സ്വർണ വില വീണ്ടും റെക്കോഡിലേക്ക്; 40,000 രൂപയ്ക്ക് മുകളിലെങ്കിലും പവന് വില ഉയരും..പ്രവചനം
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ കുറയുന്നതാണ് കാഴ്ച. ഇതോടെ പ്രവചനങ്ങളെല്ലാം തിരുത്തി സ്വർണം ഈ വർഷം കൂപ്പുകുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഇപ്പോഴത്തെ വിലക്കുറവിനെ ഒരുതരത്തിലും ആഭരണപ്രേമികൾ വിലക്കെടുക്കേണ്ടെന്ന് പറയുകയാണ് പ്രമുഖ രാജ്യാന്തര ബാങ്കായ ഗോൾഡ്മാൻ സാക്സ്. വരും വർഷങ്ങളിൽ സ്വർണ വില പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
നിലവിലെ വിലയിടിവ് താല്ക്കാലികം മാത്രമാണ്. 2026 അവസാനിക്കുന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4900 ഡോളർ വരെ ഉയർന്നേക്കാം. അതായത് വരും വർഷങ്ങളിലും സ്വർണത്തിന്റെ തിളക്കം കുറയില്ലെന്ന് മാത്രമല്ല വില പുതിയ ഉയരങ്ങൾ തൊടുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മറ്റ് പ്രമുഖ ബാങ്കുകളായ ജെപി മോർഗൻ വില 6000 ഡോളറിലേക്ക് എത്തുമെന്ന് പ്രവചിച്ചിരുന്നു. യു.ബി.എസും മോർഗൻ സ്റ്റാൻലിയും 5,200 ഡോളറിലേക്കും ഉയരുമെന്നാണ് പ്രവചിക്കുന്നത്. നിക്ഷേപകരിലെ താല്പര്യക്കുറവ് കാരണം ബാങ്ക് ഓഫ് അമേരിക്ക തങ്ങളുടെ പ്രവചനം നേരിയ തോതിൽ തിരുത്തി 4,800 ഡോളറാക്കി കുറച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇത് തന്നെയാണ് വിലവർദ്ധനവിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ ഡോളറിന് പകരമായി സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വികസ്വര രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണത്തെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. പ്രത്യേകിച്ച് റഷ്യയുടെ വിദേശ നിക്ഷേപങ്ങൾ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മരവിപ്പിച്ച പശ്ചാത്തലത്തിൽ സ്വർണം കൈവശം വെക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് പല രാജ്യങ്ങളും കരുതുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 89 ശതമാനം കേന്ദ്രബാങ്കുകളും വരും വർഷങ്ങളിൽ കൂടുതൽ സ്വർണം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകളിൽ പറയുന്നതിനേക്കാൾ എത്രയോ വലിയ തോതിലാണ് പല രാജ്യങ്ങളും ഇപ്പോൾ സ്വർണം വാങ്ങിക്കൂട്ടുന്നത്. ലണ്ടനിലെ വോൾട്ടുകളിൽ നിന്നുള്ള സ്വർണത്തിന്റെ ഒഴുക്ക് പലപ്പോഴും കൃത്യമായി രേഖപ്പെടുത്താറില്ലെന്ന് ഗോൾഡ്മാൻ സാക്സ് ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടി കണക്കിലെടുത്ത് നടത്തിയ പുതിയ വിലയിരുത്തൽ പ്രകാരം, ആഗോള കേന്ദ്രബാങ്കുകൾ വരും മാസങ്ങളിൽ പ്രതിമാസം ശരാശരി 60 ടൺ സ്വർണം വരെ വാങ്ങിക്കൂട്ടുമെന്നാണ് പ്രവചനം. മുൻപ് ഇത് 29 ടൺ മാത്രമായിരുന്നു.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് ഇനി വിപണിയെ സ്വാധീനിക്കുക. അമേരിക്കയിലെ തൊഴിൽ വിപണിയിൽ ഉണ്ടായ മന്ദഗതി കാരണം പലിശനിരക്ക് കുറയ്ക്കാൻ ഫെഡ് റിസർവ് നിർബന്ധിതരായേക്കും. പലിശവർദ്ധനവ് നിന്നാൽ അത് സ്വർണവിലയ്ക്ക് വീണ്ടും ചിറകേകും. എങ്കിലും വരും മാസങ്ങളിലെ പണപ്പെരുപ്പ നിരക്കുകൾ കൂടി വിലയിരുത്തിയേ സ്വർണത്തിന്റെ കൃത്യമായ കുതിപ്പ് പ്രവചിക്കാനാകൂ എന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.
കേരളത്തിൽ വില കുതിക്കും
കേരളത്തിൽ നിലവിൽ ഒരു പവൻ സ്വർണത്തിന് 1,07600 രൂപയാണ് വില. സ്വർണം ഔൺസിന് 6000 ഡോളറായാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 1.47 ലക്ഷം രൂപയാകും വില.












Click it and Unblock the Notifications