'സ്വർണ വില ഇനിയും ഇടിഞ്ഞേക്കും'; പഴയ സ്വർണം വിറ്റ് പണമാക്കാൻ ജ്വല്ലറികളിൽ വൻ തിരക്ക്
മുംബൈ: സ്വർണവില ഈ വർഷം റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ പവൻ വില 1.33 ലക്ഷം തൊട്ടിരുന്നു. ഇതിന് പിന്നാലെ ഇനിയും സ്വർണം കുതിക്കുമെന്ന പ്രവചനങ്ങൾ ശക്തമായി. ഈ വർഷം പകുതിയോടെ വില 2 ലക്ഷം കടക്കുമെന്നായിരുന്നു പ്രവചനങ്ങൾ.
എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി വില മുക്കും കുത്തി വീഴുന്നതാണ് കാഴ്ച. പശ്ചിമേഷ്യൻ സംഘർഷം കടുത്തതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇതോടെ വില ഇനിയും കൂടിയേക്കില്ലെന്ന വിലയിരുത്തലിൽ കൈവശമുള്ള സ്വർണം വിറ്റ് പണമാക്കാൻ നെട്ടോട്ടം ഓടുകയാണ് ആളുകൾ.

കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രം രാജ്യത്ത് ഏതാണ്ട് 50 ടണ്ണോളം പഴയ സ്വർണമാണ് വിപണിയിലെത്തിയതെന്നാണ് കണക്കുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 43 ശതമാനത്തിന്റെ വർദ്ധനവാണിത്. പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്ന പരീതി വിട്ട് കിട്ടുന്ന വിലയ്ക്ക് വിറ്റ് പണം കയ്യിൽ വാങ്ങാനാണ് ഇപ്പോഴത്തെ തിരക്ക്. വർഷത്തിന്റെ തുടക്കത്തിൽ പത്തു ഗ്രാമിന് 1.8 ലക്ഷം രൂപ വരെ ഉയർന്ന വില ഇപ്പോൾ 1.4 ലക്ഷത്തിലേക്ക് താണിട്ടുണ്ട്. ഇത് ഇനിയും 1.2 ലക്ഷത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന പേടിയാണ് പെട്ടെന്ന് സ്വർണം വിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന് ഇന്ത്യ ബുളളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (ഐ ബി ജെ എ) നാഷണൽ സെക്രട്ടറി സുരേന്ദ്ര മേത്തയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതേസമയം വീടുകളിൽ ഇരിക്കുന്ന സ്വർണം ഇത്തരത്തിൽ വിപണിയിലേക്ക് എത്തുന്നത് പഴയ സ്വർണം ഉരുക്കി പണിയുന്ന കച്ചവടക്കാരെ സംബന്ധിച്ച് വലിയ നേട്ടമാണ്. പഴയ സ്വർണം വാങ്ങി പണം നൽകുന്ന മുൻനിര കമ്പനികളെല്ലാം തന്നെ വലിയ ലാഭമാണ് ബിസിനസിൽ നേടുന്നത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കീഴിലുള്ള മുത്തൂറ്റ് എക്സിമിന്റെ 'ഗോൾഡ് പോയിന്റുകളിൽ' എത്തുന്ന പഴയ സ്വർണത്തിന്റെ അളവിൽ മാത്രം 40 ശതമാനത്തോളം വർദ്ധനവുണ്ടായി.
വിശ്വസനീയമായ കേന്ദ്രങ്ങളിലൂടെ സ്വർണം പണമാക്കാൻ ആളുകൾ മടിയില്ലാതെ മുന്നോട്ടുവരുന്നുണ്ടെന്ന് മുത്തൂറ്റ് എക്സിം സി.ഇ.ഒ കേയൂർ ഷാ വ്യക്തമാക്കി. ഇങ്ങനെ കിട്ടുന്ന സ്വർണം ഉരുക്കി 24 കാരറ്റ് തങ്കമാക്കിയാണ് ജ്വല്ലറികൾക്കും നാണയ നിർമ്മാതാക്കൾക്കും കൈമാറുന്നത്. ഇത് പുതിയ സ്വർണത്തിനായി വിദേശ വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ ഇറക്കുമതി കുറഞ്ഞേക്കും
വൻതോതിൽ സ്വർണ്ണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 72.4 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇന്ത്യ വിദേശത്തുനിന്ന് വാങ്ങിയത്. മുൻവർഷം രാജ്യത്ത് 125 മുതൽ 150 ടൺ വരെ സ്വർണമാണ് ഉരുക്കി പുതിയതാക്കിയതെങ്കിൽ പുതിയ കണക്കുകൾ പ്രകാരം ഇത് 200 മുതൽ 250 ടൺ വരെയായി ഉയർന്നേക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.
ഇന്ത്യൻ വീടുകളിൽ മാത്രം ഏകദേശം 30,000 ടണോളം സ്വർണ ശേഖരമുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഒന്നിനും ഉപയോഗിക്കാതെ ലോക്കറുകളിൽ കിടക്കുകയാണ്. ഈ സ്വർണം വിപണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വലിയ തോതിൽ കുറയ്ക്കാനാകും. ഉപഭോക്താക്കൾക്ക് സ്വർണത്തിന്റെ മാറ്റ് പരിശോധിച്ച് കൃത്യമായ വില നൽകാനായി വിവിധ സംസ്ഥാനങ്ങളിലായി 114 കേന്ദ്രങ്ങൾ ആരംഭിച്ചതായി പ്രമുഖ ബുള്ളിയൻ കമ്പനിയായ ഓഗ്‌മണ്ടിന്റെ ഡയറക്ടർ കേതൻ കോത്താരി പറഞ്ഞു. ഇന്ത്യൻ വീടുകളിലെ വലിയ സ്വർണശേഖരം വിപണിയിലേക്ക് തിരിച്ചെത്തുന്നത് വിപണിക്ക് വലിയ ഉണർവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications