സ്വർണ വിലയിലെ 'സസ്പെൻ്സ്' അവസാനിച്ചിട്ടില്ല..30,000 രൂപ പവന് കൂടും? 1. 40 ലക്ഷത്തിലേക്കോ?
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 4285 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യുഎസും ഇറാനും പരസ്പരം വെല്ലുവിളി തുടരുകയാണ്.
ആണവ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ തുടച്ചുനീക്കുമെന്നാണ് ട്രംപ് ഭീഷണി ഉയർത്തുന്നത്. യുഎസ് എത്രയൊക്കെ ഭീഷണിപ്പെടുത്തിയാലും തങ്ങൾ തളരില്ലെന്നും മുട്ട് മടക്കില്ലെന്നും ഇറാനും തിരിച്ചടിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനം ഇനിയും അകലെയാണെന്ന പ്രതീതി ശക്തമായിരിക്കുകയാണ്. യുദ്ധഭീതി തുടരുന്നത് ക്രൂഡ് ഓയിൽ വിലയെ മുകളിലേക്ക് നയിക്കും. പണപ്പെരുപ്പം ശക്തമാകും, ഇത് പലിശ നിരക്ക് ഉയർത്താൻ യുഎസ് ഫെഡറൽ റിസർവ്വിനെ പ്രേരിപ്പിച്ചേക്കും.

അടിസ്ഥാന പലിശനിരക്ക് ഇനിയും കൂടുമെന്ന വിലയിരുത്തൽ മൂലം യുഎസിൽ സർക്കാരിന്റെ കടപ്പത്ര ആദായനിരക്കുകൾ കുതിച്ചുകയറി. ഇത് സ്വർണത്തെ ഉപേക്ഷിച്ച് ഡോളറിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതേ സാഹചര്യം തുടർന്നാൽ ഇനിയും സ്വർണവില ഇടിയാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം ഇങ്ങനെയൊക്കെ ആണെങ്കിലും സമീപഭാവിയിൽ സ്വർണം കുതിപ്പ് തുടരുമെന്ന് ആവർത്തിക്കുകയാണ് ടിഡി സെക്യൂരിറ്റീസ്. പലിശ നിരക്ക് കൂട്ടുന്നത് സ്വർണത്തിന് തിരിച്ചടിയാകുമെങ്കിലും വില 5000 ഡോളർ ആകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സീനിയർ കമോഡിറ്റി സ്ട്രാറ്റജിസ്റ്റ് റയാൻ മെക്കെ പറഞ്ഞു.
'സ്വർണവിലയിലെ കുതിപ്പിൻ്റെ അടുത്ത ഘട്ടം ഉടൻ ഉണ്ടാകും. നിരക്ക് 25 ബേസിസ് പോയിൻ്റ് ഉയർത്തിയപ്പോഴും മഞ്ഞലോഹം പിടിച്ച് നിന്നിരുന്നു. നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നിടത്തോളം കാലം വില ഉയരാനുള്ള സാധ്യത നിലനിൽകുന്നുണ്ട്. 2027 ഓടെ സ്വർണം ഔണ്‍സിന് 5000 ഡോളർ കടക്കുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്', അദ്ദേഹം പറഞ്ഞു.
കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേന്ദ്രബാങ്കുകളുടെ ശരാശരി സ്വർണവാങ്ങൽ 70 ടണ്‍ ആയിരുന്നു. ചൈനീസ് കേന്ദ്രബാങ്കാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത്. തുടർച്ചയായ 22 മാസമായി ചൈന തങ്ങളുടെ സ്വർണ ശേഖരം ഉയർത്തുന്നുണ്ട്. ചൈനയിലെ ഇടിഎഫ് നിക്ഷേപങ്ങളിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം സ്വർണത്തിൻ്റെ ഡിമാൻ്റ് ഇനിയും ഉയർത്തുമെന്നാണ് സ്ഥാപനം വിലയിരുത്തുന്നത്.
കേരളത്തിലും സ്വർണ വില ഉയരും
രാജ്യാന്തര വിപണിയിൽ സ്വർണം ഉയർന്നാൽ സ്വാഭാവികമായും കേരളത്തിലും പവൻ വിലയിൽ വലിയ വർധനവ് ഉണ്ടാകും. നിലവിൽ 1.11 ലക്ഷമാണ് കേരളത്തിൽ വില. 5000 ഡോളറിലേക്ക് വില ഉയർന്നാൽ പവൻ വില 1.29 ലക്ഷമാകും. പവൻ വില മാത്രമായിരിക്കും ഇത്. 3 ശതമാനം ജി എസ് ടിയും 5 ശതമാനം അടിസ്ഥാനപണിക്കൂലിയും ചേർത്താൽ 1.40 രൂപയെങ്കിലും വേണ്ടി വരും ഒരു പവന്. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 30,000 രൂപയുടെ വർധനവ്.
സ്വർണം വിൽക്കാനിരിക്കുന്നവർക്ക് ലോട്ടറി
വില ഉയർന്നാൽ പഴയ സ്വർണം വിൽക്കുന്നവരെ സംബന്ധിച്ച് വലിയ ലോട്ടറിയാകും. രണ്ട് വർഷം മുൻപ് മുൻപ് 50,000 രൂപയ്ക്ക് ഒരു പവൻ വാങ്ങിയവർക്ക് ഇപ്പോൾ അത് വിറ്റാൽ 1.30 ലക്ഷത്തിന് മുകളിൽ ലഭിക്കും. അതായത് 5 ലക്ഷം മുടക്കി 10 പവൻ വാങ്ങിയവർക്ക് ഇന്ന് 12 ലക്ഷത്തിന് മുകളിൽ ഈസിയായി ലഭിക്കും. കേന്ദ്ര നിയമം കൂടി അനുകൂലമായതോടെ പഴയ സ്വർണത്തിൻ്റെ വിൽപ്പന ജ്വല്ലറികളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നേരത്തേ പഴയ സ്വർണം വിൽക്കുമ്പോൾ ജ്വല്ലറിക്കാർക്ക് ലാഭമായി ലഭിച്ചിരുന്നത് വെറും 80 രൂപയാണ്. എന്നാൽ പുതിയ നിയമത്തോടെ കടകൾക്ക് 700 രൂപയാണ് കടകൾക്ക് ലഭിക്കുന്ന ലാഭം.


Click it and Unblock the Notifications
