പഴയ സ്വര്‍ണം വിറ്റാല്‍ 7300, മാറ്റി വാങ്ങിയാല്‍ 7375 രൂപ; സ്വര്‍ണവില കുതിക്കവെ മാറി ചിന്തിച്ച് ഉപഭോക്താക്കള്‍
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പവന്‍ സ്വര്‍ണത്തിന് 59000 രൂപയും ഗ്രാമിന് 7375 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഈ വേളയില്‍ സ്വര്‍ണം വാങ്ങുന്നവരേക്കാള്‍ കൂടുതല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവരാണത്രെ. വില കൂടിയ സാഹചര്യത്തില്‍ ലാഭം കൊയ്യാമെന്ന തോന്നലാണ് ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് കാരണം.
അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഏറി വരികയാണ്. കുറഞ്ഞ പലിശ നിരക്ക്, സാമ്പത്തിക അസ്ഥിരത, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം, അമേരിക്കന്‍ തിരഞ്ഞെടുപ്പ്, കേന്ദ്ര ബാങ്കുകള്‍ അധികമായി സ്വര്‍ണം സ്വരൂപിക്കുന്നത്... എന്നിവയെല്ലാം സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാണ്. ഈ സാഹചര്യത്തില്‍ പഴയ സ്വര്‍ണം വിറ്റാല്‍ ഇന്ന് എത്ര രൂപ കിട്ടുമെന്നാണ് മിക്ക ഉപഭോക്താക്കളും ജ്വല്ലറികളില്‍ വിളിച്ചു ചോദിക്കുന്നത്.

പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഗ്രാമിന് 7300 രൂപ ലഭിക്കും. അതായത്, 75 രൂപ കുറയും. പവന്റെ കണക്ക് നോക്കുമ്പോള്‍ 600 രൂപ കുറയും. അതേസമയം, പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുമ്പോള്‍ ഇന്നത്തെ വില തന്നെ കണക്കാക്കും. എന്നാല്‍ എല്ലാ ജ്വല്ലറികളിലും ഈ കണക്ക് ആകണം എന്നില്ല. തൃശൂര്‍, പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ചില ജില്ലകളിലെ ജ്വല്ലറികളില്‍ നേരിയ വ്യതിയാനം വരുത്തി ഇടപാടുകള്‍ നടക്കുന്നുണ്ട്.
പഴയ സ്വര്‍ണം തിരികെ വാങ്ങുമ്പോള്‍ 24 കാരറ്റിന്റെ നിലവാരം അനുസരിച്ച് 916ന്റെ വിലയ്ക്കാണ് ജ്വല്ലറികള്‍ ഇടപാട് നടത്തുക. അതേസമയം, സ്വര്‍ണം വാങ്ങിയ ജ്വല്ലറിയും വില്‍ക്കുന്ന ജ്വല്ലറിയും വ്യത്യസ്തമാണെങ്കില്‍ വില വീണ്ടും കുറയും. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയിലെ വിപണി നിരക്ക്, രൂപയുടെ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക.
സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നില്‍ക്കുന്നതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് വാങ്ങിയ ഒരു പവന്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുകയാണെങ്കില്‍ 13000 രൂപ വരെ ലാഭം കിട്ടും. വില കുറയുമ്പോള്‍ ഇനിയും വാങ്ങാമെന്ന് ഉദ്ദേശിച്ചാണ് പഴയ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍, ഇനി വില കുറയാനുള്ള സാധ്യത വിരളമാണെന്നതും ഓര്‍ക്കണം.
വില കുത്തനെ വര്‍ധിച്ചതോടെ സ്വര്‍ണ വ്യാപാരത്തില്‍ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്ക് നേരത്തെ പവന്‍ കണക്കാക്കിയാണ് ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങിയിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇത്ര രൂപയ്ക്ക് സ്വര്‍ണം വാങ്ങുക എന്ന നിലയിലേക്ക് മാറി. അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്ന നിശ്ചിത തുക കണക്കാക്കി സ്വര്‍ണം വാങ്ങുന്നവര്‍ ഏറിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
അതേസമയം, താരതമ്യേന വില കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 6075 രൂപയാണ് ഇന്നത്തെ വില. 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഏത് തൂക്കത്തിലും ഫാഷനിലുമുള്ള ആഭരണങ്ങള്‍ 18 കാരറ്റില്‍ ലഭ്യമാണ് എന്ന പ്രത്യേകതയുമുണ്ട്. ഡെയ്‌ലി വെയര്‍ ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമാണ് 18 കാരറ്റിലുള്ളത്.


Click it and Unblock the Notifications