മൂന്ന് ദിവസം കൊണ്ട് കൂടിയത് 320 രൂപ...!! ഇന്ന് കൂടിയില്ല, നിരക്കുകള്‍ ഇങ്ങനെ
ഫെബ്രുവരിയില്‍ പലപ്പോഴായി സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ചിലെ ആദ്യ രണ്ട് ദിവസം സ്വര്‍ണവില കൂടുകയായിരുന്നു.

കൊച്ചി: സ്വര്‍ണം വാങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വില അറിയുക എന്നത് മലയാളികള്‍ താല്‍പര്യത്തോടെ ചെയ്യുന്ന ഒന്നാണ്. എല്ലാ ദിവസവും സ്വര്‍ണ വിലയില്‍ വന്ന മാറ്റം അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കാണുന്നത് എന്നതിനാല്‍ ആണ് ഇത്. അതിനാല്‍ തന്നെ സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ക്ക് താല്‍പര്യമാണ്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ തൊട്ട് സ്വര്‍ണ വില വര്‍ധിക്കുകയാണ്. ഇടക്ക് നേരിയ കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും 40000 ത്തില്‍ താഴേക്ക് സ്വര്‍ണ നില വീണിട്ടില്ല. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ എല്ലാം അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ സ്വര്‍ണ വില വര്‍ധിക്കുകയായിരുന്നു.

വര്‍ധനവിന് താല്‍ക്കാലിക ശമനം
എന്നാല്‍ ഇന്ന് സ്വര്‍ണ വിലയുടെ തുടര്‍ച്ചയായ വര്‍ധനവ് നിലച്ചിരിക്കുകയാണ്. ഇന്നലെ 120 രൂപ കൂടി സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ന് സ്വര്‍ണ വില ഗ്രാമിന് 5175 രൂപയും പവന് 41400 രൂപയും ആണ്. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 51750 രൂപ ആണ്. മാര്‍ച്ച് ഒന്നാം തിയതിയും മാര്‍ച്ച് രണ്ടാം തിയതിയും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപ വീതമായിരുന്നു കൂടിയിരുന്നത്. ഈ മാസം മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ 240 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരിയില്‍ കുറഞ്ഞത് 1800 രൂപ
കഴിഞ്ഞ മാസത്തെ അവസാന ദിനമായ ഫെബ്രുവരി 28 നും സ്വര്‍ണ വില 80 രൂപ കൂടിയിരുന്നു. ഫെബ്രുവരിയില്‍ സ്വര്‍ണ വിലയില്‍ പൊതുവെ സമ്മിശ്രമായ മാറ്റമാണ് ഉണ്ടായിരുന്നത്. എങ്കിലും സ്വര്‍ണ വില പൊതുവെ കുറയുന്ന പ്രവണതയായിരുന്നു കാണിച്ചിരുന്നത്. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ ആണ് കുറഞ്ഞിരുന്നത്. ഫെബ്രുവരി 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്ന് 42,400 രൂപയില്‍ എത്തിയിരുന്നു.

കൂടിയും കുറഞ്ഞും സ്വര്‍ണവില
ഫെബ്രുവരി 2 ന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയില്‍ എത്തി. ഫെബ്രുവരി 3 ന് 400 രൂപ കുറഞ്ഞതോടെ വില 42,480 രൂപയായി. ഫെബ്രുവരി നാലിന് വീണ്ടും വില കുറഞ്ഞു. 560 രൂപ കുറഞ്ഞതോടെ വിപണി വില 41,920 രൂപയായി. ഫെബ്രുവരി 5 ന് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ ഫെബ്രുവരി ആറിനും ഏഴിനും വില ഉയര്‍ന്നു. ഇതോടെ വില 42,120 രൂപയില്‍ എത്തി. ഫെബ്രുവരി എട്ടിന് വിലയില്‍ മാറ്റമുണ്ടായില്ല. ഒമ്പതിന് 120 രൂപ ഉയര്‍ന്ന് 42,320 രൂപയിലും എത്തി.

മാര്‍ച്ചില്‍ കൂടും?
എന്നാല്‍ പത്താം തിയതി 400 രൂപ കുറഞ്ഞു. പിന്നീട് വിലയില്‍ പലപ്പോഴായി കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി 13, 14, 16, 17 തിയതികളില്‍ സ്വര്‍ണ വില കുറഞ്ഞു. ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 27 വരെ സ്വര്‍ണത്തിന് വില കുറയുകയായിരുന്നു. ഇതോടെ വിപണി വില 41,080 രൂപയില്‍ എത്തി. എന്നാല്‍ ഫെബ്രുവരി 28 ന് സ്വര്‍ണത്തിന് 80 രൂപ കൂടിയതോടെ 41160 രൂപയില്‍ എത്തി.












Click it and Unblock the Notifications