്റെ പ്രവചന പ്രകാരം ഈ വർഷം അവസാനം സ്വർണ വില ഗ്രാമിന് 7550 രൂപ എന്ന നിരക്കിലേക്ക് എത്തും. അതായത് പവന് 60400 രൂപയിലേക്ക്. അങ്ങനെയെങ്കില്‍ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി എസ് ടിയും ഹോള്‍മാർക്കിങ് ചാർജും അടക്കം 65000 രൂപയെങ്കിലും നല്‍കേണ്ടി വരും.
വിവിധ കാരണങ്ങളാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഇറാന്‍-ഇസ്രായേല്‍ സംഘർഷ സാഹചര്യവും സ്വർണ വിലയില്‍ പ്രതഫലിച്ചു. കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 2,659 ഡോളര്‍ നിലവാരത്തിലാണ് കച്ചവടം നടക്കുന്നത്.












Click it and Unblock the Notifications