സ്വർണവില വീണ്ടും കൂടി, ഇന്ന് വിലയിലെ മാറ്റം രണ്ടാം തവണ, സ്വർണം വാങ്ങാനിരുന്നവർ ത്രിശങ്കുവിൽ
ഒരിടത്ത് ഉറച്ച് നില്‍ക്കാതെ ഏറിയും കുറഞ്ഞും സാധാരണക്കാരന് ആധി കയറ്റുകയാണ് സ്വര്‍ണവില. വില കുറഞ്ഞ സ്ഥിതിക്ക് ഇനി സ്വര്‍ണം വാങ്ങിയേക്കാം എന്ന് കരുതിയാല്‍ ഉടനടി വില കയറും, ഇതാണിപ്പോള്‍ ഏതാനും ദിവസങ്ങളായി സ്വര്‍ണവിപണിയിലെ സാധാരണ കാഴ്ച. ഇന്നലെ മാത്രം നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്.രണ്ട് തവണ വില കുറയുകയും രണ്ട് തവണ കൂടുകയും ചെയ്തു.
ഇന്നും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്ന നിലയിലേക്കാണ് സ്വര്‍ണവിലയുടെ പോക്ക്. രാവിലെ വില കുറഞ്ഞെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍, ഉച്ചയ്ക്ക് സ്വര്‍ണത്തിന് വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910ലേക്ക് എത്തിയിരുന്നു. പവന് വില 1040 രൂപ കുറഞ്ഞ് 1,11,280 രൂപയിലേക്കും എത്തി.
എന്നാല്‍ ഉച്ചയ്ക്ക് 12.20തിന് കളി മാറി, വില രാവിലെ കുറഞ്ഞതിനേക്കാള്‍ കയറിയിരിക്കുകയാണ് ഇപ്പോള്‍. സ്വര്‍ണം ഗ്രാമിന് 200 രൂപ കൂടി 14,110ലേക്കും പവന് 1600 രൂപ കൂടി 1,12,880 രൂപയിലേക്കും എത്തി നില്‍ക്കുകയാണ് നിലവില്‍. ഒരാഴ്ച കൂടി സ്വര്‍ണ വില ഇത്തരത്തില്‍ ഏറിയും കുറഞ്ഞുമിരിക്കാനാണ് സാധ്യത എന്നാണ് സ്വര്‍ണ വ്യാപാരികള്‍ അടക്കം പറയുന്നത്. അതിന് ശേഷം സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ് തന്നെ രേഖപ്പെടുത്തിയേക്കും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഉച്ച വരെ ആകെ 9840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 830 രൂപയും പവന് 6640 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,890 രൂപയും പവന് 1,11,120 രൂപയുമായി മാറി വില. ഉച്ചയോടെ പവന്‍ വില 3200 രൂപ കൂടി ഇടിഞ്ഞു. ഇതോടെ സ്വര്‍ണവില ഇന്നലെ ഉച്ചയോടെ പവന് 1,07,920 രൂപയായി മാറി.
സ്വര്‍ണവിപണിയില്‍ ചരിത്രം കുറിച്ച് കൊണ്ട് 1,30000ത്തിന് മുകളിലേക്ക് വില പോയതില്‍ നിന്നും പവന്‍ വില 1 ലക്ഷത്തിന് താഴേക്ക് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് ഉച്ചയ്ക്ക് വില മുകളിലേക്ക് കുതിച്ചു. ആദ്യം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയും കയറി. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,740 രൂപയും പവന് 1,09,920 രൂപയുമായി.
അതോടെ ആ ദിവസത്തെ വിലയിലെ ചാഞ്ചാട്ടം അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോള്‍ സ്വര്‍ണവില വീണ്ടും കയറുന്ന അത്ഭുതമാണ് ഇന്നലെ കണ്ടത്. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 14,040 രൂപയായപ്പോള്‍ പവന്‍ വില 2400 രൂപ വര്‍ധിച്ച് 1,12,320 രൂപയിലേക്ക് എത്തി. സ്വര്‍ണവിലയില്‍ ഇത്തരത്തില്‍ ചാഞ്ചാട്ടം തുടരുന്നത് വിവാഹ ആവശ്യങ്ങള്‍ക്കടക്കം സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications