കേരളത്തിലെ സ്വർണ വില തീരുമാനിക്കുന്നത് ആരെന്ന് അറിയുമോ: അത് ഈ 3 പേരാണ്, രാവിലെ 9.30 ന് വില പറയും
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വില്‍പ്പന നടന്നുകൊണ്ടിരിക്കുന്നത്. പവന് 54360 രൂപയെന്നതാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയുമാണ്. ഫലത്തില്‍ ഒരു പവന്‍ സ്വർണാഭരണം വാങ്ങണമെങ്കില്‍ ഒരാള്‍ പണിക്കൂലിയും ജി എസ് ടിയും സഹിതം 59000 രൂപ നല്‍കണം.
ഒരോ തവണയും വില കുടുമ്പോഴും കുറയുമ്പോഴും ആരാണ് ഈ വില നിശ്ചയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും പലർക്കും ഉണ്ടാകാറുണ്ട്. അതിന് ഉത്തരം തേടി പോകുകയാണെങ്കില്‍ നമ്മള്‍ എത്തിനില്‍ക്കുക സംസ്ഥാനത്തെ സ്വർണ വ്യാപാര രംഗത്തുള്ള മൂന്ന് പ്രമുഖരിലേക്കാണ്. ഒരോ ദിവസവും ഇവർ മൂന്നുംപേരും കൂടി ചേർന്നാണ് കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ കെ ജി എസ് എം എ) സംസ്ഥാന പ്രസിഡൻറ് ഡോ. ബി ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് മൂന്ന് പേർ. എ കെ ജി എസ് എം എ സംസ്ഥാന കമ്മിറ്റിയാണ് ഒരോ ദിവസത്തേയും വില നിർണ്ണയിക്കാനായി ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വില നിരക്കിന് അനുസരിച്ചാണ് ഒരോ ദിവസവും മൂവരും ചേർന്ന് വില നിശ്ചയിക്കുന്നത്. ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിൻറെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില നിശ്ചയിക്കുന്നത്. രാവിലെ 9.30ന് മുമ്പായി തന്നെ വില തീരുമാനിച്ച് എല്ലാ ജ്വല്ലറി ഉടമകളേയും അറിയിക്കും.
കേരളത്തിലെ സ്വർണവ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയാണ് എ കെ ജി എസ് എം എ. അതുകൊണ്ട് തന്നെ ഇവർ നിശ്ചയിക്കുന്ന വിലയായിരിക്കും കേരളത്തിലെ ഭൂരിപക്ഷം ജല്വറികളിലും. കേരളത്തില്‍ നിന്നുള്ള വന്‍കിട ജ്വല്ലറി ഗ്രൂപ്പുകള്‍ ഇന്ത്യയൊട്ടാകെ പിന്തുടരുന്നതും ഈ വിലയാണ്. അതുകൊണ്ട് ഫലത്തില്‍ ഇന്ത്യയിലെ തന്നെ വില നിശ്ചയിക്കുന്നത് ഈ മൂന്ന് പേരാണെന്ന് പറയാം.
'മാർജിൻ പ്രോഫിറ്റ് ഏറ്റവും കുറച്ചാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അതിനാൽ ഈ വിലയെത്തന്നെയാണ് മിക്കവാറും എല്ലാ സംസ്ഥാനത്തെയും അസോസിയേഷനുകൾ പിന്തുടരുന്നു' അഡ്വ. എസ്. അബ്ദുൽ നാസറിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഈ തിങ്കളാഴ്ച 24 കാരറ്റിന്റെ സ്വർണ വില GST അടക്കം ഒരു ഗ്രാമിന് 7310 രൂപയായിരുന്നു. അതനുസരിച്ച് GST ഇല്ലാതെയുള്ള വിലയായ 7097.09 ×.92÷.995=6562 ആണ് സംസ്ഥാനത്തെ സ്വർണവിലയായി കണക്കാക്കിയത്. റൗണ്ട് ചെയ്യാൻ 6565 രൂപയായി നിശ്ചയിച്ചു. പ്രോഫിറ്റ് മാർജിൻ ഇടുന്നത് ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ്. ചില സമയങ്ങളിൽ പ്രോഫിറ്റ് ഇല്ലാതെയും ദിവസേനയുള്ള ബോർഡ്റേറ്റ് ഫിക്സ് ചെയ്യാറുണ്ട്. ഈ നിരക്കിനോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഈടാക്കിയാണ് സ്വർണാഭരണങ്ങള്‍ വിലക്കുന്നത്.












Click it and Unblock the Notifications