സ്വർണ വില 70000 ത്തിലേക്ക് വരെ താഴും, ഇക്കാര്യം സംഭവിച്ചാൽ പിന്നെ പൊന്ന് വീഴും; സാമ്പത്തിക വിദഗ്ധ പറയുന്നു
സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് കുതിപ്പിലാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1.15 ലക്ഷമാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് ഈ വില വർധനവിന് കാരണം. അതേസമയം സ്വർണം പഴയ നിലയിലേക്ക് പോകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അങ്ങനെ വില കുത്തനെ ഇടിയണമെങ്കിൽ ആഗോള തലത്തിൽ ചില കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ടെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്. അവരിടെ വാക്കുകൾ ഇങ്ങനെ
രൂപയുടെ മൂല്യം കുറഞ്ഞാൽ ഉടനെ നിക്ഷേപകർ സ്വർണത്തിലേക്ക് പോകും. അങ്ങനെയാണ് ഇന്ന് ഇവിടെ സ്വർണത്തിന്റെ മൂല്യം വർധിച്ചിരിക്കുന്നത്. സ്വർണത്തിന്റെ വില വർധനവ് ഒന്ന് തടയാൻ എങ്ങനെയാണ് സാധിക്കുക? ആശ്വാസകരമായ രീതിയിൽ ഒരു ലക്ഷത്തിന് താഴേക്ക്, 80,000-70,000 രൂപ വരെ സ്വർണവില എത്തുക എങ്ങനെയാണ്?

നമ്മുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം ആഗോളതലത്തിൽ തന്നെ സ്വർണത്തിന്റെ മൂല്യം വർധിക്കത്തക്ക സാഹചര്യങ്ങളാണ് രൂപപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ളതാണ് ഈ വ്യാപാരക്കമ്മി, അത് കുറച്ചുകൊണ്ടുവരണം. എന്നാൽ ഇന്ത്യ മാത്രം വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. കാരണം അത് യു.എസുമായി ഉള്ള വ്യാപാര കരാറുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി.
യു.എസ് നമ്മുക്ക് മേൽ ചുമത്തിയിരിക്കുന്ന ചുങ്കം കുറയണം. അതിനേക്കാളും ഉപരി, ട്രംപ് കഴിഞ്ഞ ദിവസം ദാവോസിൽ വെച്ച് പറഞ്ഞത്, "ഞാൻ ഒരു പീസ് ബോർഡ് രൂപീകരിച്ചിരിക്കുന്നു, അതിൽ എല്ലാ രാജ്യങ്ങളും അംഗങ്ങളാകണം" എന്നതാണ്.
1945ൽ ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷൻസ്) നിലവിൽ വന്നത് രണ്ടാം ലോകമഹായുദ്ധത്തിന് തുടർന്നാണ്. ലോകത്ത് മൂന്നാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതിരിക്കാൻ സമാധാനകാംക്ഷികൾ എല്ലാം ഒന്നിച്ചാണ് യു.എൻ രൂപീകരിച്ചത്.
യു.എന്നിന് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അവർ ഈ സഹായം നൽകുന്നില്ല, വളരെ കുറച്ചിട്ടുണ്ട്. യു.എസ്. നടത്തിയ വെനിസ്വേല ആക്രമണത്തിൽ യു.എൻ ശക്തമായ താക്കീത് നൽകിയിട്ടും, അതൊന്നും വകവെക്കാതെ ട്രംപ് മുന്നേറുകയാണ്.
ഇതിനോടകം തന്നെ 19 രാജ്യങ്ങൾ പീസ് ബോർഡിൽ ചേർന്നുകഴിഞ്ഞു. ഇനിയും രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചിലപ്പോൾ അതിനകത്ത് ഒപ്പുവെപ്പിച്ചേക്കാം. എന്തായാലും, ഈ സംഭവത്തോടെ ലോകരാഷ്ട്രങ്ങൾ ഇപ്പോൾ രണ്ട് ചേരികളായി തിരിഞ്ഞിരിക്കുന്നു.
20 രാജ്യങ്ങൾ അമേരിക്കൻ ചേരിയിലും ബാക്കി രാജ്യങ്ങൾ മറുചേരിയിലുമാണ്. ഇതാണ് ഇന്ന് പെട്ടെന്ന് ഓഹരി വിപണിയെ ബാധിച്ചതും സ്വർണത്തിന്റെ വില ഉയർന്നതും.
ട്രംപിനെ മര്യാദ പഠിപ്പിക്കാൻ തന്റേടമുള്ള രാജ്യങ്ങൾ ഒത്തുചേരണം. അങ്ങനെ ഒത്തുചേരുമ്പോഴേ ട്രംപ് മുട്ടുമടക്കുകയുള്ളൂ. അല്ലെങ്കിൽ മടക്കിക്കണം - അത് ലോകത്തിന്റെ ആവശ്യമാണ്. ട്രംപിനെ മുട്ടുമടക്കിക്കാൻ സാധിച്ചാൽ തീർച്ചയായും ട്രംപിന്റെ തീരുവ ഭീഷണികൾ അവസാനിക്കും.
മറിച്ച്, അംഗങ്ങളാകാത്ത രാജ്യങ്ങളോട് "നിങ്ങൾ അംഗങ്ങളായില്ലെങ്കിൽ ട്രേഡ് ടാരിഫ് ചുമത്തും" എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ, ഒട്ടുമിക്ക രാജ്യങ്ങളും അടിയുറച്ച് മെമ്പർഷിപ്പ് എടുക്കും. അങ്ങനെ ഭീഷണിയുടെ വഴിയിലാണ് കാര്യങ്ങൾ പോയാൽ, സ്വർണത്തിന്റെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ആഗോളതലത്തിൽ ആശ്വാസകരമായ വ്യാപാര കരാറുകൾ രൂപപ്പെടണം. അങ്ങനെ രൂപപ്പെട്ടാൽ മാത്രമേ ആഗോളതലത്തിൽ ഓഹരി വിപണി മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യൂ. ഓഹരി വിപണിയിലെ വിശ്വാസ്യത തിരിച്ചുപിടിക്കാനായാൽ സ്വർണത്തിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയും, സ്വർണത്തിന്റെ വിലയും താഴും.
അതിന് കഴിഞ്ഞില്ലെങ്കിൽ സ്വർണത്തിന്റെ വില ഇനിയും മുകളിലേക്ക് തന്നെ പോകും.












Click it and Unblock the Notifications