സ്വര്‍ണവില എത്ര കൂടിയാലും പ്രശ്‌നമാക്കേണ്ട; ഇങ്ങനെ വാങ്ങൂ, ആശങ്ക വേണ്ട, സര്‍ക്കാര്‍ പിന്തുണയും
സ്വര്‍ണവില അടിക്കടി ഉയര്‍ന്ന് 82000 കടന്ന് പവന്‍ നിരക്ക് കുതിക്കുകയാണ്. ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്കെല്ലാം ആശങ്ക ഇരട്ടിയായി. എപ്പോഴാണ് ഇനി വില കുറയുക എന്നാണ് ജ്വല്ലറികളിലെത്തുന്നവര്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. സ്വര്‍ണവിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ട എന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.
കാരണം, സ്വര്‍ണത്തിന് ആവശ്യം ഏറി വരികയാണ്. വില കൂടിയിട്ടും ആവശ്യക്കാര്‍ ഏറുന്നോ എന്ന ചോദ്യം ഉയരാം. ശരിയാണ്. ആവശ്യക്കാര്‍ ദിനംപ്രതി കൂടി വരികയാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. അതുകൊണ്ടുതന്നെ വില കുറയില്ല. പകരം എങ്ങനെ ലാഭകരമായി വാങ്ങാമെന്ന് മനസിലാക്കാം...

പണപ്പെരുപ്പ പ്രതിസന്ധി നേരിടാന്‍ അമേരിക്ക പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ഇതോടെ നിക്ഷേപ വരുമാനം കുറഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ ജിഎസ്ടി കുറച്ചതോടെ പല വസ്തുക്കള്‍ക്കും വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ചെലവ് കുറയുന്നതോടെ ജനങ്ങളുടെ കൈവശം കൂടുതല്‍ പണമെത്തും. ഉല്‍സവ സീസണ്‍ വരുന്നതിനാല്‍ ഇതും സ്വര്‍ണവിപണി പ്രതീക്ഷയോടെയാണ് കാണുന്നത്.
ഭൗതികമായി സ്വര്‍ണം വാങ്ങുന്ന അളവ് വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. കാരണം ഇത് അമിത ചെലവ് വരുന്ന രീതിയാണ്. ആഭരണം വാങ്ങുന്നു എങ്കില്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൊടുക്കണം. കോയിനും ബാറും വാങ്ങുന്നവര്‍ക്കും നേരിയ അമിത ചാര്‍ജ് വരും. മാത്രമല്ല, ഇത്തരം സ്വര്‍ണം സൂക്ഷിക്കുന്നതും വെല്ലുവിളിയാണ്.
ഗോള്‍ഡ് ഇടിഎഫ്-എസ്ജിബി
ഈ വേളയില്‍ ബുദ്ധപരമായി പണം വിനിയോഗിച്ചാല്‍ നേട്ടം കൊയ്യാം. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്), സോവറിങ് ഗോള്‍ഡ് ബോണ്ട് (എസ്ജിബി) എന്നീ ഇടപാടുകള്‍ അടുത്ത കാലത്ത് വര്‍ധിച്ചു എന്നാണ് കണക്കുകള്‍. വിവിധ സ്ഥാപനങ്ങള്‍ ഗോള്‍ഡ് ഇടിഎഫ് നടത്തുന്നുണ്ട്. മ്യൂച്ചല്‍ ഫണ്ട് മാതൃകയിലാണ് ഇവയുടെ പ്രവര്‍ത്തനം. ഓഹരി വിപണിയിലെ പോലെ ഏത് സമയവും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
അതേസമയം, സോവറിങ് ഗോള്‍ഡ് ബോണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതാണ്. എട്ട് വര്‍ഷമാണ് കാലാവധി എങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വിറ്റ് പണമാക്കി മാറ്റാം. ഓരോ ആറ് മാസം കൂടുമ്പോള്‍ രണ്ടര ശതമാനം പലിശ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകും. വില്‍ക്കുമ്പോള്‍ മാര്‍ക്കറ്റ് വിലയും കിട്ടും. കാലവാധി തീര്‍ന്ന ശേഷമാണ് വില്‍ക്കുന്നത് എങ്കില്‍ ഈ തുകയ്ക്ക് മൂലധന നികുതിയുണ്ടാകില്ല. ഗോള്‍ഡ് ഇടിഎഫില്‍ മൂലധന നികുതിയുണ്ടാകും.
ആര്‍ബിഐ പിന്തുണയുള്ളതിനാല്‍ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത് എസ്ജിബി. സ്വര്‍ണം സൂക്ഷിച്ചുവയ്ക്കണം എന്ന പേടിയും വേണ്ട. ഒരു ഗ്രാം കണക്കിലാണ് വാങ്ങാന്‍ സാധിക്കുക. 24 കാരറ്റ് ഗോള്‍ഡില്‍ മാത്രമേ ഇവിടെ ഇടപാട് നടക്കൂ. എന്നാല്‍ ആര്‍ബിഐ പുതിയ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നില്ല. നേരത്തെ വാങ്ങിയവര്‍ വില്‍ക്കുമ്പോഴാണ് വാങ്ങാന്‍ അവസരം കിട്ടുക. ഇടിഎഫ്, എസ്ജിബി പോരുള്ള ഡിജിറ്റല്‍ സ്വര്‍ണ ഇടപാട് കൂടിയതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്.
Disclaimer- (സ്വര്‍ണം വാങ്ങുന്നത് പ്രേരിപ്പിക്കുന്ന ആര്‍ട്ടിക്കിള്‍ അല്ല. വിവിധ നിക്ഷേപ രീതികള്‍ പരിചയപ്പെടുത്തുക മാത്രം. ഏത് ഇടപാടും നഷ്ട-ലാഭ സാധ്യതകള്‍ മനസിലാക്കി മാത്രം നടത്തുക.)












Click it and Unblock the Notifications