സ്വര്‍ണവില താഴോട്ട്; അവസരം മുതലാക്കാന്‍ ഉപഭോക്താക്കള്‍, നാലാം ദിനം നേരിയ ആശ്വാസം
കൊച്ചി: മൂന്ന് ദിവസമായി തുടരുന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്ന് സ്വര്‍ണവില അല്‍പ്പം താഴോട്ട് നീങ്ങി. നേരിയ ഇടിവാണ് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങുമ്പോള്‍ ഗുണം ചെയ്യും. വരും ദിവസങ്ങളിലും നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ നികുതി കൂട്ടിയാല്‍ കാര്യങ്ങള്‍ മാറിമറിയും. മാത്രമല്ല, മറ്റു ചില ആശങ്കകളും ബാക്കിയാണ്.
ഡോളര്‍ കരുത്ത് കുറയുകയാണ് എന്നതിനാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറാനും വില കൂടാനും സാധ്യതയുണ്ട്. അതേസമയം, ഇന്ത്യന്‍ രൂപ അല്‍പ്പം കരുത്ത് കൂടിയത് സ്വര്‍ണവില കുറയുന്നതിലേക്കും വിരല്‍ ചൂണ്ടുന്നു. ക്രൂഡ് ഓയില്‍ വിലയും ബിറ്റ് കോയിന്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെള്ളിയുടെ വിലയും ഇന്ന് അല്‍പ്പം താഴോട്ട് നീങ്ങി.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 60320 രൂപയാണ് വില. 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 7540 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയായി. വൈള്ളിയുടെ വിലയില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലേക്ക് ഇടിഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2761 ഡോളര്‍ ആണ് വില.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 57200 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3120 രൂപയുടെ കുറവായിരുന്നു അന്ന്. ക്രമേണ വില കൂടിവരുന്നു എന്നാണ് സ്വര്‍ണത്തിന്റെ കഴിഞ്ഞാകാല കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുക. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കാന്‍ പറ്റില്ല. നേരിയ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം.
ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില കൂടുന്നത് എങ്ങനെ
ഡോളര്‍ സൂചിക 107 എന്ന നിരക്കിലെത്തി. നേരത്തെ 110 വരെ ഉയര്‍ന്ന ശേഷമാണ് ഈ ഇടിവ്. ഡോളറുമായി മല്‍സരിക്കുന്ന ആറ് പ്രധാന കറന്‍സികളുണ്ട്. ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെന്‍, യൂറോ, സിംഗപ്പൂര്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍, ചൈനയുടെ യുവാന്‍ എന്നിവയാണവ. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ ഇവ കരുത്ത് വര്‍ധിപ്പിക്കുകയും കൂടുതല്‍ സ്വര്‍ണം വാങ്ങുകയും ചെയ്യും. ഇതോടെ സ്വര്‍ണ വില വര്‍ധിക്കും.
ഡോളര്‍ കരുത്ത് കുറഞ്ഞതോടെ ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മൂല്യം കൂടി. 86.38 എന്ന നിരക്കിലാണ് രൂപ. അതേസമയം, കൊളിംബയക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് ആഗോള വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബ്രസീലില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചതും വിവാദമായി. പാനമക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും ട്രംപ് നല്‍കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴ്ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളറായി ഇടിഞ്ഞു. നേരത്തെ 82 ഡോളര്‍ വരെ കയറിയിരുന്നു. വില കുറയ്ക്കണം എന്ന് ട്രംപ് ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കെയാണ് ഇടിവ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കം സ്വര്‍ണവില കൂടുന്നതിലേക്ക് നയിച്ചേക്കും.












Click it and Unblock the Notifications