സ്വര്‍ണത്തിന് വില കുത്തനെ കുറയും; പക്ഷേ, ഈ മാറ്റങ്ങള്‍ സംഭവിക്കണം, വല്ലതും നടക്കുമോ
കൊച്ചി: സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണ് സംഭവിക്കുന്നത്. വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കും ഒരുങ്ങുന്നവരുടെ നെഞ്ചില്‍ തീ വീഴ്ത്തിക്കൊണ്ടാണ് ഈ വിലക്കയറ്റം. പഴയ സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഏറെ സന്തോഷമാണെങ്കിലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഒന്ന് മാത്രമേ അറിയേണ്ടൂ. സ്വര്‍ണത്തിന് അടുത്തെങ്ങാനും വില കുറയുമോ എന്ന്.
സ്വര്‍ണത്തിന് വന്‍തോതിലുള്ള വിലക്കുറവ് സാമ്പത്തിക നിരീക്ഷകര്‍ നിലവില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തും 2020ലെ കൊവിഡ് പ്രതിസന്ധി കാലത്തും സമാനമായ രീതിയില്‍ വലിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് വലിയ കുറവ് വന്നു. ശേഷം പതിയെ ഉയര്‍ന്ന് ഉയര്‍ന്നാണ് ഇന്നത്തെ 45000ത്തില്‍ എത്തിയത്.

സ്വര്‍ണവില കുറയണമെങ്കില്‍ ഒട്ടേറെ ഘടകങ്ങളില്‍ മാറ്റം സംഭവിക്കണം. 2015ല്‍ 20000ത്തില്‍ താഴെയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ഇരട്ടിയിലധികം വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ 100 ദിവസത്തിനിടെ മാത്രം 4500 രൂപയുടെ വര്‍ധനവാണുണ്ടായത്. ആഗോള വിപണിയില്‍ ആശങ്ക വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമായി രാജ്യങ്ങളും വ്യക്തികളും സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില കൂടാന്‍ കാരണം എന്ന് ഒറ്റവാക്കില്‍ പറയാം.
എന്നാല്‍ വില കുറയണമെങ്കില്‍ ഇനി എന്താണ് സംഭവിക്കേണ്ടത് എന്ന് കൂടി അറിയണം. ഡോളറുമായുള്ള രൂപയുടെ മൂല്യം 82 ല്‍ നില്‍ക്കുകയാണ്. രൂപയുടെ മൂല്യം കൂടിയാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും. സ്വര്‍ണത്തിന് ആഗോള വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. വര്‍ധിച്ചുവന്നിട്ടുള്ള ഈ ആവശ്യം കുറഞ്ഞാലും സ്വര്‍ണത്തിന് വില താഴുമെന്ന് ഉറപ്പാണ്.
സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. സാമ്പത്തിക മാന്ദ്യം വരികയാണ് എന്ന പ്രതീതി വിപണിയിലുണ്ടായതാണ് ഇതിലൊന്ന്. അമേരിക്കയിലും സ്വിറ്റ്‌സര്‍ലാന്റിലും ബാങ്കുകള്‍ തകരുകയും ചെയ്തു. ഇതോടെ ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ആവശ്യക്കാര്‍ ഏറാനും വില ഉയരാനും കാരണം. കൂടാതെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം സംഭരിച്ചുവെക്കാനും ശ്രമിക്കുന്നു.
സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകരുടെയും ബാങ്കുകളുടെയും ശ്രദ്ധ തിരിയണം എങ്കില്‍ ലോക സാമ്പത്തിക രംഗം ശക്തിപ്പെടണം. തകര്‍ന്ന ബാങ്കുകളെ വന്‍കിട ബാങ്കുകള്‍ ഏറ്റെടുത്തത് നേരിയ ആശ്വാസമാണ്. അമരിക്കയിലെ ചില കണക്കുകളും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമാണ്. വന്‍കിട രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന് വില കൂടാന്‍ മറ്റൊരു കാരണം. ഡോളര്‍ ഇന്‍ഡക്‌സ് ശക്തിപ്പെട്ടാല്‍ സ്വര്‍ണവില താഴും.
2019ല്‍ സ്വര്‍ണത്തിന് 29000 രൂപയായിരുന്നു വില. കൊവിഡ് വന്നതോടെ വിപണിയില്‍ ആശങ്ക പരക്കുകയും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുകയും ചെയ്തു. ഇതോടെ വില ഉയരാന്‍ തുടങ്ങി. 2020 ആഗസ്റ്റില്‍ പവന് 42000 രേഖപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ രോഗ ഭീതി അകന്നതോടെ വിപണിയില്‍ ആശ്വാസം പ്രകടമായി. വില കുറയാന്‍ തുടങ്ങി. 33000 വരെ താഴ്ന്നു. പിന്നീട് വീണ്ടും ഉയര്‍ന്നു.
മേല്‍പ്പറഞ്ഞ പല കാര്യങ്ങളും ആഗോള വിപണിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ വില വര്‍ധിക്കുന്നതിന് മറ്റുചില ഘടകങ്ങള്‍ കൂടിയുണ്ട്. അതിലൊന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി നികുതി. നേരത്തെ ഇറക്കുമതി നികുതി 2 ശതമാനമായിരുന്നു. ഇപ്പോള്‍ 15 ശതമാനമാണ്. 2011ല്‍ രൂപയുടെ മൂല്യം 46 ആയിരുന്നു. ഇന്ന് 82 ആണ്. ഇതിലും മാറ്റം വന്നാല്‍ മാത്രമേ വില വന്‍തോതില്‍ കുറയൂ. സമീപ ഭാവിയില്‍ ഇത്രയും മാറ്റങ്ങള്‍ ഒരുമിച്ച് സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല.












Click it and Unblock the Notifications