സ്വർണവിലയിലെ ട്രെൻഡ് മാറുന്നു, 1 ലക്ഷത്തിന് താഴേക്ക് വില അതിവേഗം പോകുമോ? സ്വർണവ്യാപാരി പറയുന്നു
സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ പോകുന്നത് തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് 5000 രൂപയാണ്. ഇന്ന് ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു.
ഇതോടെ പവന്‍ വില 114960 രൂപയില്‍ എത്തി നില്‍ക്കുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാനുളള സാധ്യതയാണ് സ്വര്‍ണ വ്യാപാരിയായ അരുണ്‍ മാര്‍ക്കോസ് സീ ന്യൂസ് മലയാളത്തിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്.
അരുൺ മാർക്കോസിന്റെ വാക്കുകൾ: 'ഇപ്പോഴത്തെ സാഹചര്യത്തില്‍, ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് ഒരു ഗ്രാമിന് 135 രൂപയാണ്. വില കുറഞ്ഞതില്‍ നിന്ന് വര്‍ധിക്കുന്ന ഒരു ട്രെന്‍ഡിലേക്ക് എത്തിയിരുന്നു. ആ ട്രെന്‍ഡില്‍ നിന്ന് വീണ്ടും പിന്നിലേക്ക് പോകുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയായി കണ്ട് കൊണ്ടിരിക്കുന്നത്.
തുടര്‍ച്ചയായി നൂറോ അതിലധികമോ രൂപ ഗ്രാമിന് കുറയുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നത്. അത് കുറച്ച് കൂടി വില കുറഞ്ഞ് കൊണ്ട് മുന്നോട്ട് പോകാനുളള സാധ്യതയുണ്ട്. എന്തായാലും ഒരു ലക്ഷത്തിന് മുകളില്‍, 105000ത്തിനുള്ളില്‍ത്തന്നെ വില നില്‍ക്കാനുളള സാധ്യതയാണ് കാണുന്നത്. പക്ഷേ വില കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ല.

ചെറിയ എന്തെങ്കിലും ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഒരുപക്ഷേ വില വീണ്ടും തിരിച്ച് കയറി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനും അധിക സമയം വേണ്ട. സ്വര്‍ണം വാങ്ങാനല്ല വില്‍ക്കുന്ന ട്രെന്‍ഡാണ് കണ്ട് വന്നിരുന്നത്. അടിക്കടി വില കൂടുകയായിരുന്നല്ലോ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുന്‍പ് വരെ അതായിരുന്നു സ്ഥിതി. അപ്പോള്‍ ആളുകള്‍ വില്‍ക്കാന്‍ ഒരു മടി കാണിച്ചിരുന്നു, വില കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷയില്‍.
പക്ഷേ ഇപ്പോള്‍ സ്വര്‍ണവില താഴേക്ക് കൂപ്പുകുത്തുന്ന അവസ്ഥയില്‍ ആളുകള്‍ വീണ്ടും വില്‍ക്കാനായിട്ട് വരുന്നുണ്ട്. വാങ്ങാനുളള ആളുകള്‍ സ്വര്‍ണവിലയെ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. കുറച്ച് കൂടി കഴിഞ്ഞ് വാങ്ങാം എന്നുളള പ്രതികരണങ്ങളാണ് കസ്റ്റമേഴ്‌സില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് തന്നെയാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍.
അതേസമയം യുവതലമുറയില്‍പ്പെട്ട ആളുകള്‍ ലൈറ്റ് വെയ്റ്റ് ആയിട്ടുളള 18 കാരറ്റ് ആഭരണങ്ങള്‍ ദിവസവും ഉപയോഗിക്കാനായി വാങ്ങുന്നുണ്ട്. ഡെയ്‌ലി വെയര്‍ വിപണയില്‍ 18 കാരറ്റിനാണ് പ്രിയം കൂടുതല്‍. അല്ലാതെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍, ഒരു നിക്ഷേപമായും പിന്നീട് പണമാക്കി മാറ്റാനും ഉദ്ദേശിക്കുന്ന ആളുകള്‍ 22 കാരറ്റ് സ്വര്‍ണം തന്നെയാണ് തിരഞ്ഞെടുക്കുന്നത്.



Click it and Unblock the Notifications