ഇപ്പോള്‍ സ്വര്‍ണം വാങ്ങല്ലേ... സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വരും ദിവസങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ
സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞുവരികയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണിത്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും താഴ്ന്നു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. ഫെബ്രുവരി ഒന്നിനുണ്ടായിരുന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണം. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് വിലയിടിവിന് കാരണം. വരുംദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നുകൂടി കാത്തിരുന്ന ശേഷം വാങ്ങുന്നതാകും ലാഭകരം. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. പുതിയ വില സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ...

ഇന്നത്തെ സ്വര്‍ണവില
ഓരോ ദിവസവും സ്വര്‍ണവിലയില്‍ നേരിയ ഇടിവ് സംഭവിക്കുകയാണ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 41200 രൂപയാണ്. ഗ്രാമിന് 5150 രൂപയും. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഏറ്റവും ഉയര്‍ന്ന വിലയായ 42880 രൂപ രേഖപ്പെടുത്തിയതും ഈ മാസം തന്നെയായിരുന്നു.

ആഭരണം വാങ്ങുമ്പോള്‍
പവന് 41200 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി ഉള്‍പ്പെടെ 45000 രൂപയോളം വരും. ആഭരണങ്ങളുടെ ഡിസൈന് അനുസരിച്ചാണ് പണിക്കൂലി നിര്‍ണയിക്കുക. കൂടുതല്‍ ഡിസൈന്‍ വരുന്ന ആഭരണങ്ങളാണെങ്കില്‍ ഉയര്‍ന്ന പണിക്കൂലി ഈടാക്കും. അതേസമയം, സാധാരണ ആഭരണങ്ങള്‍ക്ക് 4 ശതമാനം മുതല്‍ പണിക്കൂലി വാങ്ങുന്ന ജ്വല്ലറികളുമുണ്ട്.

സ്വര്‍ണവില കുറയാന്‍ കാരണം
എന്താണ് ഇപ്പോള്‍ സ്വര്‍ണവില കുറഞ്ഞുവരാന്‍ കാരണം എന്ന ചോദ്യം സ്വാഭാവികമാണ്. അമേരിക്കന്‍ വിപണിയില്‍ വന്ന മാറ്റങ്ങളാണ് എന്ന് ഒറ്റവാക്കില്‍ മറുപടി പറയാം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചന വന്നിട്ടുണ്ട്. മാത്രമല്ല, ഡോളറിന്റെ മൂല്യം കൂടി വരികയാണ്. ഇതും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി.

ഡോളര്‍ ഇന്‍ഡക്‌സ്
ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. ഡോളര്‍ ഇന്‍ഡക്‌സില്‍ മറ്റു കറന്‍സികള്‍ക്ക് കരുത്ത് വര്‍ധിക്കുമ്പോള്‍ ഡോളറിന് കരുത്ത് കുറയും. ഇതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കും. ഈ വേളയില്‍ വില കൂടുകയാണ് ചെയ്യുക. മറിച്ച് സംഭവിക്കുമ്പോള്‍ വാങ്ങല്‍ കുറയുകയും വില ഇടിയുകയും ചെയ്യും.

അല്‍പ്പം കാത്തിരിക്കാം
ഫെബ്രുവരി 1ന് 42200 രൂപയായിരുന്നു പവന്‍ വില. തൊട്ടടുത്ത ദിവസം 42880 രൂപയായി ഉയര്‍ന്നു. പിന്നീട് വിലയില്‍ ചാഞ്ചാട്ടമായിരുന്നു. ശേഷം നേരിയ കുറവ് സംഭവിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വില കുറഞ്ഞ് വരികയാണ്. ഫെബ്രുവരി ഒന്നിലെ വിലയിലേക്ക് എത്തി. ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാകും ബുദ്ധി.












Click it and Unblock the Notifications