കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; ഇന്ന് മാത്രം വര്‍ധിച്ചത് 600 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 600 രൂപ വര്‍ധിച്ച് 39200 രൂപയായി. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കും. പവന് 40000 രൂപയാകാന്‍ അധികം ദിവസം വേണ്ടി വരില്ലെന്ന് നിരീക്ഷപകര്‍ വിലയിരുത്തുന്നു. അതിവേഗമാണ് സ്വര്‍ണ വില ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ വേളയില്‍ 26000 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനിടെ 14000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്.

4900 രൂപയാണ് ചൊവ്വാഴ്ച ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ വില വര്‍ധിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്ക-ചൈന തര്‍ക്കം മുറുകുന്നതും കൊറോണ പ്രതിസന്ധി കാരണം ലോക വിപണികള്‍ അടഞ്ഞുകിടക്കുന്നുതും വില വര്‍ധിക്കാനുള്ള കാരണമാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1975 ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രതിസന്ധി അവസാനിക്കാത്തതിനാല്‍ വില കുറയാനുള്ള സാധ്യത വളരെ കുറവാമണ്.
Recommended Video
പ്രതിസന്ധി നിറഞ്ഞ നാളുകളാണ് വരാനുള്ളതെന്ന് ആഗോള നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇവരെല്ലാം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇതോടെയാണ് സ്വര്‍ണത്തിന് വില കൂടാന്‍ തുടങ്ങിയത്. കൊറോണ വ്യാപനം ലോകത്ത് സാമ്പത്തിക അസ്ഥിരതയുണ്ടാക്കിയിരിക്കുന്നു. ഇതോടെ പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് ആരും തയ്യാറാകുന്നില്ല. സമീപ ഭാവിയില്‍ എല്ലാം ശരിയാകുമെന്ന് നിക്ഷേപകര്‍ കരുതുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തില്‍ നിക്ഷേപം നടക്കുന്നത്.
ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി കുറഞ്ഞിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാര്‍ കുറഞ്ഞുവെന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിറകോട്ട് വലിച്ചിട്ടുണ്ട്.












Click it and Unblock the Notifications