ട്രംപ് വീണു; സ്വര്‍ണം കത്തിക്കയറി, ഉച്ചയ്ക്ക് സ്വര്‍ണവില കുതിച്ചു, ഇനിയും വില കൂടുമെന്ന് സൂചന
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് വന്‍ കുതിപ്പ്. 2000 രൂപയില്‍ അധികം വില വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് ട്രെന്‍ഡ്. പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാകും നല്ലത്. അതേസമയം, പഴയ സ്വര്‍ണം വിറ്റ് പണമാക്കുന്നവര്‍ വര്‍ധിച്ചാല്‍ സ്വര്‍ണവില തിരിച്ചിറങ്ങിയേക്കാം.
കഴിഞ്ഞാഴ്ച സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആഴ്ച നേരിയ മുന്നേറ്റമാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 800 രൂപയില്‍ അധികം ഉയര്‍ന്ന പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് 2120 രൂപ വര്‍ധിച്ചത്. ഗ്രാമിന് 265 രൂപയാണ് ഉച്ചയ്ക്ക് കൂടിയത്. ആഗോള വിപണിയില്‍ സ്വര്‍ണവില 4000 ഡോളര്‍ കടന്ന് മുന്നേറി. ഇതേ ട്രെന്‍ഡ് തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 1.11 ലക്ഷം രൂപയായിരുന്നു. ഇതില്‍ നിന്ന് 1.02 ലക്ഷത്തിന് താഴേക്ക് വന്നു. ഈ വേളയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ ആശ്വാസമാകും. കാരണം ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 104720 രൂപയാണ്. ഒരു ഗ്രാമിന് 13090 രൂപയുമായി. ഇനി സ്വര്‍ണവിലയില്‍ എന്തുമാറ്റത്തിനാണ് സാധ്യത എന്നാണ് പലരുടെയും സംശയം. ഇതിന് സ്വര്‍ണ വ്യാപാരികള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്...
അമേരിക്കയിലെ തിരഞ്ഞെടുപ്പില്‍ ട്രംപിനുണ്ടായ തിരിച്ചടിയുടെ ഫലമാണ് വിപണിയില്‍ കാണുന്നത്. ഇന്ന് രാവിലെ ആഗോള സ്വര്‍ണവില 3937 ഡോളറിലായിരുന്നു. ഇപ്പോള്‍ അത് 4030ലേക്ക് എത്തി. ഇടയ്ക്ക് അല്‍പ്പം താഴ്ന്ന ശേഷമാണ് വീണ്ടും കയറിയത്. സ്വര്‍ണവില കൂടുന്ന വേളയില്‍ നിക്ഷേപകര്‍ വിറ്റ് പണമാക്കാന്‍ ശ്രമിച്ചതാണ് ഇടയ്ക്ക് വില കുറയാന്‍ കാരണം.
ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഡോളര്‍ ദൂര്‍ബലമാകുന്നു എന്ന വിവരമാണ് വിപണിയില്‍ നിന്നുള്ളത്. ഇത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്. അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വവും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇനി ട്രംപിന് തടസങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ ട്രംപിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ പ്രയാസം നേരിടും. ഇതെല്ലാം സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം, ലാഭമെടുപ്പ് ശക്തിപ്പെട്ടാല്‍ സ്വര്‍ണവില 4000 ഡോളറിന് താഴേക്ക് എത്തിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലും സ്വര്‍ണവില കുറയാം. എന്നാല്‍ മറിച്ചുള്ള സാഹചര്യത്തിനാണ് സാധ്യത കൂടുതല്‍. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. വില കൂടുന്ന വേളയില്‍ വിറ്റാന്‍ കൂടുതല്‍ ലാഭം കൊയ്യാം.


Click it and Unblock the Notifications
