സ്വർണം വില കുത്തനെ മുകളിലേക്ക്; പണി തരുന്നത് ചൈന, പരിധി വിട്ടാൽ സംഭവിക്കുന്നത്..മുന്നറിയിപ്പ്
ആഗോള സ്വർണ വിപണിയിൽ സമീപകാലത്ത് വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ജനുവരി 29ന് ഒരു ഔൺസിന് 5,594 ഡോളർ എന്ന റെക്കോർഡ് വില രേഖപ്പെടുത്തിയ സ്വർണം, പിറ്റേന്ന് ഏകദേശം 10% ഇടിഞ്ഞു. ഇപ്പോഴും സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇപ്പോഴത്തെ ഈ ചാഞ്ചാട്ടത്തിന് പിന്നിൽ ചൈനയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് ഈ നീക്കങ്ങളെ 'നിയന്ത്രണാതീതം" ("unruly") എന്നാണ് വിശേഷിപ്പിച്ചത്. സ്വർണവിലയിലെ ഇപ്പോഴത്തെ കയറ്റിറക്കങ്ങൾ ചൈനീസ് വിപണികളിലെ 'കലുഷിതമായ സാഹചര്യങ്ങൾ' വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി ബാങ്ക് നിക്ഷേപങ്ങളും റിയൽ എസ്റ്റേറ്റുമാണ് ചൈനക്കാരുടെ പ്രധാന നിക്ഷേപ മാർഗങ്ങൾ. എന്നാൽ ഇപ്പോൾ അവർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ചൈനയുടെ കേന്ദ്രബാങ്ക് മാത്രമല്ല സ്വർണം വാങ്ങിക്കൂട്ടുന്നത്. മറിച്ച് വ്യക്തികളും സ്വർണത്തെ കാര്യമായി ആശ്രയിക്കുന്നുണ്ട്.

ഇടിഎഫുകൾ, ഭൗതിക സ്വർണ്ണ ബാറുകൾ, ഫ്യൂച്ചർ കരാറുകൾ എന്നിവിടങ്ങളിൽ സ്വർണ്ണം വാങ്ങിക്കൂട്ടുകയാണ്. 2025ൻ്റെ തുടക്കം മുതൽ ചൈനയിലെ സ്വർണ ഇടിഎഫ് നിക്ഷേപം ഇരട്ടിയായി. ഫ്യൂച്ചർ വ്യാപാരവും കുത്തനെ കൂടി. ചൈനയിൽ പല നിക്ഷേപകരും സ്വന്തം പണം മാത്രം ഉപയോഗിച്ചല്ല സ്വർണം വാങ്ങുന്നത്. കടം വാങ്ങിയ പണവും ഉപയോഗിച്ച് വലിയ തോതിൽ വ്യാപാരം നടത്തുന്നുണ്ട്. ഇങ്ങനെ കടം എടുത്ത് നിക്ഷേപിക്കുമ്പോൾ, വില ഉയർന്നാൽ ലാഭവും വലുതാകും. പക്ഷേ വില കുറഞ്ഞാൽ നഷ്ടവും അത്രയും വേഗത്തിൽ കൂടും. അതുകൊണ്ടാണ് സ്വർണവില പെട്ടെന്ന് കുതിച്ചുയരുകയും പിന്നീട് പെട്ടെന്ന് ഇടിയുകയും ചെയ്യുന്നത്. സുരക്ഷിത നിക്ഷേപം തേടുന്ന നിക്ഷേപകരുടെ സാധാരണ പ്രവണതയല്ല ഫ്യൂച്ചേഴ്സ് കരാറുകളും ലിവറേജും ഉപയോഗിച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ചൈനയിലെ സ്വർണത്തിനുള്ള ഉയർന്ന ആവശ്യം അവിടുത്തെ ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നുണ്ട്.ദുർബലമായ റിയൽ എസ്റ്റേറ്റ് വിപണി, ഏകദേശം 1% മാത്രമുള്ള കുറഞ്ഞ ബാങ്ക് നിക്ഷേപ നിരക്കുകൾ, പരിമിതമായ മറ്റ് നിക്ഷേപ സാധ്യതകൾ എന്നിവയാണ് കുടുംബങ്ങളെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. ചൈനീസ് നിലവിൽ ചൈനീസ് കുടുംബങ്ങളുടെ ആസ്തിയുടെ ഏകദേശം 1% മാത്രമാണ് സ്വർണ്ണം. ഈ വിഹിതം സമീപഭാവിയിൽ 5% ആയി ഉയരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
യുഎസ് സാമ്പത്തിക സമ്മർദ്ദത്തിൽ നിന്നുള്ള ഭീഷണി കുറയ്ക്കുന്നതിനായി ബെയ്ജിംഗ് ഡീ-ഡോളറൈസേഷൻ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചൈന മാർക്കറ്റ് റിസർച്ച് ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷോൺ റെയിൻ സിഎൻബിസിയോട് പറഞ്ഞു. ചൈന യുഎസ് ട്രഷറി ബോണ്ടുകളിലുള്ള നിക്ഷേപം കുറയ്ക്കുന്നുണ്ട്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായി 15 മാസമായി സ്വന്തം സ്വർണ്ണ ശേഖരം ഏകദേശം 2,300 ടണ്ണായി വർദ്ധിപ്പിച്ചു.
പരമ്പരാഗതമായി അനിശ്ചിതത്വ കാലഘട്ടങ്ങളിൽ സ്വർണം സുരക്ഷിത നിക്ഷേപമായാണ് കണ്ടുവരുന്നത്. എന്നാൽ നിലവിലെ മുന്നേറ്റം സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഈ മാറ്റം സ്വർണവിലയെ കൂടുതൽ അസ്ഥിരമാക്കുകയും വിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications