സ്വര്‍ണം വീണ്ടും കുതിച്ചു; മഞ്ഞലോഹം ഉപേക്ഷിക്കേണ്ടി വരും, ഒരു പവന്‍ ആഭരണത്തിന് 67500
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കൂടി വരികയാണ്. ഇന്നലെ 1000 രൂപയോളം പവന്‍മേല്‍ വര്‍ധിച്ച പിന്നാലെ ഇന്നും വില കൂടി. ഈ രീതിയില്‍ വില മുന്നോട്ട് നീങ്ങിയാല്‍ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്തിരിഞ്ഞേക്കും. അല്ലെങ്കില്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറച്ചേക്കും. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ഇപ്പോഴും സ്വര്‍ണം അഭിവാജ്യ ഘടകമായതിനാല്‍ വില്‍പ്പനയില്‍ ഇടിവ് വരില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ജനുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 57200 രൂപയായിരുന്നു. കൂടിയത് 61840 രൂപയും. അതായത് ജനുവരിയില്‍ മാത്രം 4640 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണം പവനില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചിലര്‍ 18 കാരറ്റ് വാങ്ങുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില കുതിക്കുന്നതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വില 61960 രൂപയാണ്. 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 7745 രൂപയായി. 18 കാരറ്റ് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6395 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 101 എന്ന നിരക്കില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് ആദ്യമായി 2800 ഡോളര്‍ കടന്ന് വില മുന്നേറി.
ഇറക്കുമതി നികുതി ആറില്‍ നിന്ന് മൂന്ന് ശതമാനം ആയി താഴ്ത്തണമെന്നും ജിഎസ്ടി മൂന്നില്‍ നിന്ന് 1.25 ശതമാനമാക്കി കുറയ്ക്കണം എന്നുമാണ് സ്വര്‍ണ വ്യാപാരികളുടെ ആവശ്യം. ഇതുവഴി നികുതി വെട്ടിപ്പ് കുറയ്ക്കാമെന്നും ആഭരണ കയറ്റുമതി കൂട്ടാമെന്നും അവര്‍ പറയുന്നു. മാത്രമല്ല, ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി ജനപ്രിയമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഒരു പവന്‍ ആഭരണത്തിന് 67500 രൂപ
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ 67500 രൂപ വരെ ചെലവ് വന്നേക്കും. സ്വര്‍ണത്തിന്റെ വില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയ്ക്ക് മൂന്ന് ശതമാനം ജിഎസ്ടി കൂടി ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. മാത്രമല്ല, ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കണം.
എല്ലാം ചേരുമ്പോള്‍ വില താങ്ങാവുന്നതിലും അപ്പുറമാകും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പവന് മൂന്ന് ശമതാനം കുറച്ചുള്ള സംഖ്യ കിട്ടും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2801 ഡോളറാണ് ഇന്നത്തെ വില. ഡോളര്‍ മൂല്യം കൂടിയിട്ടുണ്ട്. 108.50 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക.
ഇന്ത്യന്‍ രൂപ വീണ്ടും ഇടിഞ്ഞു. 86.70 ആണ് പുതിയ രൂപ നിരക്ക്. രൂപ മൂല്യം ഇടിഞ്ഞത് സ്വര്‍ണവില കൂടാനുള്ള ഒരു കാരണമാണ്. അമേരിക്കയുടെ താരിഫ് ഭീഷണി വിപണിയെ അസ്ഥിരപ്പെടുത്തുന്നതും സ്വര്‍ണവില കൂടാന്‍ ഇടയാക്കി. ബ്രെന്റ് ക്രൂഡ് എണ്ണ ബാരലിന് 76 ഡോളറായി ഇടിഞ്ഞിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 102000 ഡോളറില്‍ തുടരുകയാണ്.












Click it and Unblock the Notifications