പിടി തരാതെ സ്വര്‍ണവില; ചാഞ്ചാട്ടം തുടരുന്നു... ഇന്നത്തെ പവന്‍ വിലയില്‍ മാറ്റം, രൂപ-ഡോളര്‍ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞു നിന്നിരുന്ന സ്വര്‍ണം ഇന്ന് നേരിയ തോതില്‍ മുന്നേറി. 53000ത്തിന് മുകളിലേക്ക് വീണ്ടും സ്വര്‍ണമെത്തി എന്നതാണ് എടുത്തുപറയേണ്ട മാറ്റം. വിലയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ വില കുറയാന്‍ കാത്തുനില്‍ക്കാതെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 54080 രൂപയായിരുന്നു. പിന്നീട് വലിയ ഇടിവ് രേഖപ്പെടുത്തി 52560 രൂപയിലെത്തി. ഈ അവസരം ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ മാസം 10നാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് നേരിയ തോതില്‍ മുന്നേറി. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്...

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത് 53120 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6640 രൂപയിലെത്തി. വരും ദിവസങ്ങളിലും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കുന്നു. ചൈനയില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ച വേളയില്‍ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ചൈനക്കാര്‍ മറ്റു നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നാണ് വിവരം.
ഡോളര്‍ സൂചികയില്‍ നേരിയ ഇടിവാണ് കാണുന്നത്. 105.25 എന്ന നിരക്കിലാണ് ഡോളര്‍. അതേസമയം, രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 83.43 ആണ് നിരക്ക്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 83.43 ഡോളര്‍ നല്‍കണം. മറ്റു കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയത്തിലും നേരിയ വ്യതിയാനമുണ്ട്. ഡോളര്‍ മുന്നേറ്റം കാഴ്ചവയ്ക്കുമ്പോള്‍ സ്വര്‍ണവിലയില്‍ കുറവ് വരും.
ക്രൂഡ് ഓയില്‍ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുന്നത് തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 85.07 ഡോളര്‍ ആണ് പുതിയ വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 81.35 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 84.33 ഡോളറുമാണ് പുതിയ വില. ഒരാഴ്ച മുമ്പ് എണ്ണ വില 80 ഡോളറില്‍ താഴെയായിരുന്നു. രാഷ്ട്രീയ മാറ്റങ്ങളും ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആവശ്യം വന്നതുമാണ് എണ്ണ വില കയറാന്‍ കാരണം.
യുക്രൈന്‍-റഷ്യ തര്‍ക്കം എണ്ണ വിലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം രൂക്ഷമായത്. ഇപ്പോള്‍ ലബ്‌നാന്‍-ഇസ്രായേല്‍ യുദ്ധ സാഹചര്യവും രൂപപ്പെടുകയാണ്. പശ്ചിമേഷ്യയില്‍ ആശങ്ക സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ വില ഉയര്‍ന്നാല്‍ സ്വര്‍ണം ഉള്‍പ്പെടെ വിപണിയിലെ എല്ലാ ലോഹങ്ങള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും വിലമാറ്റം സംഭവിക്കും.












Click it and Unblock the Notifications