സ്വര്‍ണം വാങ്ങുന്നവര്‍ കുറഞ്ഞു; വില ഇന്നും കൂടി, ഒരു പവന്‍ ആഭരണത്തിന് എത്രയാകും എന്നറിയാം
കൊച്ചി: സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ കുറയുന്നു. വിവാഹ ആവശ്യത്തിന് പോലും പുതിയ ആഭരണം വാങ്ങുന്ന അളവ് കുറച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍. പഴയ സ്വര്‍ണം മാറ്റി വാങ്ങുക, നേരത്തെ വാങ്ങി വച്ച കോയിനുകളും മറ്റും നല്‍കി ആഭരണമാക്കുക തുടങ്ങിയ രീതിയാണ് തുടരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് പരിശുദ്ധി കുറഞ്ഞ ആഭരണം വാങ്ങുന്നവര്‍ കുറവാണ് എന്നും വ്യാപാരികള്‍ പറയുന്നു.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ 95000 രൂപ വരെ ചെലവ് വരുന്നുണ്ട്. സ്വര്‍ണത്തിന്റെ അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. പണിക്കൂലി ഇല്ലാതെ സ്വര്‍ണം വില്‍ക്കുമെന്ന വാഗ്ദാനങ്ങളില്‍ വീണുപോകരുത് എന്ന് വ്യാപാരികള്‍ ഉണര്‍ത്തുന്നു. അതേസമയം, വില പേശി പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവിന് ശ്രമിക്കാം.

ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 360 രൂപ ഉയര്‍ന്നു. ഇന്ന് രാവിലെ സ്വര്‍ണത്തിന് 640 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 80 രൂപയും വര്‍ധിച്ചു. ഇനി സ്വര്‍ണവില കുറയില്ല എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. ഓണ്‍ലൈന്‍ ട്രേഡിങ് ആരംഭിച്ചതാണ് സീസണ്‍ അല്ലെങ്കില്‍ പോലും സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമത്രെ.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87560 രൂപയാണ് വില. ഗ്രാമിന് 10945 രൂപയും. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. വിറ്റഴിച്ച് ലാഭം കൊയ്യുന്നവര്‍ കുറഞ്ഞിട്ടുണ്ട്. വില ഇനിയും കൂടുമെന്നു കരുതി പലരും വില്‍ക്കാന്‍ മടിക്കുകയാണ്. അതേസമയം, 24, 22 കാരറ്റുകള്‍ വലിയ കുതിപ്പ് നടത്തിയതോടെ ആഭരണങ്ങള്‍ക്ക് വേണ്ടി കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് തിരിയുന്നവരും വര്‍ധിച്ചിട്ടുണ്ട്.
ആഭരണം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. മിക്കവരും ഈ വഴിയാണ് ആഭരണം വാങ്ങുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വിവാഹത്തിന് നേരത്തെ 25 പവന്‍ വരെ ബുക്ക് ചെയ്തിരുന്നവര്‍ ഇപ്പോള്‍ 10 പവനില്‍ താഴെയാണ് വാങ്ങുന്നത്. വില ഇനിയും മുന്നോട്ട് പോയാല്‍ വാങ്ങുന്ന ഈ അളവില്‍ നിന്നും താഴേക്ക് വരും. സ്വര്‍ണം ഒഴിവാക്കണം എന്ന പ്രചാരണവും ഒരു ഭാഗത്തുണ്ട്.
72000 രൂപയ്ക്ക് ഈ സ്വര്‍ണം കിട്ടും
18 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9000 രൂപയായി എന്ന പ്രത്യേകതയും ഉണ്ട്. ആദ്യമായിട്ടാണ് ഈ സ്വര്‍ണം പവന് 72000 രൂപയില്‍ എത്തുന്നത്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7000 രൂപയാണ് ഇന്നത്തെ വില. പവന്‍ വാങ്ങുമ്പോള്‍ 56000 രൂപ വരും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4520 രൂപയാണ് വില. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 156 രൂപയില്‍ തുടരുന്നു.
താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങള്‍ ഉയര്‍ന്ന അളവില്‍ കിട്ടില്ല എന്നതാണ് പ്രതിസന്ധി. എങ്കിലും വില കൂടിയതിനാല്‍ ഇത്തരം ആഭരണങ്ങളും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഡെയ്‌ലി വെയര്‍ ആഭരണങ്ങളാണ് താഴ്ന്ന കാരറ്റുകളില്‍ എത്തുന്നത്. അല്ലെങ്കില്‍ ഉപഭോക്താവ് പ്രത്യേകം ബുക്ക് ചെയ്ത് നിര്‍മിക്കണം. തിളക്കം കുറയും, ഗോള്‍ഡ് ലോണിന് ബാങ്കുകള്‍ സ്വീകരിക്കില്ല തുടങ്ങിയ വെല്ലുവിളിയും താഴ്ന്ന കാരറ്റുകളിലുള്ള സ്വര്‍ണത്തിനുണ്ട്.












Click it and Unblock the Notifications