സ്വർണ വില മുകളിലേക്ക്; 22 കാരറ്റ് 1 പവന് ഇന്ന് കൊടുക്കേണ്ടത്..18 കാരറ്റ് വിലയും രക്ഷയില്ല
സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് പോകുമെന്ന ആഭരണപ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണ വില ഉയർന്നതോടെ കേരളത്തിലും ഇന്ന് വില ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയഞ്ഞതാണ് ഇന്ന് സ്വർണത്തിന് അനുകൂലമായത്.
ഇറാനെതിരായ ആക്രമണം യു.എസ് കടുപ്പിച്ചതാണ് കഴിഞ്ഞ ദിവസങ്ങൾ സ്വർണം താഴേക്ക് പതിക്കാൻ കാരണമായത്. ആക്രമണം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കത്തിക്കയറിയതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇറാനെതിരെ കൂടുതൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് യു.എസ് ഉയർത്തിയത്. ഇത് വീണ്ടും ക്രൂഡ് വില കത്തിക്കയറാൻ കാരണമാകുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ക്രൂഡ് വില ഉയരുന്നത് ഡോളറിന് കരുത്ത് പകരും. സ്വാഭാവികമായും സ്വർണത്തെ ഉപേക്ഷിച്ച് നിക്ഷേപകർ ഡോളറിലേക്ക് തിരിയും. ഈ സാഹചര്യത്തിൽ കേരളത്തിൽ സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്നായിരുന്നു നിരീക്ഷണങ്ങൾ.

എന്നാൽ ഇറാനെതിരായ ആക്രമണം യു.എസ് ഇപ്പോൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. യു.എസിന് ആയുധങ്ങളുടെ ദൌർലഭ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അടിക്കില്ലെങ്കിൽ തിരിച്ചടിക്കില്ലെന്ന നിലപാട് ഇറാനും സ്വീകരിച്ചത് വിപണിക്ക് ആശ്വാസം പകർന്നു. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണയിൽ സ്വർണ വില ഒരു ശതമാനത്തോളം ഉയർന്നു. നിലവിൽ സ്വർണം ഔണ്‍സിന് 4103.99 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഗ്രാമിന് 85 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വില 13285 രൂപയിൽ നിന്ന് 13,370 രൂപയായാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് പവൻ വില 1,06,960 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 10980 രൂപയാണ് ഗ്രാമിന് വില. അതായത് പവൻ വില 87,840 രൂപ. 5 ശതമാനം അടിസ്ഥാന പണുക്കൂലിയും 3 ശതമാനം ജിഎസ്ടിയും കൂടി ചേരുമ്പോൾ 18 കാരറ്റ് സ്വർണത്തിനും ഒരു പവന് ഒരു ലക്ഷത്തിന് അടുത്ത് നൽകേണ്ടി വരും.
ഇനി സ്വർണ വില ഉയരുമോ?
പശ്ചിമേഷ്യൻ സംഘർഷം അയഞ്ഞെങ്കിലും കഴിഞ്ഞ ദിവസം യുക്രൈൻ സേന ഇറാൻ്റെ കപ്പൽ ആക്രമിച്ചത് വീണ്ടും ഭീതി ഉയർത്തിയിട്ടുണ്ട്. ഇറാൻ യുക്രൈന് നേർക്ക് കൂടി തിരിഞ്ഞാൽ സ്ഥിതി കൂടുതൽ സംഘർഷഭരിതമാകും. ഇത് ക്രൂഡ് ഓയിൽ വിപണിയെ വീണ്ടും കുതിപ്പിലേക്ക് നയിച്ചേക്കും.
ക്രൂഡ് ഓയിൽ വില ഉയർന്ന് നിന്നാൽ പണപ്പെരുപ്പ ഭീതി കൂടുതൽ ശക്തമാകും. ഇപ്പോൾ തന്നെ 10 വർഷ കാലാവധിയുള്ള യുഎസ് ബോണ്ടുകളുടെ നേട്ടം 52 ആഴ്ചയിലെ ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനളള സാധ്യത ശക്തമായിരിക്കുകയാണ്. സപ്റ്റംബറിൽ പലിശ നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും ഡോളർ കരുത്ത് കാണിക്കും. സ്വർണത്തെ കൈവിട്ട് സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും നിക്ഷേകർ കൂട്ടത്തോടെ തിരിയും. ഇത് സ്വർണ വില കുതിച്ചുയരാൻ കാരണമാകും.


Click it and Unblock the Notifications