സ്വർണ വില 50000ത്തിലേക്ക് വീഴും എന്ന പ്രതീക്ഷ കൈവിടാം, കുറഞ്ഞാലും 75000ത്തിലേക്ക്, 3 സാധ്യതകൾ.
2025 ൽ സ്വണത്തിൻ്റെ അപ്രതീക്ഷിത കുതിപ്പാണ് രേഖപ്പെടുത്തിയത്. വിലയിൽ 60 ശതമാനത്തിലധികം വർധനവ്, 50-ൽ അധികം തവണയാണ് വില റെക്കോഡുകൾ ഭേദിച്ചത്. ഭൗമരാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ദുർബലമായ യുഎസ് ഡോളർ, കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകൾ എന്നിവയെല്ലാം സ്വർണ വില ഉയരാൻ കാരണമായി.
ഈ വർഷം ഇതാ അവസാനിക്കാൻ പോകുകയാണ്, 2026 ന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആഭരണ പ്രേമികൾക്ക് ഇനി അറിയേണ്ടത് ഒറ്റക്കാര്യമാണ്. അടുത്ത വർഷമെങ്കിലും സ്വർണ വില കുറയുമോയെന്നത്. എന്തായാലും അടുത്ത വർഷം സ്വർണ വില സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് വേൾഡ് ഗോൾഡ് കൌണ്‍സിൽ പങ്കുവെയ്ക്കുന്നത്. വിശദമായി തന്നെ നോക്കാം

"ഷാലോ സ്ലിപ്പ്" - മിതമായ രീതിയിൽ ഉയരുന്ന സാധ്യത
യുഎസിലുൾപ്പെടെ ആഗോളതലത്തിൽ സാമ്പത്തിക മുന്നേറ്റം മന്ദഗതിയിലാകുമോ എന്ന ആശങ്ക വിപണി പങ്കാളികളിൽ വർധിച്ചുവരികയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. എഐയുടെ വരവും ദുർബലമായ വരുമാനവുമെല്ലാം ഓഹരി വിപണികളിൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഇത് യുഎസ് തൊഴിൽ വിപണിയെ ദുർബലപ്പെടുത്തിയേക്കും. സ്വാഭാവികമായും ഇത് സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കും. അത്തരമൊരു സാഹചര്യത്തിൽ, സാമ്പത്തിക സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിലവിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്.
പലിശ നിരക്കിലെ കുറവ്, ദുർബലമായ ഡോളർ, ഉയർന്ന ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ എന്നിവ സ്വർണ്ത്തിന് മിതമായ രീതിയിൽ അനുകൂലമായ സാഹചര്യം ഒരുക്കും. അതിനാൽ വില ഇപ്പോഴത്തെ നിലയിൽ നിന്നും 5% മുതൽ 15% വരെ വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നാണ് ഗോൾഡ് കൌണ്‍സിൽ കണക്കാക്കുന്നത്..
"ഡൂം ലൂപ്പ്" - സ്വർണം കുതിച്ച് കയറിയേക്കും
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായാൽ ഒരു ഗുരുതരമായ സാഹചര്യം ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഗോൾഡ് കൗൺസിൽ മുന്നറിയിപ്പ് നൽകുന്നത്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ, നിലവിലുള്ള പ്രാദേശിക സംഘർഷങ്ങളുടെ തുടർച്ച, അല്ലെങ്കിൽ പുതിയ രാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം കുറയ്ക്കുകയും നിക്ഷേപകരെ അപകടസാധ്യതയുടെ നിക്ഷേപ സാഹചര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും.
സമ്പദ് വ്യവസ്ഥ കൂടുതൽ ദുർബലമാകുമ്പോൾ മാന്ദ്യ ഭീഷണി ശക്തമാകും. ഇത്തരം മാന്ദ്യം നേരിടാൻ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുത്തനെ കുറച്ചേക്കും. ഇത് ദീർഘകാല ബോണ്ട് വരുമാനം കുറയ്ക്കുകയും സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യും. തത്ഫലമായി, നിക്ഷേപകർ പണം സ്വർണ്ണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് മാറ്റിയേക്കും. ഈ സാഹചര്യം യാഥാർത്ഥ്യമായാൽ, സ്വർണ്ണത്തിന് ശക്തമായ ഉത്തേജനം ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അങ്ങനെയെങ്കിൽ സ്വർണ വില 15% മുതൽ 30% വരെ വർദ്ധിച്ചേക്കാം.
"റീഫ്ളേഷൻ റിട്ടേൺ" -വില ഇടിഞ്ഞേക്കും
ട്രംപ് ഭരണകൂടത്തിൻ്റെ സാമ്പത്തിക പദ്ധതികൾ മികച്ച വിജയം നേടുകയും, യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ വളരുകയും ചെയ്യുന്ന സാഹചര്യമാണ് മൂന്നാമത്തെ സാധ്യത. ഇത്തരമൊരു സാഹചര്യത്തിൽ പണപ്പെരുപ്പം വീണ്ടും ഉയർന്ന് തുടങ്ങും. ഇതിൻ്റെ ഫലമായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് നിർത്തുകയും, ആവശ്യമെങ്കിൽ നിരക്ക് ഉയർത്താൻ വരെ തയ്യാറായേക്കും.
പലിശനിരക്കുകൾ ഉയരുകയും യുഎസ് ഡോളർ ശക്തിപ്പെടുകയും ചെയ്യുമ്പോൾ നിക്ഷേപകർ വിപണിയിലേക്ക് തിരിയും. സ്വർണം പോലുള്ള സുരക്ഷിത മാർഗ്ഗങ്ങൾക്ക് പകരം, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന മറ്റ് ആസ്തികളിൽ അവർ നിക്ഷേപിക്കും. ഇത് സ്വർണത്തിൻ്റെ ആകർഷണം കുറക്കും. ഈ സാഹചര്യത്തിൽ, സ്വർണത്തിന് 5% മുതൽ 20% വരെ വിലയിടിവ് ഉണ്ടാകുമെന്നും കൌണ്‍സിൽ പറയുന്നു. അതേസമയം 20 ശതമാനം കുറഞ്ഞാൽ കേരളത്തിൽ സ്വർണ വില 75000ത്തിലേക്ക് വീണേക്കും കേട്ടോ.












Click it and Unblock the Notifications