സ്വര്‍ണം വാങ്ങുന്നവര്‍ അല്‍പ്പം കാത്തിരിക്കൂ; വില 50000 രൂപയായി കുറയും, ഈ മാറ്റം വരുമെന്ന് പ്രവചനം
ഓരോ ദിവസവും സ്വര്‍ണവില അടിക്കടി കയറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 6000 രൂപ വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് നിലവിലെ വിപണി സാഹചര്യം വിലയിരുത്തി പല സാമ്പത്തിക വിദഗ്ധരും പറയുന്നത്. എന്നാല്‍ അല്‍പ്പം കാത്തിരുന്നാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്ന് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.
സിറ്റി ബാങ്ക് അടുത്തിടെ പ്രവചിച്ചത് സ്വര്‍ണവില കുത്തനെ ഇടിയുമെന്നാണ്. അതായത്, ഉടനെ കുറയും എന്നല്ല. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3500 ഡോളര്‍ കടന്ന് കുതിച്ചിട്ടുണ്ട്. ഇത് 2500-3000 ഡോളറിന് ഇടയിലേക്ക് വീഴുമെന്നാണ് സിറ്റി ബാങ്ക് പ്രവചിച്ചത്. അടുത്ത വര്‍ഷം രണ്ടാംപകുതിയോടെയാണ് ഇത് സാധ്യമാകുക എന്നും അവര്‍ കരുതുന്നു. സമാനമായ മറ്റൊരു പ്രവചനവും ഇപ്പോള്‍ വന്നിരിക്കുകയാണ്...

യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയത് മുതലാണ് സ്വര്‍ണവില വളരെ പെട്ടെന്ന് കുതിക്കാന്‍ തുടങ്ങിയത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇതോടെ ഇല്ലാതായി. അതിനൊപ്പമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇറക്കുമതി തീരുവ ട്രംപ് കൂട്ടുകയാണ് ചെയ്തത്.
ലോകത്ത് മൂന്ന് തരം നിക്ഷേപമാണ് പ്രധാനമായും നടക്കുന്നത്. ഒന്ന് ഓഹരി വിപണിയിലാണ്. മറ്റ് രണ്ടെണ്ണം ഡോളറിലും സ്വര്‍ണത്തിലും. വ്യാപാര വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിയും. കയറ്റുമതി പ്രതിസന്ധിയിലാകുന്നതോടെ ജോലി അവസരം കുറയുമെന്നും വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കണ്ട് നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറും.
സ്വര്‍ണവില കുറയുക ഇങ്ങനെ
ഡോളര്‍, ഓഹരി വിപണി പ്രതിസന്ധിയിലാകുന്നതോടെ എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കും. ആ അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നും ഇതില്‍ മാറ്റം വരുമ്പോള്‍ സ്വര്‍ണവില കുറഞ്ഞ് പവന് 50000ത്തിന് താഴേക്ക് എത്തുമെന്നും സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. ട്രംപിന് കൂടുതല്‍ കാലം വ്യാപാര യുദ്ധം തുടരാന്‍ സാധിക്കില്ല എന്നാണ് അവര്‍ പറയുന്നത്. കാരണം, റഷ്യ, ഇന്ത്യ, ചൈന പോലുള്ള പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മ വരുമ്പോള്‍ ട്രംപ് പ്രതിസന്ധിയിലാകും.
അതിന് പുറമെ അമേരിക്കയിലെ കോടതിയും ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇതേ നില തുടര്‍ന്നാല്‍ ട്രംപ് കൂടുതല്‍ വെല്ലുവിളി നേരിടും. അതോടെ വ്യാപാര യുദ്ധം നീങ്ങുകയും ട്രംപ് മയപ്പെടുത്തിയുള്ള നിലപാടിലേക്ക് എത്തുകയും ചെയ്യും. തുടര്‍ന്ന് വ്യാപാരം ശക്തിപ്പെടുകയും കയറ്റുമതി കരുത്താര്‍ജിക്കുകയും ചെയ്യുന്നതോടെ ഓഹരി വിപണിയും സജീവമാകും.
ഈ മാറ്റം വരുമ്പോള്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങും. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയും. ഈ വേളയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയും. 50000 രൂപയ്ക്ക് താഴേക്ക് എത്തുമെന്നും മേരി ജോര്‍ജ് കരുതുന്നു. എന്നാല്‍ വരുംദിവസങ്ങളില്‍ തന്നെ ഈ മാറ്റം സംഭവിക്കില്ലെന്നും അല്‍പ്പം ക്ഷമയോടെ കാത്തിരിക്കണമെന്നും അവര്‍ സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.












Click it and Unblock the Notifications