സ്വര്‍ണവില വീണ്ടും താഴ്ന്നു; ഇന്ന് 2 തവണ വില കുറഞ്ഞു, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, പുതിയ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് രാവിലെ വില കുറഞ്ഞ പിന്നാലെ ഉച്ചയ്ക്കും വില താഴ്ന്നു. രാജ്യാന്തര വിപണിയിലും വില കുറയുകയാണ്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലും വില താഴുന്നത്. വില കുറഞ്ഞു വരുന്നത് സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ വരുംദിവസങ്ങളിലെ വില പ്രവചനാതീതമാണ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കയറിയിരുന്നു. അതാണ് ഇന്നലെ രണ്ടായിരം രൂപയില്‍ അധികം കേരളത്തില്‍ ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. 4200 ഡോളര്‍ പിന്നിട്ട സ്വര്‍ണ വില 4175 ഡോളറിലേക്ക് താഴ്ന്നു. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ സ്വര്‍ണം വിറ്റഴിക്കല്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നു.

അമേരിക്കയിലെ വിപണിയില്‍ പ്രതീക്ഷ നല്‍കുന്ന ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ ഓഹരി വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വര്‍ണം വിറ്റഴിക്കുന്നത്. കൈവശമുള്ള സ്വര്‍ണം അതിവേഗം വിറ്റഴിച്ച് ലാഭം കൊയ്യുകയാണ് നിക്ഷേപകര്‍. ഈ നീക്കം തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കുറയും.
വില കുറയുന്ന വേളയില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ചെയ്യേണ്ടത് ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുക എന്നതാണ്. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ രണ്ട് നേട്ടമാണുള്ളത്. ബുക്ക് ചെയ്യുന്ന സമയത്തെ വില, വാങ്ങുന്ന സമയത്തെ വില എന്നിവയില്‍ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം ലഭിക്കും. മാത്രമല്ല, പണിക്കൂലിയിലും ഇളവ് കിട്ടിയേക്കും.
ഇന്ന് രാവിലെ കേരളത്തില്‍ ഒരു പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതോടെ പവന്‍ വില 93760 രൂപയായി. എന്നാല്‍ ഉച്ചയ്ക്ക് വീണ്ടും 600 രൂപ കുറഞ്ഞ് 93160 രൂപയായി. അതായത്, ഇന്ന് രണ്ടു തവണയായി 1200 രൂപയോളമാണ് വില കുറഞ്ഞത്. സമാനമായ വിലക്കുറവ് സ്വര്‍ണത്തിന്റെ എല്ലാ കാരറ്റുകളിലും ലഭിക്കും. അക്കാര്യം കൂടി വിശദമാക്കാം.
ഇന്നത്തെ സ്വര്‍ണം ഗ്രാം വില
22 കാരറ്റ് 11645 രൂപ
18 കാരറ്റ് 9580 രൂപ
14 കാരറ്റ് 7460 രൂപ
9 കാരറ്റ് 4815 രൂപ
വെള്ളിയുടെ ഗ്രാം വില 172 രൂപ
നേരത്തെ വിവാഹ ആവശ്യങ്ങള്‍ക്ക് 50 പവന്‍ വരെ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 10 പവനിലേക്ക് താഴ്ന്നിട്ടുണ്ട്. മിക്കവരും പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ്. ചിലര്‍ നേരത്തെ വാങ്ങിവച്ച കോയിനുകള്‍ ആഭരണമാക്കി മാറ്റുന്നു. സ്വര്‍ണാഭരണങ്ങളുടെ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും സ്വര്‍ണത്തിന്റെ മൊത്തം ആവശ്യക്കര്‍ വര്‍ധിക്കുകയാണ് ചെയ്തത്. ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് എന്നിവയിലാണ് വ്യാപാരം കൂടുതല്‍.












Click it and Unblock the Notifications