സ്വര്‍ണം വാങ്ങാന്‍ ഒരു ലക്ഷം ചെലവാക്കേണ്ട; 67000 രൂപ മതി, ബാക്കി കാശ് ലാഭം, ഈ വഴി നോക്കൂ
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞു വരുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ വില കൂടിയിട്ട് കൈയ്യിലുള്ള പഴയ സ്വര്‍ണം വില്‍ക്കാമെന്ന് കരുതിയവര്‍ക്കാണ് തിരിച്ചടി. അത്തരക്കാര്‍ ഇനിയും കാത്തിരുന്ന് വില വര്‍ധിച്ച ശേഷം വില്‍ക്കാമെന്നത് മാത്രമാണ് പോംവഴി. അടിയന്തര ആവശ്യമുള്ളവര്‍ കുറഞ്ഞ ലാഭത്തിന് വില്‍ക്കേണ്ടി വരും.
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന് വലിയ തോതിലുള്ള വില വര്‍ധനവ് ഉടനെയുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണവില കുറയാനുള്ള ഘടകങ്ങള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ മേല്‍ക്കൈ. അതേസമയം, ഈ സാഹചര്യം മാസങ്ങള്‍ പിന്നിടുമ്പോള്‍ മാറുമെന്ന് പ്രവചിക്കുന്ന വിപണി നിരീക്ഷകരുണ്ട്. ഈ സാഹചര്യത്തില്‍ വില കുറഞ്ഞ സ്വര്‍ണത്തെ കുറിച്ച് അറിയാം...

22 കാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ പ്രിയം. ഒരു പവന്‍ സ്വര്‍ണത്തിന് 104560 രൂപയാണ് ഇന്നത്തെ വില. ഇത്രയും വില കൂടിയ സാഹചര്യത്തില്‍ മറ്റു കാരറ്റുകളിലെ സ്വര്‍ണവും ജനപ്രിയമായിട്ടുണ്ട്. 18, 14, 9 കാരറ്റ് സ്വര്‍ണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. 85560 രൂപയാണ് 18 കാരറ്റ് സ്വര്‍ണം പവന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം പവന് 66920 രൂപ നല്‍കണം. അതേസമയം, 9 കാരറ്റ് പവന് 43160 രൂപയാണ് വില.
താഴ്ന്ന കാരറ്റ് സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആഭരണം മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. കോയിനോ, ബാറോ കിട്ടില്ല. ആഭരണം നിര്‍മിക്കുമ്പോള്‍ പൂര്‍ണമായ സ്വര്‍ണം ഉപയോഗിക്കില്ല. കരുത്ത് ലഭിക്കാന്‍ മറ്റു ലോഹങ്ങളും ചേര്‍ക്കും. പ്രധാനമായും ചെമ്പ് ആണ് ചേര്‍ക്കുക. ചെമ്പും സ്വര്‍ണവും നിശ്ചിത അനുപാതത്തിലാണ് ചേര്‍ക്കുക. സ്വര്‍ണത്തിന്റെ അംശം കുറയുന്നതിന് അനുസരിച്ച് കാരറ്റ് കുറയും.
14 കാരറ്റ് ആഭരണം വാങ്ങുന്നോ?
14 കാരറ്റ് സ്വര്‍ണത്തില്‍ 58 ശതമാനമാണ് സ്വര്‍ണം. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങള്‍ മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. വലിയ സൈസിലുള്ള ആഭരണം കിട്ടില്ല. സാധാരണ ഉപയോഗത്തിന് സാധിക്കും. കൗമാരക്കാരായ ഉപഭോക്താക്കള്‍ ഇത്തരം സ്വര്‍ണം ചോദിച്ചു വരുന്നുണ്ടെന്ന് എറണാകുളത്തെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. താരതമ്യേന വില കുറയുമെന്നതും നല്ല മോഡല്‍ ലഭിക്കുമെന്നതുമാണ് നേട്ടം.
ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ 14 കാരറ്റ് സ്വര്‍ണം ലഭിച്ചേക്കില്ല. ബുക്ക് ചെയ്താല്‍ എത്തിച്ചുകൊടുക്കുന്ന ജ്വല്ലറികളുണ്ട്. ഇത്തരം ആഭരണങ്ങള്‍ക്ക് പണിക്കൂലി അല്‍പ്പം കൂടുതലായിരിക്കും. ബാങ്കില്‍ സ്വര്‍ണ വായ്പക്ക് ഈടായി സ്വീകരിക്കില്ല. കുറച്ചുകാലം കഴിഞ്ഞാല്‍ മാറ്റ് കുറയാന്‍ സാധ്യതയുണ്ട്. ജ്വല്ലറിയില്‍ തന്നെ മറിച്ച് വില്‍ക്കുന്ന വേളയില്‍ 14 കാരറ്റിന് അന്ന് ലഭിക്കുന്ന വില അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക.
ആഭരണം ധരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 14 കാരറ്റ് ഉപയോഗിക്കാം. വില, പണിക്കൂലി, മറിച്ചു വില്‍ക്കുമ്പോഴുള്ള നിബന്ധനകള്‍ എന്നിവ ഉപഭോക്താവ് ജ്വല്ലറി വ്യാപാരിയിയില്‍ നിന്ന് ചോദിച്ചു മനസിലാക്കുകയും ഹാള്‍മാര്‍ക്കിങ് ചെയ്ത ആഭരണങ്ങളാണ് എന്ന് ഉറപ്പിക്കുകയും ബില്ല് സൂക്ഷിക്കുകയും ചെയ്യണം.


Click it and Unblock the Notifications
