സ്വര്‍ണം തിരിച്ചുവരുന്നു; ഇന്ന് വിലയില്‍ വന്‍ വര്‍ധന, ആശ്വാസം തീര്‍ന്നു, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. കഴിഞ്ഞ കുറേ ദിവസങ്ങളായി വില താഴ്ന്നുവന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറുകയാണ്. വിപണിയിലെ സാഹചര്യം മാറുന്നു എന്നാണ് പുതിയ വിവരം. അമേരിക്ക സ്വീകരിക്കുന്ന പുതിയ നയങ്ങള്‍ വിപണിയുടെ താളം തെറ്റിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു വരികയാണ്. ഡോളര്‍ വലിയ മുന്നേറ്റം നടത്തുന്നില്ല. ഇന്ത്യന്‍ രൂപ മൂല്യമിടിയാതെ പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ശ്രമം നടത്തുന്നുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരങ്ങള്‍ വരുന്നതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നു. കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം...

22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 115 രൂപ വര്‍ധിച്ച് 11515 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 920 രൂപ ഉയര്‍ന്ന് 92120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9470 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7380 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4760 രൂപയായി. വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് ഇന്ന് മാറ്റമില്ല. ഗ്രാമിന് 165 രൂപയില്‍ തുടരുകയാണ്.
ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 86560 രൂപയായിരുന്നു. പിന്നീട് 10800 രൂപ വര്‍ധിച്ച് 97360 രൂപ വരെ ഉയര്‍ന്നു. പിന്നീട് വലിയ ഇടിവ് സംഭവിച്ചത് ഉപഭോക്താക്കളില്‍ അമ്പരപ്പുണ്ടാക്കി. 91200 രൂപ വരെ കുറഞ്ഞിരുന്നു. അതിനിടെയാണ് ഇന്ന് 920 രൂപ വര്‍ധിച്ചത്. ഇനിയും ഉയരുമോ എന്ന സംശയം ചില വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.
വിപണിയിലെ മാറ്റങ്ങള്‍ ഇങ്ങനെ
രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4112 ഡോളറാണ്. ഡോളര്‍ സൂചിക 98.94 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.82 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറിന് അടുത്തെത്തി. ഡോളര്‍ മൂല്യം ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും. ഇന്ത്യന്‍ രൂപ ശക്തിപ്പെട്ടാലും സ്വര്‍ണവില കുറയും.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് വന്നത്. ഇത് സ്വര്‍ണവില കുതിക്കാന്‍ കാരണമായി. മാത്രമല്ല, അമേരിക്കന്‍ സാമ്പത്തിക രംഗം ഭദ്രമല്ല എന്ന തോന്നല്‍ നിക്ഷേപകര്‍ക്കുണ്ട്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന നയങ്ങള്‍ നിക്ഷേപകരെ ആശങ്കയിലാക്കുന്നു. സ്ഥിരതയില്ലാത്ത ട്രംപിന്റെ പ്രസ്താവന വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാണ്.
റഷ്യക്കെതിരായ അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമാണ് വിപണിയിലെ പുതിയ വെല്ലുവിളി. ഇന്ത്യയുമായും ചൈനയുമായുമുള്ള വ്യാപാര തര്‍ക്കത്തില്‍ പരിഹാരമുണ്ടാകുമെന്ന തോന്നലുണ്ടാക്കിയത് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ റഷ്യയുമായുള്ള ഉടക്ക് പുതിയ പ്രതിസന്ധിയാണ്. ഇന്ത്യയും ചൈനയും റഷ്യയുടെ എണ്ണ വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.












Click it and Unblock the Notifications