ഒഴാഴ്ച കൊണ്ട് സ്വർണ വില കുതിച്ചു; അയ്യായിരത്തോളം രൂപയുടെ വർധനവ്, അടുത്താഴ്ചയും കുതിക്കും?
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ജൂൺ അവസാന വാരത്തിൽ ഒരു പവൻ സ്വർണത്തിന് 1,02,760 രൂപയായിരുന്ന വില.എന്നാൽ ഒരാഴ്ച പിന്നിടുമ്പോൾ 1,07,600 രൂപ എന്ന ഉയർന്ന നിരക്കിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഒരാഴ്ചയ്ക്കിടെ മാത്രം അയ്യായിരത്തോളം രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായത്. ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പവന് 4,840 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അടുത്താഴ്ചയും വില ഉയരുമോയെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.
സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് എന്ന പ്രതീക്ഷകൾക്കിടെയാണ് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് സ്വർണ വില ഉയർന്നത്. ജൂൺ 30ന് രാവിലെ 1,02,760 രൂപയായിരുന്ന വില ഉച്ചയോടെ ഒറ്റയടിക്ക് 1,04,160 രൂപയായി ഉയർന്നു. തൊട്ടടുത്ത ദിവസമായ ജൂലൈ ഒന്നിന് രാവിലെ വില നേരിയ തോതിൽ കുറഞ്ഞ് 1,03,240 രൂപയിലെത്തിയെങ്കിലും വൈകുന്നേരത്തോടെ വീണ്ടും വർദ്ധിച്ച് 1,04,320 രൂപയായി.രണ്ടിന് 1,05,440 രൂപയും മൂന്നിന് ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,07,800 രൂപയും രേഖപ്പെടുത്തി. നാലിന് വിലയിൽ ഇരുനൂറ് രൂപയുടെ നേരിയ കുറവുണ്ടായി 1,07,600 രൂപയിലാണ് സ്വർണം ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് ഇവിടെയും സ്വർണവില കുതിച്ചുയരാൻ കാരണമായത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചേക്കുമെന്ന സൂചനകൾ വന്നതോടെ ആഗോള തലത്തിൽ ഡോളർ ദുർബലപ്പെട്ടു. ഇതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിൽ നിന്ന് പണം പിൻവലിച്ച് കൂട്ടത്തോടെ സ്വർണം വാങ്ങാൻ തുടങ്ങി. ഇതിനൊപ്പം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുദ്ധഭീതിയും കൂടിയായപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ ഉയരുകയായിരുന്നു.
വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണിയിൽ നിന്നുള്ള സൂചന. രാജ്യാന്തര തലത്തിൽ ഇപ്പോഴുള്ള അനുകൂല സാഹചര്യങ്ങൾ തുടർന്നാൽ വില ഇനിയും ഉയരാൻ തന്നെയാണ് സാധ്യത. ഡോളറിന്റെ മൂല്യം ഇനിയും ഇടിയുകയോ ആഗോള തർക്കങ്ങൾ രൂക്ഷമാകുകയോ ചെയ്താൽ പവൻ വില പുതിയ റെക്കോർഡുകൾ തൊട്ടേക്കാം. എന്നാൽ വൻകിട നിക്ഷേപകർ പെട്ടെന്ന് ലാഭമെടുപ്പ് നടത്തിയാൽ വിലയിൽ താൽക്കാലികമായി ചെറിയ കുറവുണ്ടായേക്കാമെന്നതൊഴിച്ചാൽ വിപണിയിൽ പെട്ടെന്നൊരു വൻ ഇടിവ് ഉണ്ടാകാനിടയില്ല.
തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വില കുത്തനെ കൂടിയതോടെ വിപണിയിൽ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, വില ഇനിയും കൂടിയേക്കുമെന്ന ഭയത്താൽ മുൻകൂട്ടി പണം നൽകി സ്വർണം ബുക്ക് ചെയ്യുന്ന അഡ്വാൻസ് ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications