സ്വര്‍ണം വന്‍ വിലക്കുറവില്‍ കിട്ടും; പവന് 24000 രൂപ വരെ കുറവ്, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു
കൊച്ചി: സമീപകാലത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ രീതിയില്‍ വില കുതിച്ചപ്പോള്‍ വിപണിയില്‍ മറ്റു ചില മാറ്റങ്ങള്‍ സംഭവിച്ചു. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പ്രിയമേറി. വിലയില്‍ വന്‍ ലാഭമുണ്ടെന്നതാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ ഇത്രയും കാലം ഈ കാരറ്റിലുള്ള ആഭരണങ്ങളോട് ജനങ്ങള്‍ മടിക്കാന്‍ കാരണവുമുണ്ട്.
കേരളത്തില്‍ സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞുവരികയായിരുന്നു. നേരിയ തോതിലാണ് കുറഞ്ഞിരുന്നത്. എങ്കിലും വില 65000ത്തില്‍ തന്നെ നില്‍ക്കുന്നു. ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 70000 രൂപ വരെ ഒരു പവന് ചെലവ് വരും. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ മറ്റുവഴി തേടിയത്.

നാല് പരിശുദ്ധിയിലുള്ള ആഭരണങ്ങളാണ് വിപണിയില്‍ സജീവമായിട്ടുള്ളത്. 24, 22, 18, 14 എന്നിവയാണവ. 24 കാരറ്റ് സമ്പൂര്‍ണമായും സ്വര്‍ണമാണ്. എന്നാല്‍ 22 കാരറ്റില്‍ 9 ശതമാനത്തോളം ചെമ്പിന്റെ അംശമുണ്ടാകും. 25 ശതമാനം ചെമ്പിന്റെയും സിങ്കിന്റെയും അംശമാണ് 18 കാരറ്റിലുണ്ടാകുക. 42 ശതമാനം ചെമ്പാണ് 14 കാരറ്റിലുള്ളത്.
സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവര്‍ 24 കാരറ്റിലാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. വില്‍ക്കുന്ന വേളയില്‍ നഷ്ടമുണ്ടാകില്ല. ആഭരണമായും നിക്ഷേപമായും കാണുന്നവര്‍ 22 കാരറ്റ് ആഭരണങ്ങള്‍ വാങ്ങും. അലങ്കാരത്തിനൊപ്പം ആവശ്യം വന്നാല്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യാം. വില്‍ക്കുമ്പോള്‍ ചുരുങ്ങിയത് 7000 രൂപ വരെ നഷ്ടമുണ്ടാകുമെന്നത് ഓര്‍ക്കണം. 18, 14 കാരറ്റുകളിലുള്ളത് സാധാരണ ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങളാണ്.
വിവിധ കാരറ്റലുള്ള സ്വര്‍ണ വില
18, 14 കാരറ്റിലെ ആഭരണങ്ങള്‍ ബാങ്കുകളില്‍ പണയം വയ്ക്കാന്‍ സാധിക്കില്ല എന്നതാണ് വെല്ലുവിളി. മാത്രമല്ല, പണിക്കൂലി അല്‍പ്പം കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ കാരറ്റിലുള്ള ആഭരണങ്ങളിലേക്ക് മലയാളി അത്ര അടുത്തിരുന്നില്ല. എന്നാല്‍ സമീപകാലത്ത് സ്വര്‍ണ വില കൂടിയതോടെ ഈ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം ഡിമാന്റ് വര്‍ധിച്ചു.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9000 രൂപയോളം വരും. വ്യാപാരം തുടരുന്ന ഓരോ നിമിഷവും ഈ സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ 22 കാരറ്റിലുള്ള സ്വര്‍ണം ഗ്രാമിന് 8185 രൂപയാണ് വില. 18 കാരറ്റിലുള്ള സ്വര്‍ണത്തിന് 6715 രൂപയും. 14 കാരറ്റിലേത് 5200 രൂപയാണ് വില. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 41600 രൂപ മാത്രമേ ചെലവ് വരൂ. 22 കാരറ്റിലുള്ള സ്വര്‍ണം പവന് 65480 രൂപ വരും. അതായത്, 23880 രൂപ കൂടുതല്‍.
14 കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് നിലവില്‍ ഹാള്‍മാര്‍ക്കിങ് നടക്കുന്നില്ല. എന്നാല്‍ ഡിമാന്റ് വര്‍ധിച്ച സാഹചര്യത്തില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 22 കാരറ്റിന് പകരം 14 കാരറ്റ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 3000 രൂപയുടെ കുറവാണ് വരുന്നത്. ആഭരണം എന്ന നിലയില്‍ മാത്രം കാണുന്നവര്‍ക്ക് ഇതാണ് നല്ലതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുന്നത്.
വില കൂടി വരുന്ന സാഹചര്യത്തില്‍ വരുംകാലങ്ങളില്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നതിന് ഈടായി ചെറിയ കാരറ്റിലുള്ള ആഭരണങ്ങളും എടുത്തേക്കും. ടൈറ്റന്‍ ഗ്രൂപ്പ് മിയ എന്ന ബ്രാന്റ് തന്നെ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന് വേണ്ടി ഇറക്കിയിട്ടുണ്ട്. ഇനിയുള്ള കാലം ഇതിന് കൂടുതല്‍ ആവശ്യക്കാര്‍ വരുമെന്നും അവര്‍ കരുതുന്നു. പ്രമുഖ ജ്വല്ലറികളെല്ലാം 14, 18 കാരറ്റിലുള്ള പുതിയ മോഡല്‍ ആഭരണങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ തന്നെ തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications