സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നോ? ഈ അബദ്ധങ്ങള്‍ സംഭവിക്കരുത്... അറിയാം സുപ്രധാന കാര്യങ്ങള്‍
സ്വര്‍ണം എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ലോഹമാണ്. അലങ്കാരത്തിനും പ്രതാപത്തിനും മാത്രമല്ല, ആസ്തിയായി സൂക്ഷിക്കാനും സ്വര്‍ണം വാങ്ങുന്നവര്‍ ഏറെയാണ്. ഇത്ര വില കൂടിയിട്ടും ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്തിയിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് സ്വര്‍ണത്തിന് അതിവേഗം വില കൂടിയത്.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിപണിയെയും സ്വര്‍ണത്തെയും പറ്റി അറിയാതെ ജ്വല്ലറികളില്‍ പോയാല്‍ കബളിപ്പിക്കപ്പെട്ടേക്കാം. സ്വര്‍ണത്തിന്റെ വില മാത്രമല്ല അറിയേണ്ടത്. അതിന്റെ പരിശുദ്ധി, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം പ്രധാനം തന്നെ.

വിവിധ പരിശുദ്ധിയിലുള്ള സ്വര്‍ണമുണ്ട്. 18, 22, 24 ക്യാരറ്റിലായിട്ടാണ് വില്‍പ്പന. ഓരോ ക്യാരറ്റിലുള്ള സ്വര്‍ണത്തിനും പരിശുദ്ധിയില്‍ മാറ്റമുണ്ടാകും. ഇന്ത്യയില്‍ പൊതുവേ 22 ക്യാരറ്റ് സ്വര്‍ണമാണ് ജ്വല്ലറികളില്‍ വില്‍ക്കുക. ഇതിന് കരുത്ത് കൂടും. വാങ്ങുന്നതിന് മുമ്പ് സ്വര്‍ണത്തിന്റെ പരിശുദ്ധി ചോദിച്ചറിയണം. ബിഐഎസ് ഹാള്‍മാര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. സ്വര്‍ണത്തിന്റെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകൃതമാണോ എന്ന് ഹാള്‍മാര്‍ക്ക് പരിശോധിച്ചാല്‍ അറിയാം.
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് വാങ്ങേണ്ടത്. കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അംഗീകൃത ഏജന്‍സി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഹാള്‍മാര്‍ക്ക് മുദ്ര പതിക്കുക. സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പണിക്കൂലി. ഇതുള്‍പ്പെടെയാണ് ജ്വല്ലറികളില്‍ നിന്ന് ബില്ല് തരിക.
വാങ്ങുന്ന ആഭരണത്തിന്റെ മോഡലിന് അനുസരിച്ച് പണിക്കൂലിയില്‍ മാറ്റമുണ്ടാകും. ശതമാന കണക്കിലാണ് പണിക്കൂലി പറയുക. വാങ്ങുന്ന ആഭരണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം പണിക്കൂലിയായി വാങ്ങും. അഞ്ച് ശതമാനം മുതലാണ് മിക്ക ജ്വല്ലറികളിലും പണിക്കൂലി. ചില ജ്വല്ലറികളില്‍ മൂന്ന് ശതമാനം മുതല്‍ തുടങ്ങും. സ്വര്‍ണത്തിന്റെ വില മാത്രം അറിഞ്ഞ് ആഭരണം വാങ്ങാനെത്തിയാല്‍ പെട്ടുപോകും. പണിക്കൂലി കൂടി അറിഞ്ഞിരിക്കണം.
സ്വര്‍ണം വാങ്ങുമ്പോള്‍ എത്ര തൂക്കമുണ്ട് എന്ന് കൃത്യമായി മനസിലാക്കണം. മുന്നില്‍ വച്ച് ആഭരണം തൂക്കി നോക്കാന്‍ ആവശ്യപ്പെടാം. ഒരു പവന്‍ ആഭരണം വാങ്ങാന്‍ തീരുമാനിച്ചാല്‍ തൂക്കി നോക്കുന്ന സമയം കൃത്യമായ അളവ് കിട്ടണം എന്നില്ല. നേരിയ കുറവോ കൂടുതലോ ഉണ്ടാകാം. വിലയില്‍ മാറ്റവും വരും. അതുകൊണ്ടുതന്നെ ഉപഭോക്താവിന്റെ മുന്നില്‍ വച്ച് ആഭരണം എത്രയുണ്ടെന്ന് തൂക്കി നോക്കി സുതാര്യമായ ഇടപാട് നടത്തുന്നതാകും ഉചിതം.
ബ്രാന്‍ഡഡ് ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൃത്യമായ ബില്ല് വാങ്ങണം. ബില്ലില്‍ രേഖപ്പെടുത്തിയ കാര്യങ്ങളില്‍ സംശയമുണ്ടേല്‍ ചോദിച്ച് മനസിലാക്കണം. പിന്നീട് സ്വര്‍ണം വില്‍ക്കുന്ന സമയം ബില്ല് ആവശ്യമായി വരും. അതുകൊണ്ടുതന്നെ ബില്ലിലെ കാര്യങ്ങള്‍ കൃത്യമായി അറിയുകയും ബില്ല് സൂക്ഷിച്ചുവയ്ക്കുകയുംവേണം. സ്വര്‍ണം നഷ്ടമാകുകയോ മോഷണം പോകുകയോ ചെയ്താലും ബില്ല് ഉപകാരപ്പെടും.
ഗ്രാമങ്ങളിലെ ജ്വല്ലറികളില്‍ കൃത്യമായ ബില്ല് നല്‍കാതെ വെള്ളക്കടലാസില്‍ എഴുതി നല്‍കുന്ന പതിവുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. സ്വര്‍ണം, പണിക്കൂലി, ജിഎസ്ടി എന്നിവ ഉള്‍പ്പെടെ ബില്ലില്‍ രേഖപ്പെടുത്തും. വാങ്ങിയ സ്വര്‍ണം തിരിച്ചുവില്‍ക്കുമ്പോഴുള്ള ഇടപാട് രീതി ചോദിച്ചറിയണം. പണിക്കൂലി കുറയ്ക്കാന്‍ മാന്യമായ രീതിയില്‍ വില പേശുന്നതിലും മടി വേണ്ടതില്ല. സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒന്നിലധികം ജ്വല്ലറികളില്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications