സ്വർണവില ഒക്ടോബറിൽ ഉയരുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ
സപ്റ്റംബറിൽ സ്വർണവിലയിൽ 6.5 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണിന് ശേഷം സ്വർണം നേരിടുന്ന ഏറ്റവും വലിയ തകർച്ച കൂടിയാണിത്. പശ്ചിമേഷ്യൻ സംഘർഷം കടുത്തതും എണ്ണ വില കുതിച്ചതുമെല്ലാമാണ് സ്വർണത്തിന് തിരിച്ചടിയായത്.
ഈ മാസം സ്വർണം കുതിക്കുമോ അതോ താഴേക്ക് പോകുമോയെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യയിൽ ഉത്സവ സീസണാണ് ഇനി വരാനിരിക്കുന്നത്. മാത്രമല്ല വിവാഹ സീസണും. ഈ സാഹചര്യത്തിൽ സ്വർണവില ഉയരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

'ഭൌമ രാഷ്ട്രീയ പ്രതിസന്ധികൾ സ്വർണത്തിന് അനുകൂലമാകും. പണപ്പെരുപ്പ ആശങ്ക ഉണ്ടെങ്കിലും കേന്ദ്ര ബാങ്കുകൾ സ്വർണ വാങ്ങൽ തുടരുകയാണ്. അടുത്തിടെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയിട്ട് പോലും സ്വർണത്തിന് അതൊരു തിരിച്ചടി ആയിരുന്നില്ല', ബ്രിക്ക്‌വർക്ക് റേറ്റിങ്സ് റിസർച്ച് ഹെഡ് രാജീവ് ശരൺ പറഞ്ഞു.
ഇനി വരാനിരിക്കുന്നത് ഉത്സവ സീസണാണ്. ദീപാവലിയും ദസറയും ദൻതേരാസും ഈ മാസമാണ്. കൂടാതെ വിവാഹ സീസണും. ഇതെല്ലാം തന്നെ സ്വർണവിലയെ മുകളിലേക്ക് നയിക്കും',അദ്ദഹം പറഞ്ഞു. അതേസമയം വില വർധന സ്വർണാഭരണ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. ഉപഭോക്താക്കൾ കുറഞ്ഞ മൂല്യത്തിലുള്ള സ്വർണത്തിലേക്ക് തിരിയും. ലെറ്റ് വെയ്റ്റ് ആഭരണങ്ങൾ കൂടുതലായി വാങ്ങും. അതല്ലെങ്കിൽ നാണയങ്ങളോ സ്വർണക്കട്ടിക്കളോ വാങ്ങും. ചിലർ ഡിജിറ്റൽ ഗോൾഡിൽ കൂടുതലായി നിക്ഷേപിക്കും',അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിലെ ആറ് ശതമാനത്തോളം ഇടിവിന് ശേഷം ഇന്ന് 4150 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവ്യാപാരം നടന്നത്. സ്വർണവില ഇത്രയും കൂപ്പുകുത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് യു.എസ് ട്രഷറി യീൽഡ് വരുമാനം കുതിച്ചുയർന്നതാണ്. 10 വർഷത്തെ ട്രഷറി ബോണ്ട് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഇതോടെ സ്വർണത്തെ ഉപേക്ഷിച്ച് സർക്കാർ ബോണ്ടിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതാണ് വിലയിടിവിന് കാരണമായത്.
അതേസമയം ഓഗസ്റ്റിലെ കോർ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞതോടെ യു.എസ് ഫെഡറൽ റിസർവ് ഒക്ടോബറിൽ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വില വർധിക്കാനാണ് സാധ്യതയെന്ന് മൊണാർക്ക് പിഎംഎസ് അസിസ്റ്റൻ്റ് ഫണ്ട് മാനേജർ ധ്രുവ് ജോഗ്ലേക്കർ പറഞ്ഞു.
വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്ന യു.എസ് തൊഴിൽ കണക്കുകളാണ് വിപണി ഉറ്റുനോക്കുന്നത്. തൊഴിൽ കണക്കുകൾ ഉയർന്നാൽ സ്വാഭാവികമായും അത് പണപ്പെരുപ്പ ആശങ്കകൾ അകറ്റും, ഇത് സ്വർണ വില കുതിക്കാൻ കാരണമാകും', അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications
