സ്വർണവില ഈ വര്‍ഷം പകുതിയോടെ ഒന്നര ലക്ഷത്തിന് മുകളിലേക്ക്, ഇപ്പോഴത്തെ വിലക്കുറവ് സൂചിപ്പിക്കുന്നത്...
ഇന്നും രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റം വന്നത്. രാവിലെ ഞെട്ടിച്ച സ്വർണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. രാവിലെ 1520 രൂപയാണ് സ്വർണവില പവന് കൂടിയത്. വൈകിട്ടോടെ 800 രൂപ കുറഞ്ഞതോടെ പവൻ വില 117520 രൂപയിലേക്ക് എത്തി. അതേസമയം പണിക്കൂലി അടക്കം കൊടുത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒന്നരലക്ഷത്തിന് അടുത്ത് ചിലവാകും.
ഇപ്പോഴുളള ഈ ചെറിയ വിലക്കുറവ് വലിയൊരു വിലയിടിവിന്റെ സൂചനയായി കാണാനാകില്ലെന്ന് പറയുകയാണ് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ്. '' സ്വര്‍ണവ്യാപാരം പഴയ നിലയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. സ്വര്‍ണവിലയിലുളള ഈ മാറ്റങ്ങള്‍ ആളുകളെ വളരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ന് രാവിലെ വില വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യമായിരുന്നു. ഉച്ചയ്ക്ക് ശേഷം പവന് 800 രൂപ കുറഞ്ഞു. അത് ആളുകള്‍ക്കിടയില്‍ സ്വര്‍ണവില കുറയും എന്നുളള സന്ദേശമാണ് എത്തിച്ചിരിക്കുന്നത്.
പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം ചെറിയ വിലക്കുറവുകള്‍ വലിയൊരു കുറവിലേക്കുളള മാറ്റമായി കാണേണ്ടതില്ല. ഇപ്പോള്‍ ലഭിക്കുന്ന വിലക്കുറവില്‍ ആളുകള്‍ക്ക് പരമാവധി സ്വര്‍ണം വാങ്ങി വെക്കാന്‍ പറ്റിയ സമയമാണ്. ഈ വര്‍ഷം പകുതിയോടെ തന്നെ വില ഒന്നര ലക്ഷത്തിന് മുകളിലേക്ക് എത്തും എന്നുളളത് ഉറപ്പാണ്.

പണ്ടൊക്കെ പത്രമാധ്യമങ്ങളില്‍ നമുക്ക് ഓരോ ജ്വല്ലറികളുടേയും പുതിയ ഷോറൂമുകള്‍ വരുന്നതിന്റെ പരസ്യങ്ങളൊക്കെ കാണാം. പുതിയ ആളുകള്‍ ഈ മേഖലയിലേക്ക് കടന്ന് വരുന്ന ട്രെന്‍ഡ് ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പുതിയ ജ്വല്ലറികള്‍ ആരംഭിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. അതിന് ആവശ്യമായ കച്ചവടം ഇപ്പോഴില്ല എന്നതാണ് കാരണം.
മുന്‍പ് ഉളളതിനേക്കാള്‍ പകുതിയില്‍ താഴേക്ക് വ്യാപാരം പോയതോടെ വ്യാപാരികള്‍ വലിയ ബുദ്ധിമുട്ടിലാണ്. സാധാരണക്കാരായ ചെറുകിട വ്യാപാരികളൊക്കെ ലോണൊക്കെ എടുത്താണ് വ്യാപാരം നടത്തുന്നത്. അവരെ സംബന്ധിച്ച് ഇഎംഐ അടക്കുന്നതിനോ കെട്ടിട വാടക, സ്റ്റാഫുകളുടെ ശംമ്പളം കൊടുക്കാനോ പറ്റുന്നില്ല. സാമ്പത്തിക മാന്ദ്യം രാജ്യത്ത് ഉണ്ടായിരുന്ന പ്രതിഭാസം പോലെയാണ് കച്ചവടമാന്ദ്യം നേരിട്ട് കൊണ്ടിരിക്കുന്നത്.
സ്വര്‍ണ വില കുതിച്ച് കയറുകയും എന്നാല്‍ ആളുകളുടെ സാമ്പത്തികം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് വ്യാപാര രംഗത്ത് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. സ്വര്‍ണ വ്യാപാര മേഖലയില്‍ മാത്രമല്ല ഒട്ടുമിക്ക കച്ചവടമേഖലകളിലൊക്കെ തന്നെ ഈ മാന്ദ്യം ഉണ്ട്. അതിന് പ്രധാന കാരണം അവശ്യ സാധനങ്ങള്‍ക്കുളള വില വര്‍ധനവ് ആണ്. ഇതിനെയൊക്കെ അതിജീവിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ല. അതിന് ശക്തമായ ഒരു ഭരണകൂടം രാജ്യത്തും, അന്താരാഷ്ട്രതലത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നവരെ നിയന്ത്രിക്കാനുളള ഒരു ശക്തിയും വേണം''.












Click it and Unblock the Notifications