സ്വർണം ഇതെന്ത് കുതിപ്പാണ്: ഇന്നും റെക്കോർഡില്‍, ഒരു പവന്‍ ആഭരണത്തിന് എത്ര നല്‍കണം എന്ന് അറിയുമോ
സംസ്ഥാനത്ത് സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 14 നായിരുന്നു സ്വർണ വില ആദ്യമായി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയത്. ഒരു പവന് സ്വർണത്തിന് 45,320 രൂപയായിരുന്നു അന്നത്തെ നിരക്ക്. പിന്നീട് സ്വർണ വില പലപ്പോഴായി ഉയരുകയും താഴുകയും ചെയ്തെങ്കിലും റെക്കോർഡ് നിരക്ക് ഭേദിക്കാന്‍ സാധിച്ചിരുന്നില്ല.
അടുത്ത ഏതാനും ദിവസങ്ങളില്‍ സ്വർണ വില സ്ഥിരത കൈവരിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വില പുതിയ റെക്കോർഡ് ഭേദിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വർധിച്ചത്....

ഇന്നത്തെ റെക്കോർഡ് വില
ഇന്ന് ഇപ്പോഴിതാ സ്വർണ വില വീണ്ടും റെക്കോർഡ് തിരിത്തുക്കുറിച്ചിരിക്കുകയാണ്. 45600 രൂപയെന്ന സർവ്വകാല റെക്കോർഡാണ് ഇന്ന് തിരുത്തിക്കുറിച്ചത്. ഇന്ന് ഒരു പവന് സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 45760 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്റെ വില.
സ്വർണത്തിന്റെ കഴിഞ്ഞ മൂന്ന് ദിവസമായി ആയിരത്തിലധിക്കം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 44560 രൂപ എന്ന നിരക്കിലായിരുന്നു മെയ് ഒന്ന്, രണ്ട് തീയതികളില്‍ സ്വർണ വില്‍പ്പന നടന്നത്. അമേരിക്കയിലെ ബാങ്ക് പ്രതിസന്ധിയും അതിന് പിന്നാലെ ഉണ്ടായ സാമ്പത്തിക പ്രതസന്ധി ഭീഷണികളുമാണ് സ്വർണ വിലയില്‍ വർധനവ് ഉണ്ടാക്കാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങള്‍.

രാജ്യാന്തര വിപണയിൽ ട്രോയ് ഔൺസിന് 2049 ഡോളറിലേക്ക് വില ഉയർന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും ഉയർന്ന നിരക്ക് രേഖപ്പെടുത്താൻ കാരണം. സാമ്പത്തിക പ്രതിസന്ധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ യു എസ് ഫെഡ് നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ചതോടെയാണ് അന്താരാഷ്ട്ര വിപണയില്‍ സ്വർണത്തിന്റെ പെട്ടെന്നുള്ള കുതിപ്പിന് ഇടയാക്കിയത്.
വില വർധനവിന്റെ കാരണങ്ങള്‍
അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധനയെ തുടർന്ന് മാന്ദ്യഭയം ശക്തമായതും, ബോണ്ട് യീൽഡിലെ തിരുത്തലും ഇന്നലെ സ്വർണ വില വർധിക്കാന്‍ ഇടയാക്കി. നിലിവിലെ സാഹചര്യത്തില്‍ സ്വർണ വില വീണ്ടും വർധിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ സ്വർണ വില ഉടന്‍ തന്നെ പവന് 46000 എന്ന നിരക്കിലേക്ക് എത്തിയേക്കും.
സ്വർണ വില ഉയർന്നത് സാധാരണക്കാരനെ സംബന്ധിച്ച് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. വിവാഹത്തിനും മറ്റും സ്വർണം വാങ്ങേണ്ടവർക്ക് ഇപ്പോള്‍ ചരിത്ര വിലയാണ് നല്‍കേണ്ടി വരുന്നത്. നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ അമ്പതിനായിരിത്തോളം രൂപയാണ് നല്‍കേണ്ടി വരുന്നത്. പണിക്കൂലിയും ജി എസ് ടിയുമാണ് ആഭരണം വാങ്ങുമ്പോഴുള്ള വില വർധനവിന് ഇടയാക്കുന്നത്.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടി യും എച്ച് യു ഐ ഡി ചാർജും (45 രൂപ) അടക്കം പവന്‍ വിലയേക്കാള്‍ അധികമായി നല്‍കേണ്ടി വരും. പണിക്കൂലി ഏഴ് ശതമാനമാണെങ്കിൽ വില വീണ്ടും ഉയരും. ഡിസൈനിന് അനുസരിച്ച് പണിക്കൂലി മാറിക്കൊണ്ടിരിക്കും. അതായത്, 10 പവൻ ആഭരണം വാങ്ങണമെങ്കിൽ അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കേണ്ടി വരും.
വെള്ളി വില
സംസ്ഥാനത്ത് സ്വർണ വിലയില്‍ മാത്രമല്ല വെള്ളി വിലയിലും വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 81 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 654.40 രൂപയും 10 ഗ്രാമിന് 818 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 81,800 രൂപയാണ് വില. അന്താരാഷ്ട്ര വിപണയില്‍ ഡിമാന്‍ഡ് വർധിച്ചതാണ് വെള്ളിയുടെ വില വർധനവിന് ഇടയാക്കിയിരിക്കുന്നത്.












Click it and Unblock the Notifications