സ്വര്‍ണവില കുറയും; ആഭരണ പ്രേമികള്‍ക്ക് സന്തോഷിക്കാം, ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം, പുതിയ മാറ്റം ഇങ്ങനെ
കൊച്ചി: രാജ്യത്ത് സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങി. നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വര്‍ണവിപണിക്ക് ആശ്വാസമാണ്. ജ്വല്ലറി വ്യാപാരികളുടെ ആവശ്യം ബജറ്റില്‍ അംഗീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇറക്കുമതി ചുങ്കം ആറ് ശതമാനമാക്കി കുറയ്ക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.
സമീപകാലത്ത് സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവാണുണ്ടായിരുന്നത്. ഒരു പവന് 55000 രൂപ കടക്കുന്ന സാഹചര്യവുമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ് ഇതിന് ഒരു കാരണം എന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു. നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വ്യാപാരികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വേളയിലുണ്ടായ ബജറ്റ് പ്രഖ്യാപനം ആശ്വാസകരമാണ്. സ്വര്‍ണവിലയില്‍ എന്തു മാറ്റമാണ് സംഭവിക്കുക എന്ന് വിശദീകരിക്കാം...

നിലവില്‍ ഒന്നിലധികം നികുതികളാണ് സ്വര്‍ണത്തിന്മേലുള്ളത്. 10 ശതമാനമാണ് അടിസ്ഥാന ഇറക്കുമതി ചുങ്കം. ഇതിന് പുറമെ സെസ് കൂടിയുണ്ട്. കൂടാതെ ജിഎസ്ടിയും. മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. എല്ലാം കൂടി ചേര്‍ത്താണ് 18 ശതമാനം നികുതി സ്വര്‍ണത്തിന് വരുന്നത്. നികുതിയില്‍ ഇളവ് വരുത്തിയാല്‍ ആഭരണ വിപണി സജീവമാകുമെന്നും സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ സാധിക്കുമെന്നും ജ്വല്ലറി വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറ് ശതമാനമാക്കി കുറച്ചിരിക്കുന്നത്. വെള്ളിയുടെ ഇറക്കുമതി നികുതിയും ആറ് ശതമാനത്തിലേക്ക് എത്തും. പ്ലാറ്റിനത്തിന്റെ ഇറക്കുമതി നികുതിയും കുറയും. സ്വര്‍ണത്തിന് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്കും സെസ് 5 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്കുമാണ് കുറഞ്ഞിരിക്കുന്നത് എന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ഇറക്കുമതി നികുതി ആറ് ശതമാനത്തിലേക്ക് കുറയുമെങ്കിലും ജിഎസ്ടി മൂന്ന് ശതമാനം തുടരും. സ്വര്‍ണത്തിന് നിലവിലുള്ള വിലയില്‍ നിന്ന് കാര്യമായ കുറവ് വരാന്‍ വഴിയൊരുങ്ങി എന്ന് പറയാം. നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയുമ്പോള്‍ ആനുപാതിക കുറവ് ആഭരണങ്ങളുടെ വിലയിലും പ്രകടമാകും. അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 18 ശതമാനത്തില്‍ നിന്ന് 9 ശതമാനത്തിലേക്ക് സ്വര്‍ണ നികുതി എത്തി എന്ന് പറയാം.
അതിനിടെ, കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്. പവന് 54000ത്തിന് താഴേക്ക് എത്തി. എട്ട് ഗ്രാം ഉള്‍പ്പെടുന്ന സ്വര്‍ണമാണ് ഒരു പവന്‍. 22 കാരറ്റിന്റെ ഒരു പവന് 53960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6745 രൂപയും. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇനിയും വില കുറയാന്‍ വഴിയൊരുങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ വ്യാപാര മേഖല പ്രതീക്ഷിക്കുന്നുണ്ട്. ആഭരണ നിര്‍മാണ മേഖല സജീവമാകുമെന്നും അവര്‍ കരുതുന്നു.












Click it and Unblock the Notifications