സ്വര്‍ണം വില കൂടിയാലും വാങ്ങാം; 5 വര്‍ഷത്തിനിടെ ഇരട്ടി വര്‍ധിച്ചു, 24 കാരറ്റിന് ഒരു കോടി കടന്നു
കൊച്ചി: സ്വര്‍ണത്തിന്റെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നാണ് കഴിഞ്ഞ കാല കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 26 ശതമാനമാണ് വില കൂടിയത്. ഈ വര്‍ഷം ഇതുവരെ 25 ശതമാനത്തില്‍ അധികം വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കൂടുകയാണ്. ആഗോള രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക സാഹചര്യമാണ് വില കൂടാന്‍ കാരണം.
ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും ബോര്‍ഡില്‍ വില പ്രസിദ്ധീകരിക്കാറുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് പരസ്യപ്പെടുത്തുക. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 9080 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 72640 രൂപയുമാണ് വില. അതേസയം, 18, 24 കാരറ്റുകളുടെ വിലയിലും വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

24 കാരറ്റ് സ്വര്‍ണത്തില്‍ മറ്റു ലോഹങ്ങളുടെ അംശമുണ്ടാകില്ല. പൂര്‍ണമായും സ്വര്‍ണമായിരിക്കും. ഇവയുടെ വില വ്യാപാരം തുടങ്ങിയാല്‍ ഓരോ നിമിഷവും മാറിയെന്ന് വരാം. 22 കാരറ്റ് സ്വര്‍ണം രാവിലെ വില തീരുമാനിച്ചാല്‍ വൈകുന്നേരം വരെ തുടര്‍ന്നേക്കും. അപൂര്‍വമായി മാത്രമേ ഉച്ചയ്ക്ക് വിലയില്‍ മാറ്റം വരൂ. എന്നാല്‍ 24 കാരറ്റ് സ്വര്‍ണം മിനുട്ടുകളുടെ വ്യത്യാസത്തില്‍ വില മാറും.
പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ജ്വല്ലറികള്‍ 24 കാരറ്റ് അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുക. ആഗോളതലത്തില്‍ വ്യാപാരം നടക്കുന്നതും സമ്പൂര്‍ണ സ്വര്‍ണത്തിലാണ്. മറ്റു കാരറ്റിലുള്ള സ്വര്‍ണം ആഭരണം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 24 കാരറ്റില്‍ ആഭരണം നിര്‍മിക്കില്ല. ബാറുകളും കോയിനുകളുമാണ് ഈ കാരറ്റില്‍ ലഭ്യമാകുക.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വില മാറ്റം ഇങ്ങനെ
സമ്പൂര്‍ണമായും സ്വര്‍ണം ആയതിനാല്‍ തന്നെ 24 കാരറ്റ് സ്വര്‍ണത്തിന് വില കൂടുതലാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10000 രൂപയ്ക്ക് മുകളിലാണ് വില. അതായത്, പത്ത് ഗ്രാമിന് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരുമെന്ന് ചുരുക്കം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ സ്വര്‍ണത്തിന്റെ വില പരിശോധിച്ചാല്‍ വലിയ വില മാറ്റമാണ് സംഭവിക്കുന്നത് എന്ന് മനസിലാകും.
2021ല്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 48099 രൂപയായിരുന്നു വില. 2022ല്‍ ഇത് അല്‍പ്പം വര്‍ധിച്ച് 55017 രൂപയായി. എന്നാല്‍ 2023 ആയപ്പോഴേക്കും പതിനായിരത്തോളം രൂപയുടെ വര്‍ധനവുണ്ടായി. അതായത്, പത്ത് ഗ്രാമിന് 63203 രൂപയായി ഉയര്‍ന്നു. 2024ല്‍ 15000 രൂപ വര്‍ധിച്ച് 78245 ആയി. ഈ വര്‍ഷം 10 ഗ്രാം സ്വര്‍ണത്തിന് 101865 രൂപ വരെ ഉയര്‍ന്നു. ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന് വില 100180 രൂപയായി. കിലോ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒരു കോടി രൂപയ്ക്ക് മുകളില്‍ ചെലവ് വരും.
ഓരോ വര്‍ഷവും ഏകദേശം 10000 രൂപയുടെ വില മുന്നേറ്റം 24 കാരറ്റ് സ്വര്‍ണത്തിലുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കു പ്രകാരം 22000 രൂപയ്ക്ക് മുകളിലാണ് വര്‍ധനവ്. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവര്‍ 24 കാരറ്റ് വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്. വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം വരില്ല. മാര്‍ക്കറ്റ് വില ലഭിക്കുകയും ചെയ്യും. എന്നാല്‍ ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കുമ്പോള്‍ വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം നേരിടേണ്ടി വരും.
(Disclaimer- കഴിഞ്ഞകാല സ്വര്‍ണവില അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. ഏത് ഇടപാടുകളും ലാഭ-നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് മനസിലാക്കി മാത്രം നടത്തണം)












Click it and Unblock the Notifications