കേരളത്തിലേക്ക് സ്വര്‍ണം ഒഴുകും; അവസരം മുതലെടുക്കാം... ലാഭം കൊയ്യാന്‍ സര്‍ക്കാരും
കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നവരില്‍ പ്രധാനികളാണ് ഇന്ത്യക്കാര്‍. സ്വര്‍ണം തൊടാതെ ഒരു ആഘോഷവും ഇന്ത്യക്കാര്‍ക്കില്ല. മലയാളികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വിവാഹം, ജനനം എന്നിവയ്ക്ക് പുറമെ ആഘോഷദിനങ്ങളോട് അനുബന്ധിച്ചെല്ലാം മലയാളികള്‍ സ്വര്‍ണം വാങ്ങും. മുമ്പ് വാങ്ങിയതുമായി താരതമ്യം ചെയ്യുമ്പോള്‍ തോത് കുറഞ്ഞു എന്ന് മാത്രം.
സ്വര്‍ണമോഹികളെ ആകെ കുഴക്കിയത് അടിക്കടിയുള്ള വില വര്‍ധനവാണ്. ഇന്നത്തെ സ്വര്‍ണവില പവന് 44680 രൂപയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണം. ഇത്രയും വില കൂടിയതോടെയാണ് വാങ്ങുന്ന അളവില്‍ കുറവ് സംഭവിച്ചത്. എങ്കിലും സ്വര്‍ണം വിട്ട് കളിക്കാന്‍ മലയാളി തയ്യാറായിട്ടില്ല. അതിനിടെയാണ് പുതിയ ചില വിവരങ്ങള്‍...

യുഎഇയുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര്യ വ്യാപാര കരാര്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഈ കരാര്‍ നിലവില്‍ വന്നത്. കരാറിന്റെ ഭാഗമായുള്ള കയറ്റുമതി-ഇറക്കുമതിക്ക് ചില ഇളവുകളുണ്ടാകും. നികുതിയിലും മറ്റും ഇളവ് നല്‍കി വ്യാപാര ബന്ധം ശക്തമാക്കുകയാണ് കരാര്‍ കൊണ്ടുദ്ദേശിക്കുന്നത്. കരാറിനെ ചുരുക്കി സെപ എന്നാണ് പറയുക.
സെപ കരാര്‍ പ്രകാരം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാം. എന്നാല്‍ കടുത്ത നിബന്ധന കാരണം ഈ കരാറിന്റെ ഗുണം ലഭിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് 12.5 ശതമാനമാണ് നികുതി. കൂടാതെ കാര്‍ഷിക വികസന സെസ് 2.5 ശതമാനവും. അതായത് മൊത്തം 15 ശതമാനം നികുതി നല്‍കണം.
യുഎഇയുമായുള്ള സെപ കരാര്‍ പ്രകാരം നികുതിയില്‍ ഇളവുണ്ട്. ഒരു ശതമാനം നികുതി കുറച്ച് നല്‍കിയാല്‍ മതിയാകും. അതായത് 14 ശതമാനമാണ് യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമ്പോള്‍ നികുതി നല്‍കേണ്ടത്. പക്ഷേ, ഈ നികുതി ഇളവിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിച്ചിരുന്നില്ല. അതിന് കാരണം ചില നിബന്ധനകളാണ്. ഈ നിബന്ധനകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
25 കോടി രൂപയ്ക്ക് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള വന്‍കിടക്കാര്‍ക്ക് മാത്രമാണ് നേരത്തെ ഇളവ് നല്‍കിയിരുന്നത്. അതുകൊണ്ടുന്നെ യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കാന്‍ പറ്റിയിരുന്നത് 78 വന്‍കിടക്കാര്‍ക്ക് മാത്രമാണ്. ഈ കരാറിന്റെ പോരായ്മ ജ്വല്ലറി രംഗത്തെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇളവ് നല്‍കിയിരിക്കുന്നത്.
78 കമ്പനികള്‍ മാത്രമുണ്ടായിരുന്ന ഇറക്കുമതി പട്ടിക കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇനി പുതിയ അപേക്ഷ സമര്‍പ്പിക്കാം. 40 ലക്ഷം വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഒട്ടേറെ ജ്വല്ലറികള്‍ക്ക് യുഎഇയില്‍ നിന്ന് നികുതി ഇളവോടെ നേരിട്ട് സ്വര്‍ണം ഇറക്കാന്‍ പറ്റും. ഇത് കേരളത്തിലേക്ക് സ്വര്‍ണം വന്‍തോതില്‍ എത്താന്‍ അവസരമൊരുക്കും.
ജിഎസ്ടി രജിസ്‌ട്രേഷനുള്ളവരില്‍ നിന്നാണ് ഇനി അപേക്ഷ സ്വീകരിക്കുക. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ നേരിട്ട് സാധിക്കുന്ന സാഹചര്യം വന്നാല്‍ ജ്വല്ലറിക്കാര്‍ പാഴാക്കില്ല. തീരെ ചെറിയ ജ്വല്ലറിക്കാരല്ലാത്തവര്‍ക്കെല്ലാം പുതിയ തീരുമാനത്തിന്റെ ഗുണം കിട്ടും. നികുതി ഇളവില്‍ സ്വര്‍ണം ലഭിക്കുന്നതോടെ വിലക്കുറവിനും സാധ്യത ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍തോതില്‍ ഇറക്കുമതി നടന്നാല്‍ സര്‍ക്കാരിന് നികുതി ലാഭവും കൊയ്യാം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 120 ടണ്‍ സ്വര്‍ണം യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷേ, ഇറക്കുമതി ചെയ്തത് 10ല്‍ താഴെ ടണ്‍ മാത്രമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 140 ടണ്‍ സ്വര്‍ണം ഇറക്കാന്‍ അനുമതിയുണ്ട്. കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നതോടെ ഇതിന്റെ പ്രയോജനം കിട്ടും. ഇത്തരത്തില്‍ സ്വര്‍ണം ലഭിച്ചാല്‍ ആഭരണ കയറ്റുമതിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications