സ്വര്‍ണം പറക്കുന്നു, എന്നിട്ടും ആളുകള്‍ വാങ്ങിക്കൂട്ടുന്നു; കാരണം ഇതാണ്, ഒരു ലക്ഷം കടന്ന് കുതിപ്പ്
സ്വര്‍ണവില അടിക്കടി കയറുകയാണ്. കേരളത്തില്‍ ഇന്ന് 77640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 24 കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു കുതിക്കുകയാണ്. സ്വര്‍ണക്കട്ടികളും ബാറുകളും കോയിനുകളും കൂടുതല്‍ വില്‍ക്കുന്നത് 24 കാരറ്റിലാണ്. ഏറ്റവും വില കൂടിയ പരിശുദ്ധിയിലുള്ള സ്വര്‍ണമാണിത്.
കേരളത്തില്‍ പ്രചാരണത്തിലുള്ള സ്വര്‍ണത്തിന്റെ പരിശുദ്ധികള്‍ 24, 22, 18 എന്നിവയാണ്. അടുത്ത കാലത്ത് 14, 9 കാരറ്റ് സ്വര്‍ണവും സജീവമായി വരുന്നുണ്ട്. വില കൂടിയ സാഹചര്യത്തിലാണ് പരിശുദ്ധി കുറഞ്ഞ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുന്നത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമേ വാങ്ങാന്‍ പാടുള്ളൂ. അതേസമയം, ഇത്ര വില കൂടിയിട്ടും എന്തുകൊണ്ടാണ് ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ കാരണം എന്ന് അറിയാമോ?

24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണം ലഭ്യമല്ല. ബാറുകളും കോയിനുകളുമാണ് ലഭിക്കുക. ഇതില്‍ ചെമ്പിന്റെയോ മറ്റു ലോഹങ്ങളുടെയോ അംശം ചേര്‍ക്കുമ്പോഴാണ് മറ്റു കാരറ്റുകളിലേക്ക് മാറുക. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനിടെ മാത്രം 35 ശതമാനത്തോളം വില വര്‍ധനവാണ് സ്വര്‍ണത്തിലുണ്ടായിട്ടുള്ളത്. എത്ര വില കൊടുത്ത് വാങ്ങിയാലും വില്‍ക്കുമ്പോള്‍ ലാഭം കിട്ടുമെന്ന ഉറപ്പാണ് ഇപ്പോഴും സ്വര്‍ണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
ഇത്രയും ലാഭം നിഫ്റ്റി, സെന്‍സെക്‌സ് ഓഹരി വിപണിയില്‍ നിന്ന് കിട്ടുന്നുമില്ല. 24 കാരറ്റ് പത്ത് ഗ്രാമിന് 2005ല്‍ 7700 രൂപയായിരുന്നു വില. 2010 ആയപ്പോഴേക്കും 20700 രൂപയായി. 2015ല്‍ 25000 ആയി ഉയര്‍ന്നു. 2020ല്‍ അര ലക്ഷവും 2025ല്‍ ഒരു ലക്ഷവും കടന്നു. ഇത്രയും കുതിപ്പ് നടത്തുന്ന സാഹചര്യത്തില്‍ ലാഭം കിട്ടുമെന്ന് സ്വര്‍ണം വാങ്ങുന്നവര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിലയിലും വാങ്ങാനാളുണ്ട്.
സ്വര്‍ണവില ഇനിയും കൂടുമോ?
ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തിന് പുറമെ ആഘോഷ വേളകള്‍ വരുന്നതിനാല്‍ സ്വര്‍ണത്തിന് കൂടുതല്‍ ആവശ്യക്കാരെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യക്കാര്‍ കൂടുമ്പോള്‍ ഏത് വസ്തുവിനും എന്ന പോലെ സ്വര്‍ണത്തിനും വില കൂടും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ താരിഫ് പോര്, ബാങ്കുകള്‍ പലിശ കുറയ്ക്കാന്‍ പോകുന്നു എന്ന അഭ്യൂഹം, വഷളായി വരുന്ന രാഷ്ട്രീയ സാഹചര്യം, ഇന്ത്യന്‍ രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നത്... ഇതെല്ലാം സ്വര്‍ണവില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. വിപണിയില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉരുത്തിരിയുകയും കൂടുതല്‍ സജീവത അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് സ്വര്‍ണത്തില്‍ നിന്ന് വിട്ട് മറ്റു നിക്ഷേപത്തിലേക്ക് ആളുകള്‍ തിരിയുക. അങ്ങനെയുള്ള വിപണി സാഹചര്യം ഇപ്പോഴില്ല.
വിപണി സാഹചര്യം നിലവിലുള്ളത് പോലെ തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടുമെന്ന് ഓഗ്മോണ്ട് ഗവേഷണ വിഭാഗം മേധാവി റെനിഷ ചൈനാനി പറയുന്നു. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3700ലേക്കും ഇന്ത്യയിലെ വില 1.10 ലക്ഷത്തിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സ്വര്‍ണവില ഇനിയും ഉയരുമെന്ന് പറയുന്നു. സിറ്റി ബാങ്ക് മാത്രമാണ് വൈകാതെ വില കുറഞ്ഞേക്കുമെന്ന് പ്രവചിക്കുന്നത്.
(Disclaimer - ഈ ആര്‍ട്ടിക്കിള്‍ നിലവിലുള്ള വിപണി സാഹചര്യം വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഏത് ഇടപാടും വ്യക്തികള്‍ അവരുടെ റിസ്‌കില്‍ മാത്രം ചെയ്യേണ്ടതാണ്.)












Click it and Unblock the Notifications