സ്വര്‍ണം വാങ്ങുന്നുണ്ടോ? ദീപാവലി പര്‍ച്ചേസിന് മാറ്റം 6560 രൂപ, ഒരു വര്‍ഷത്തിനിടെ സംഭവിച്ചത് ഇങ്ങനെ
കൊച്ചി: ദീപാവലി, തന്തേരസ് വേളയില്‍ സ്വര്‍ണവിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വില കുറഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വില്‍പ്പനയുണ്ടാകുമെന്ന് അവര്‍ പറയുന്നു. എല്ലാ ജ്വല്ലറികളിലും ദീപാവലി ആഘോഷ വില്‍പ്പന പ്രതീക്ഷിച്ച് ഒരുക്കങ്ങള്‍ നടത്തിയെന്ന് കേരള ഗോര്‍ഡ് ആന്റ് സില്‍വല്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണവില പവന് 1.32 ലക്ഷം വരെ ഉയര്‍ന്ന ശേഷം വലിയ തോതില്‍ താഴോട്ട് പോയിട്ടുണ്ട്. ആഭരണം വാങ്ങാന്‍ താല്പ്പര്യപ്പെടുന്നവര് വില കുറഞ്ഞ പുതിയ സാഹചര്യം ഉപയോഗപ്പെടുത്തും. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 102400 രൂപയും ഗ്രാമിന് 12800 രൂപയുമാണ് വില. കഴിഞ്ഞ വര്‍ഷം ദീപാവലിക്കും നവംബര്‍ മാസത്തിലുമുള്ള വിലയേക്കാള്‍ ഇന്ന് വില കൂടുതലാണെങ്കിലും വില്‍പ്പനയില്‍ കുറവ് വരില്ലെന്നാണ് വ്യാപാരികള്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ദീപാലവി ഒക്ടോബര്‍ 20നായിരുന്നു. അന്ന് ഒരു പവന് സ്വര്‍ണത്തിന് 95840 രൂപയും ഗ്രാമിന് 11980 രൂപയുമായിരുന്നു വില. അതായത്, ഇന്നത്തെ വിലയേക്കാള്‍ പവന് 6560 രൂപ കുറവായിരുന്നു അന്ന്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിലെ പവന് വില 90320 രൂപയും ഗ്രാമിന് 11290 രൂപയുമായിരുന്നു. അതായത്, ഇന്നത്തേക്കാള്‍ പവന് 12080 രൂപയുടെ മാറ്റമുണ്ട്.
സ്വര്‍ണ വില അല്‍പ്പം ഉയര്‍ന്നിട്ടുണ്ടെങ്കിലും കുത്തനെ വര്‍ധിച്ചതില്‍ നിന്ന് താഴേക്ക് ഇറങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടാകുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചത്തെ തന്തേരസ് വ്യാപാരം ഈ സീസണിലെ നിര്‍ണായക ദിനമായി മാറുമെന്ന പ്രതീക്ഷയും അബ്ദുല്‍ നാസര്‍ പങ്കുവെച്ചു.
ഉപഭോക്താക്കള്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ത് ആവശ്യത്തിനാണ് സ്വര്‍ണം വാങ്ങുന്നത് എന്നാണ്. നിക്ഷേപമായി കരുതി വാങ്ങുന്നവര്‍ 24 കാരറ്റ്, 22 കാരറ്റ് എന്നിവയില്‍ ശ്രദ്ധ പതിപ്പിക്കാം. കൂടുതല്‍ ഡിസൈന്‍ ഇല്ലാത്ത ആഭരണങ്ങള്‍ വാങ്ങിയാല്‍ പണിക്കൂലി കുറയും. അതേസമയം, ആഭരണമായി ധരിക്കാന്‍ മാത്രമാണ് സ്വര്‍ണം വാങ്ങുന്നത് എങ്കില്‍ കുറഞ്ഞ കാരറ്റിലെ സ്വര്‍ണവും വിപണിയില്‍ ലഭ്യമാണ്.
ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.11 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഡിസൈന്‍ കുറവുള്ള ആഭരണം ആണെങ്കില്‍ വില കുറയും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്കും കുറഞ്ഞ അളവിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലി അല്‍പ്പം ഉയരും. വിവാഹം ഉള്‍പ്പെടെ സുപ്രധാന പര്‍ച്ചേസുകള്‍ക്ക് വിവിധ ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളും നിരവധിയാണ്.


Click it and Unblock the Notifications
